Skip to main content

കവിതയും കാലവും: "സാക്ഷ്യങ്ങൾ" വായിക്കുമ്പോൾ

 കവിതയും കാലവും:

"സാക്ഷ്യങ്ങൾ"  വായിക്കുമ്പോൾ ..

- ഡോ.കെ.വി.സജീവൻ


        







            കാലത്തെ ചൂഴ്ന്നു നിൽക്കുന്ന ഇരുട്ടിനെ  കുത്തിക്കീറി വെളിച്ചത്തിൻ്റെ പൊട്ട് വെളിപ്പെടുത്താനാണ് എക്കാലവും പുരോഗമന പക്ഷത്തുള്ള എഴുത്തുകാർ ശ്രമിച്ചിട്ടുള്ളത്.ജീവിതത്തോടും കാലത്തോടും ചരിത്രത്തോടും അവർക്കുള്ള പ്രതിബദ്ധതയാണ് ഈ ഇരുട്ടു പൊട്ടിക്കലിൻ്റെ പ്രചോദന കേന്ദ്രം.സി.എം.വിനയചന്ദ്രൻ്റെ "സാക്ഷ്യങ്ങൾ " എന്ന കവിതാ സമാഹാരം ഇരുട്ടിനെയും വെളിച്ചത്തേയും മുഖാമുഖം നിർത്തിയുള്ള ആലോചനകളായി മാറുന്നുണ്ട്. ജീവിതത്തെ ആകപ്പാടെ മുക്കിക്കളയുന്ന ഇരുട്ടിൻ്റെ പ്രത്യയശാസ്ത്രങ്ങളും അധികാര സ്വരൂപങ്ങളും സാമൂഹ്യ മണ്ഡലത്തെ ഗ്രസിച്ചു കഴിഞ്ഞ ഈ കാലത്ത് കവിക്കു മുന്നിൽ കുറുക്കുവഴികളില്ല. വിധ്വംസകതയുടെ വിളകൾ തെഴുക്കുന്ന ലോകത്ത് പ്രതിരോധത്തിൻ്റെ വിഷം തീനിയാകാതിരിക്കാൻ കവികൾക്കാവില്ല. കവിതേ എന്ന കവിതയിൽ വിനയചന്ദ്രൻ എഴുതുന്നു:

വിരിഞ്ഞില്ല പൂക്കളെങ്ങും /നിറഞ്ഞില്ല വെളിച്ചവും /ഇരുളിൽ കനിവും കാത്ത് /

ഇഴയുന്നുണ്ട് മാനുഷർ /അവർക്ക് മുന്നിലേക്കൊരു /കൈ നീട്ടാൻ കഴിഞ്ഞെങ്കിൽ /കവിതേ, നീയുമീ ഞാനും/

കനലായെന്നും ജ്വലിച്ചിടും. 


            ജ്വലനത്തിൻ്റെ സാധ്യതയെ നിരന്തരം ബലപ്പെടുത്തുന്ന കവിതകളാണ് വിനയചന്ദ്രൻ എഴുതുന്നത്.തിരി കെടാത്തൊരു / മൺചെരാതുണ്ടെനി /ക്കുള്ളിലാരെയും ചേർത്തുനിർത്തിടാൻ (യുഗപ്പിറവി ) എന്ന കരുതലിലും വെളിച്ചത്തിൻ്റെ സാധ്യത തന്നെയാണ് ഉറപ്പിക്കുന്നത്.


        പുതുകാല കവിതകളിലെ തീവ്ര കാല്പനികതയുടെ ദുരൂഹമായ ആവിഷ്കാര പദ്ധതികളിലൊന്നും  ഈ  കവി ഒട്ടും അഭിരമിക്കുന്നില്ല. ചില സാമൂഹ്യ യാഥാർത്ഥ്യങ്ങളുടെ നേർക്കുള്ള പ്രതികരണങ്ങളായി കവിത അതിൻ്റെ ജീവിതം അർഥപൂർണ്ണമാക്കുന്നു. എതിര്, മുറിവ് ,ഉത്സവം, കടം - കഥ,ചൂണ്ടൽ, പുതുപ്പിറവി, പാലപ്പാട്ട്, ജാഗ്രത, ഓണം വരുമ്പോൾ, സത്യാനന്തര കവിതകൾ, മിന്നൽ കവിതകൾ, പ്രളയാനന്തരം എന്നീ കവിതകളിലെല്ലാം പ്രതി ബോധത്തിൻ്റെ മുഴക്കമുണ്ട്.നിലനിൽക്കുന്ന അവസ്ഥ യോടുള്ള പ്രതികരണങ്ങൾ. ഒറ്റപ്പെട്ട തുരുത്തുകളിലേക്ക് തെന്നി മാഞ്ഞു പോകാൻ സാധ്യതയുള്ള മനുഷ്യനെ സഹജീവി സ്നേഹത്തിൻ്റെ രാഷ്ട്രീയം കൊണ്ട് ഈ കവിതകൾ ചേർത്തുനിർത്തുന്നു .അതിരില്ലാത്ത സ്നേഹത്തിൻ്റെ പൂക്കൾ കൊണ്ട് പുതിയ യുഗത്തെ വരവേല്ക്കുന്ന കവിത എല്ലാ ഭ്രാന്തൻ മത്സരങ്ങളേയും നിരാകരിക്കുന്നു. മാറ്റി നിർത്താൻ നിർമ്മിക്കുന്ന മതിലുകൾ പൊളിച്ച് കവിത മനുഷ്യനെ ചേർത്ത് നിർത്തുന്നു. ആ ചേർത്തു നിർത്തലാണ് വിനയചന്ദ്രൻ്റെ കവിതയുടെ  രാഷ്ട്രീയമെന്ന് കരുതുന്നു. മറവിപ്പൂക്കൾ / വിരിയുന്നൊരീ / ഉദ്യാനത്തിന്നരികിൽ / ഉണങ്ങാറായി ന്നു / ഞാൻ കിടക്കുന്നു/ കൈ പിടിക്കുക / കാറ്റിൻ ഊഞ്ഞാലിലാടിക്കൊണ്ടു / കാലത്തിൻ കനൽ തൊട്ടു / നടക്കാം വരൂ വേഗം (കടം - കഥ ) എന്ന് സിരകളിൽ കെടാത്ത ജീവോൻമേഷവുമായി കവിത നമ്മെ വിളിക്കുന്നുണ്ട്. ഒടുങ്ങാത്ത പ്രതീക്ഷകളുമായി പുതിയ കാലത്തെ (ലോകത്തെയും) ആത്മവിശ്വാസത്തോടെ സമീപിക്കുന്ന പ്രവൃത്തി മണ്ഡലമാണ് ഈ കവിതകളുടെ ഹൃദയം.



                                                            സി എം വിനയചന്ദ്രന്‍ 


                സാക്ഷ്യങ്ങളിലെ കവിതകളിലൂടെ സഞ്ചരിക്കുമ്പോൾ നാം മാനവികതയുടെ സർഗ്ഗാത്മകതയെ സ്പർശിച്ചു കൊണ്ടാണ് മുന്നോട്ട് പോകുന്നത്. പുതുകാല കവിതയിലെ  പ്രത്യാശാഭരിതമായ ഒരേടായിട്ട് ഇതിനെ വീക്ഷിക്കാം. വെളിച്ചത്തിൻ്റെ വെളിച്ചം അറിയാൻ നാം എത്ര കാതം നടക്കണമെന്ന വിചാരം ജീവനമെന്ന കവിതയിലുണ്ട്. ജീവിതത്തിൻ്റെ നാൾവഴിവിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ ശോകം, കണ്ണീർ ,മണ്ണടർന്ന ചുമരുകൾ, നീണ്ടു വരണ്ട തുരുത്തുകൾ, നഗ്നപാദങ്ങൾ ഇങ്ങനെ യാതനയുടെ വഴിക്കണക്കാണ് തെളിഞ്ഞു വരിക. അപ്പോഴും നേരിൻ്റെ വെളിച്ചം ഉള്ളിൽ പൂത്തുനിൽക്കുന്നതിൻ്റെ ആത്മവിശ്വാസത്തിൽ കവിത മുന്നോട്ട് പോകും. നാളെ നിന്നിലൂടെ / ഈയിരുണ്ട ലോകം/ നീളെ മഴവില്ലിൻ / വർണ്ണരാജി തീർക്കും ( വെളിച്ചത്തിലേക്ക് ) എന്നത് മനുഷ്യനിലുള്ള വിശ്വാസത്തിൻ്റെ വെളിച്ചമാണ്.


            ആധുനികാനന്തര മലയാളകവിത ബഹുസ്വരതയുടെ ഭാവമണ്ഡലത്തിലൂടെണ് സഞ്ചരിക്കുന്നത്. പ്രമേയത്തിലും ആവിഷ്കാരത്തിലും ഈ ബഹുസ്വരത കാണാം. പുതുകാലത്തിൻ്റെ അനുഭവ പ്രപഞ്ചത്തെ ഈ മട്ടിലല്ലാതെ രേഖപ്പെടുത്താൻ കവികൾക്കാവില്ല. സ്വാതന്ത്ര്യം, നീതി, സമഭാവന, അപര സ്നേഹം എന്നിങ്ങനെയുള്ള സാമൂഹ്യ മൂല്യങ്ങളെ രാഷ്ട്രീയ മുദ്രാവാക്യമായി വികസിപ്പിക്കാൻ പുതു കവിതകൾ നടത്തുന്ന നിരന്തരമായ ശ്രമങ്ങളുടെ മികച്ച മാതൃകയായി സാക്ഷ്യങ്ങളിലെ കവിതകളെ കാണുന്നു. വിനയചന്ദ്രൻ "ഇരുൾക്കാല "ത്തിലും "മർഫി "യിലും "സങ്കടവണ്ടികളി"ലും ഉള്ളടക്കം ചെയ്ത  ചിന്തകളുടെ തുടർച്ചയും വളർച്ചയുമാണ് "സാക്ഷ്യങ്ങൾ " എന്ന് ആഹ്ലാദത്തോടെ തിരിച്ചറിയുന്നു

Comments

Popular posts from this blog

ടി എസ് തിരുമുമ്പ് സ്മാരക കവിത പുരസ്കാരം ഹുസൈൻ താമരക്കുളത്തിന്

  പുകസ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി ഏർപ്പെടുത്തിയ ടി എസ് തിരുമുമ്പ് സ്മാരക കവിത പുരസ്കാരം ഹുസൈൻ താമരക്കുളത്തിന് ഹുസൈൻ താമരക്കുളം ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലെ താമരക്കുളം സ്വദേശിയാണ് ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളുമെഴുതുന്നു. 2024 മാതൃഭൂമി വിഷുപ്പതിപ്പ് കവിതാ മത്സരത്തിൽ ജേതാവുമാണ്. കോഴിക്കോട് ജാമിഅ: മർകസിൽ മതപഠനവും ഡൽഹി ഹംദർദിൽ പി.ജി പഠനവും നടത്തുന്നു. അബ്ദുൽ ജലീൽ , നസീമ എന്നിവരാണ് മാതാപിതാക്കൾ. പുരസ്കാര വിതരണവും തിരുമുമ്പ് അനുസ്മരണവും 2024 ഡിസംബർ 24 ന് വൈകീട്ട് 5 മണിക്ക് നടക്കാവ് വെച്ച് നട ക്കും കരിവെള്ളൂർ മുരളി പരിപാടി ഉദ്ഘാടനം ചെയ്യും.

ഭരണഘടനയുടെ ആമുഖ വായന

    പുകസ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനയുടെ ആമുഖ വായന സംഘടിപ്പിച്ചു ഭരണഘടന പ്രകാരം ഇന്ത്യ മതേതര രാഷ്ട്രമാണെന്നിരിക്കെ ഒരു മത വിഭാഗത്തിന്റെ ആരാധനാലയ പ്രതിഷ്ഠ യ്ക്ക് ഇന്ത്യയിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കാകെ അവധി കൊടുത്തു പരിപാടി ആഘോഷിക്കാൻ പറയുന്നതും ജനാധിപത്യത്തിലൂടെ അധികാരത്തിൽ വന്ന പ്രധാനമന്ത്രി തന്നെ ഇതിനു നേതൃത്വം നൽകുന്നതും ഭരണഘടനയോടുള്ള വെല്ലുവിളി ആണ്. ഇതിൽ പ്രതിഷേധം അറിയിച്ചു കൊണ്ട് പുകസ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയിലെ യുണിറ്റുകളിൽ ജനുവരി 22 ന് ഭരണഘടനയുടെ ആമുഖം വായിച്ചു പ്രതിഷേധിച്ചു. ഇളമ്പച്ചി യിൽ ഏരിയ സെക്രട്ടറി ഉമേഷ്‌ പിലിക്കോട് പരിപാടി ഉദ്ഘാടനം ചെയ്തു. ടിവി വിനോദ് അധ്യക്ഷനായി. കെ കനേഷ്, എംകെ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇയ്യക്കാട് കെവി പദ്മനാഭൻ ഉദ്ഘാടനം ചെയ്തു കെ തമ്പാൻ അധ്യക്ഷനായി മനോജ്‌ മാസ്റ്റർ സംസാരിച്ചു. കരപ്പാത്ത് വി സുലോചന ഉദ്ഘാടനം ചെയ്തു കെപി മാധവൻ കെപി രാജീവൻ എംപി സുനിൽ, ടി വി അജേഷ് എന്നിവർ സംസാരിച്ചു. വെള്ളച്ചാലിൽ ഇ കുഞ്ഞികൃഷ്ണൻ ചന്ദ്രമോഹനൻ പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. മാണിയാട്ട് സി നാരായണൻ, സി പ്രദീപൻ എന്നിവർ ...

പിജി വായനക്കൂട്ടം -എന്റെ സ്ത്രീയറിവുകൾ പുസ്തക ചർച്ച

  പുരോഗമന കലാസാഹിത്യ സംഘം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിജി വായനക്കൂട്ടം പ്രതിമാസ പുസ്തക ചർച്ച സംഘടിപ്പിച്ചു. ഇപി .രാജഗോപാലൻ എഴുതിയ എന്റെ സ്ത്രീയറിവുകൾ എന്ന പുസ്തകമാണ് വെള്ളച്ചാൽ എ കെ ജി മന്ദിരത്തിൽ വെച്ച് ചർച്ച ചെയ്തത്. അനീഷ് വെങ്ങാട്ട് പുസ്തക ചർച്ച അവതരിപ്പിച്ചു. ഡോ കെവി സജീവൻ, ടി ബിന്ദു, എൻ കെ ജയദീപ്, സി വിജയൻ, പിപി അനിൽകുമാർ എന്നിവർ സംസാരിച്ചു. എഴുത്തിന്റെ വഴികളെ പറ്റി ഇ പി രാജഗോപാലൻ സംസാരിച്ചു. ഉമേഷ്‌ പിലിക്കോട് സ്വാഗതവും ഇ കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു. എൻ രവീന്ദ്രൻ അധ്യക്ഷനായി തുടർന്ന് പ്രാദേശിക കലാകാരന്മാരുടെ കൂട്ടായ്മ സ്വരലയ വെള്ളച്ചാലിന്റെ വയലാർ ഗാനസന്ധ്യയും അരങ്ങേറി