Skip to main content

പുരോഗമന കലാസാഹിത്യ സംഘം പാലക്കാട് നയരേഖ

 പുരോഗമന കലാസാഹിത്യ സംഘം പാലക്കാട് നയരേഖ

2013 നവംബര്‍ 1, 2, 3 തീയതികളില്‍ പാലക്കാട്

പി ഗോവിന്ദപ്പിള്ള നഗറില്‍ (ടൌണ്‍ഹാള്‍) നടന്ന

പു ക സ 10-ാം സംസ്ഥാന സമ്മേളനം അംഗീകരിച്ചത്

 

1.            ആമുഖം

1.1          1930 കളില്‍ ഫാസിസത്തിനും യുദ്ധത്തിനുമെതിരായി പൊരുതാനാണ് ലോകത്താദ്യമായി അഖിലലോക പുരോഗമന സാഹിത്യ സംഘടന രൂപം കൊള്ളുന്നത്. രാഷ്ട്രീയാധികാരത്തിലേക്കുള്ള കുറുക്കുവഴിയായി വര്‍ഗ്ഗീയതയുടെ സംഘസ്വത്വത്തെ ഉപയോഗിക്കുന്ന ഇന്നത്തെ ഇന്ത്യനവസ്ഥയില്‍ ഫാസിസത്തിനെരെയുള്ള ജാഗ്രത വളരെ പ്രധാനമാണ്. വംശീയത, ആത്മീയത, ദേശീയത തുടങ്ങിയ വികാരങ്ങളെ മുതലെടുത്താണ് ഫാസിസം പൊതുബോധത്തില്‍ അതിന്‍റെ സ്വീകാര്യത നേടാന്‍ ശ്രമിക്കുന്നത്. 2002 ലെ ഒറ്റപ്പാലം നയരേഖ ചൂണ്ടിക്കാണിച്ചതുപോലെ, ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും ഊന്നുന്ന ദേശീയ ഫാസിസവും ചരിത്രത്തെയും ഭൂമി ശാസ്ത്രത്തെയും നിരാകരിക്കുന്ന ആഗോളവല്കൃത മുതലാളിത്തവുമാണ് വര്‍ത്തമാനകാല ഇന്ത്യയുടെ രണ്ട് അപകടങ്ങള്‍. കേരളത്തിലെയോ ഇന്ത്യയിലെയോ പ്രശ്നങ്ങള്‍ക്ക് വര്‍ഗ്ഗീയമോ ജാതീയമോ ആയ യാതൊരു പരിഹാരവുമില്ലെന്ന തിരിച്ചറിവ് പ്രധാനമാണ്. ഇന്നത്തെ ജാതി-മത ധ്രുവീകരണത്തിനു ബദലായി സെക്കുലര്‍ ഭൂമികകള്‍ വളര്‍ത്തിയെടുക്കുകയാണു വേണ്ടത്. മതേതരവും മാനവികവുമായ ജീവിതം വികസിപ്പിക്കാന്‍ സംസ്കാരത്തെ പ്രതിരോധത്തിന്‍റെ ഉപകരണമായി മാറ്റിയെടുക്കേണ്ടതുണ്ട്.

1.2          രാഷ്ട്രീയത്തെ അരാഷ്ട്രീയവും, നവോത്ഥാനത്തെ പുനരുത്ഥാനവും, കാഴ്ചപ്പാടുകളെ കേവല കാഴ്ചകളും സാര്‍വ്വദേശീയതയെ ആഗോളവല്ക്കരണവും, മാനുഷിക മൂല്യങ്ങളെ മൂലധന മൂല്യങ്ങളും കീഴ്പ്പെടുത്തും വിധമുള്ള ഭയപ്പെടുത്തുന്ന അട്ടിമറികളാണ് ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെയൊക്കെ പ്രതിരോധിക്കാനുള്ള ചെറുത്തുനില്പുകളും ശക്തമായി വരുന്നുണ്ട്. നവോത്ഥാന കേന്ദ്രങ്ങളെ സ്വന്തം താവളങ്ങളാക്കാനുള്ള ഫാസിസ്റ്റ് അജണ്ടയ്ക്കെതിരെ അതീവ ജാഗ്രത ആവശ്യമാണ്. യുക്തിചിന്തയും വിമര്‍ശനബോധവും തന്മാത്രാതലത്തില്‍ത്തന്നെ തകര്‍ക്കപ്പെടുന്ന കാലമാണിത്. സംഘടനകളെ ശല്യങ്ങളായി മുദ്രകുത്തിയും പൊതുപ്രവര്‍ത്തനത്തെ പരിഹസിച്ചും കൊഴുക്കുന്ന അരാഷ്ട്രീയ വാദങ്ങളെ എതിരിടാതെ ജനാധിപത്യം നിലനില്ക്കുകയില്ല. സംഘബോധത്തെ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം മുന്‍വാതിലിലൂടെ വലിച്ചെറിഞ്ഞ അരാഷ്ട്രീയ ജീര്‍ണ്ണതകളാണ്, വ്യക്തിപൂജകളായും ഫാന്‍സ് അസോസിയേഷനുകളായും വന്‍കട്ടൌട്ടുകളായും പിന്‍വാതില്‍ വഴി ഇപ്പോള്‍ വലിഞ്ഞുകയറുന്നത്. സര്‍വ്വം വെട്ടിവിഴുങ്ങുന്ന ഉപഭോക്തൃ സംസ്കാരവും പാരസ്പര്യങ്ങളെയാകെ വെട്ടിവീഴ്ത്തുന്ന സാംസ്കാരിക ദേശീയതയും ഒത്തുചേര്‍ന്നൊരുക്കുന്ന സംഹാരനൃത്തം സാംസ്കാരിക ജീവിതത്തില്‍ ശക്തിയാര്‍ജ്ജിക്കുന്നു. ഭരണവര്‍ഗ്ഗത്തെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പൊതുവായി എതിര്‍ക്കുമ്പോഴും ഫാസിസ്റ്റ് സ്വഭാവമാര്‍ജ്ജിച്ച രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ പതനം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കുണ്ട്. നിലനില്പിനെ ജീര്‍ണ്ണമാക്കുന്നതും നിലനില്പിനെത്തെന്നെ ഇല്ലാതാക്കുന്നതും ഒന്നല്ല. സാമ്രാജ്യത്വ സയണിസ്റ് ഫാസിസ്റ്റ് അച്ചുതണ്ട്, സംഘപരിവാര്‍ ജയിച്ചാല്‍ ഇന്ത്യയിലാധിപത്യം സ്ഥാപിക്കും. ഇത്തരമൊരവസ്ഥയില്‍ ഫാസിസ്റ്റ് വിരുദ്ധ ആശയ സമാഹരണവും, ഫാസിസത്തിനെതിരായിട്ടുള്ള നിരന്തര സമരവുമാണ് അനിവാര്യമായിട്ടുള്ളത്. ഇന്ത്യന്‍ ഫാസിസം കമ്യൂണിസ്റ്റുകാര്‍ക്കൊപ്പം ശത്രുപട്ടികയില്‍ ചേര്‍ത്തിട്ടുള്ളത് മുസ്ളീങ്ങളേയും ക്രിസ്ത്യാനികളേയും ദളിതരേയും നെഹ്രുവിയന്‍ കാഴ്ചപ്പാട് പുലര്‍ത്തുന്നവരേയും സര്‍വ്വബ്രാന്‍ഡിലും പെട്ട സമാധാനവാദികളേയുമാണ്. കോര്‍പ്പറേറ്റ് ശക്തികളും മാദ്ധ്യമങ്ങളും സാമ്രാജ്യത്വവും ആള്‍ദൈവങ്ങളും ഒടുവില്‍ ടോയ്ലറ്റുകളും ചേര്‍ന്നുള്ള ഫാസിസ്റ്റ് മുന്നണിയെയാണ് ഗുജറാത്തിലെ വംശഹത്യാ നായകന്‍ നയിച്ചുകൊണ്ടുവരുന്നതെന്ന അപകടം തിരിച്ചറിയണം. ഇതിനെ സര്‍വ്വശക്തിയുമുപയോഗിച്ച് ചെറുത്തു തോല്പിക്കുകയാണ് സാംസ്കാരിക പ്രവര്‍ത്തകരുടെ അടിയന്തര കടമ.

2.            പുരോഗമന സാഹിത്യം

2.1          മതനിരപേക്ഷവും മാനവികവുമായ ഒരു പുതിയ സമൂഹത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളാണ് കഴിഞ്ഞ 75 വര്‍ഷമായി പുരോഗമന സാഹിത്യ പ്രസ്ഥാനം നടത്തി വന്നത്. ചൂഷണ വ്യവസ്ഥയും അതിന്‍റെ നിര്‍മ്മിതികളായ ഫ്യൂഡല്‍ മുതലാളിത്ത സൌന്ദര്യ സൃഷ്ടികളും ചോദ്യം ചെയ്യപ്പെട്ടു. വിനോദോപാധി മാത്രമായിരുന്ന സാഹിത്യത്തെയും കലയെയും പൊതു ഇടമായി മാറ്റിയെടുക്കാനും സാധിച്ചു. സാഹിത്യത്തെയും കലയെയും ചരിത്രവല്ക്കരിച്ചുകൊണ്ടും രാഷ്ട്രീയവല്ക്കരിച്ചുകൊണ്ടുമാണ് ഈ നേട്ടങ്ങള്‍ കൈവരിച്ചത്. ഭാഷയെയും സാഹിത്യത്തെയും ജനാധിപത്യവല്ക്കരിക്കാനും സംഘം നേതൃത്വം നല്കി. ചരിത്രം സാമൂഹികപ്പോരാട്ടങ്ങള്‍ കൊണ്ടു നിറഞ്ഞതാണെന്നും ആ പോരാട്ടങ്ങളില്‍ നിന്നും ഉയിര്‍ക്കൊള്ളുന്നതാണ് പുരോഗമന സാഹിത്യവും കലയും എന്നും ഒട്ടേറെ സംവാദങ്ങള്‍ക്കു ശേഷമാണെങ്കിലും, സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത്തരം അടിസ്ഥാന നേട്ടങ്ങളാണ് പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്‍റെ പ്ളാറ്റിനം ജൂബിലിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നത്.

2.2          സര്‍ഗ്ഗാത്മക മണ്ഡലത്തില്‍ സംഭവിച്ച മഹത്തായൊരു സ്വാതന്ത്യ്രസമരം എന്ന അര്‍ത്ഥത്തിലാണ് പുരോഗമന സാഹിത്യ പ്രസ്ഥാനം നയിച്ച സാംസ്കാരിക പ്രക്ഷോഭത്തെ ഇന്നു നാം അടയാളപ്പെടുത്തേണ്ടത്. രചനയുടെ രൂപഭാവങ്ങള്‍ മുതല്‍ വായനാ രീതികളില്‍ വരെ മൌലികമായൊരു അട്ടിമറി അത് സൃഷ്ടിച്ചു. സാമൂഹ്യ ജീവിതത്തില്‍ നിന്നും ഒരു പരിധി വരെ ബഹിഷ്കരിക്കപ്പെട്ട, അഭിജാത സങ്കല്പങ്ങള്‍ക്ക് അഭയം നല്‍കിയ, പരമ്പരാഗത സൌന്ദര്യ സങ്കല്പങ്ങളുടെ അടിക്കല്ല് അത് പൊളിച്ചുമാറ്റി. സ്ത്രീകളുടെ അംഗപ്രത്യംഗ വര്‍ണ്ണനകളില്‍ മാത്രം അഭിരമിച്ചു കഴിഞ്ഞു കൂടിയ ആഢ്യന്മാരുടെ സാഹിത്യത്തെ പുരോഗമന സാഹിത്യം പിടിച്ചുലച്ചു. പുതിയ എഴുത്തുകാര്‍ക്കെന്നപോലെ പുതിയ വായനക്കാര്‍ക്കും മലയാളത്തിലാദ്യമായി വഴി തുറന്നതും പുരോഗമന സാഹിത്യ പ്രസ്ഥാനമാണ്. സര്‍വ്വ ചൂഷണങ്ങള്‍ക്കുമെതിരെ കത്തിപ്പടരും വിധമുള്ള ചൂട് പങ്കുവയ്ക്കുന്ന രചനകളൊക്കെയും, ആ കൃതികളുടെ രചയിതാക്കളുടെ കാഴ്ചപ്പാട് എന്തായാലും ചേര്‍ന്നു നില്‍ക്കുന്നത് പുരോഗമന പക്ഷത്തു തന്നെ.

2.3          പ്രബുദ്ധത, സംഘടന, പ്രതിബദ്ധത, സമരോത്സുകത, സര്‍ഗ്ഗാത്മകത തുടങ്ങിയ മാനവിക മൂല്യങ്ങളെ കലക്കാനുള്ള ശ്രമങ്ങളാണ് മൂലധന നേതൃത്വത്തില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. എന്തും ആവാം, എന്ന അവസ്ഥ. സ്വാതന്ത്യ്രമല്ല, ആന്തരികമായ പാപ്പരത്തമാണ് അത് തുറന്നു കാട്ടുന്നത്. ബോധത്തെയും അതിന്‍റെ സാമൂഹിക സാംസ്കാരിക പ്രയോഗം തന്നെയായ പ്രബുദ്ധതയേയും ശിഥിലമാക്കുന്നതിലാണ് ജനവിരുദ്ധകല സ്വന്തം ശക്തി പ്രകടിപ്പിക്കുന്നത്. സാമ്പത്തിക രംഗത്തെ ഉദാരവല്ക്കരണം ദേശീയത അടക്കമുള്ള പ്രതിരോധങ്ങളെയും സര്‍ക്കാര്‍ നിയന്ത്രണങ്ങളെയും ജനങ്ങളുടെ അഭിരുചികളെയുമാണ് അട്ടിമറിക്കുന്നതെങ്കില്‍, സാംസ്കാരികരംഗത്തെ ഉദാരവല്ക്കരണം വിമോചന സ്വപ്നങ്ങളെയും വ്യവസ്ഥാവിരുദ്ധതയെയും ആത്യന്തികമായി മാനവസംസ്കാരത്തേയുമാണ് വെല്ലുവിളിക്കുന്നത്. മൂലധന മൂല്യങ്ങളുടെ വെറും മാറ്റൊലികള്‍ മാത്രമായി മാറുന്ന മനുഷ്യര്‍ക്ക് മൂലധന ശക്തികള്‍ അതിരിടുന്ന ലോകങ്ങള്‍ക്കപ്പുറം അപ്രാപ്യമാവും. നാടുവാഴിത്ത മൂല്യങ്ങളും നവകൊളോണിയല്‍ മൂല്യങ്ങളും സന്ധിക്കുന്ന ഒരു ചരിത്രസന്ദര്‍ഭത്തില്‍, കലാപമാവാത്ത കലയും സാഹിത്യവും ഒരസ്വസ്ഥതയും സൃഷ്ടിക്കാനാകാതെ, വ്യവസ്ഥയുടെ സാധൂകരണം മാത്രമായി സങ്കോചിക്കും. സാമൂഹ്യ ജീവിതത്തെയാകെ വിഴുങ്ങാന്‍ പാകത്തില്‍ വാപിളര്‍ന്നു നില്‍ക്കുന്ന വൈരുദ്ധ്യങ്ങള്‍ക്കു മുമ്പില്‍ അത് വിനയപൂര്‍വ്വം കുമ്പിട്ട് നില്‍ക്കും. അസംഖ്യം വൈരുദ്ധ്യങ്ങളെ അഭിമുഖീകരിക്കാത്ത ഏതു രചനയും പ്രചാരണ രചന മാത്രമായി ചുരുങ്ങും.

2.4          എന്നാല്‍, വ്യവസ്ഥാനുകൂല പ്രചാരണത്തില്‍ നിന്നും വ്യത്യസ്തമായ വിമോചന മൂല്യം വ്യവസ്ഥാവിരുദ്ധ പ്രചാരണത്തിനുണ്ടെന്ന് ഊന്നിപ്പറയുന്നിടത്തു വച്ചാണ് പുരോഗമന സാഹിത്യം സാധാരണ പ്രചാരണ സാഹിത്യത്തില്‍ നിന്നും വ്യത്യസ്തമാകുന്നത്. സാഹിത്യബാഹ്യവാദം, ആത്മസംതൃപ്തിമാത്രവാദം, ശുദ്ധകലാവാദം തുടങ്ങിയ പഴയ പുരോഗമന സാഹിത്യവിരുദ്ധ പ്രചാരണങ്ങളുടെ എല്ലുകളെല്ലാം എത്ര ബാന്‍ഡേജുകള്‍ക്കുള്ളിലിട്ടാലും രക്ഷപ്പെടാനാകാത്തവിധം ഒടിഞ്ഞു കഴിഞ്ഞതാണ്. സനാതന സൌന്ദര്യമൂല്യം മാത്രമല്ല, സാഹിത്യമെന്ന സംവര്‍ഗ്ഗവും വ്യത്യസ്ത സാഹിത്യ ഗണങ്ങള്‍ എന്ന വര്‍ഗ്ഗീകരണവും വെല്ലുവിളിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സാഹിത്യ മൂല്യങ്ങള്‍ സന്ദര്‍ഭം മാറുന്നതുസരിച്ച് സ്വയം മാറുന്നതാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്.

2.5          സാമ്പ്രദായിക ഭാവനയുടെ സ്രോതസ്സുകളോട് നിരന്തരം ഏറ്റുമുട്ടുന്ന ജനകീയ ഭാവനയ്ക്ക് അശുഭാപ്തി വിശ്വാസങ്ങളില്‍ കേവലമായി അഭിരമിക്കാനാവില്ല. അത് പരാജയങ്ങളെ ധീരമായി അംഗീകരിക്കും. എന്നാല്‍, അതിനൊരിക്കലും അടിമപ്പെടില്ല. ഇരുട്ടുകളെ വെളിപ്പെടുത്തും; പക്ഷേ, സ്വയം ഇരുട്ടായി അതി ഇരട്ടിപ്പിക്കുകയില്ല. ജീര്‍ണ്ണതകളെയും കീഴ്മേല്‍ മറിച്ചിലുകളെയും കാണാതിരിക്കുമ്പോഴല്ല, അതിന് കീഴടങ്ങാതിരിക്കുമ്പോഴാണ് സാഹിത്യവും കലയും പുരോഗമന പദവി ആര്‍ജ്ജിക്കുന്നത്. അരിയില്ല പണിയില്ല ദുരിതമാണെന്നാലും നരി തിന്നാല്‍ നന്നോ മനുഷ്യന്മാരെ എന്ന ഇടശ്ശേരിയുടെ പൊള്ളുന്ന ചോദ്യത്തോടൊപ്പം നരി തിന്നാലും നിവര്‍ന്ന് നില്ക്കാനുള്ള ഇച്ഛയുടെ ധീരമായ മോഹമാണത് ആവിഷ്കരിക്കുന്നത്. നിലനില്ക്കുന്ന അവസ്ഥയെ അതിന്‍റെ സമഗ്രവും സൂക്ഷ്മവുമായ സ്ഥിതിയില്‍ അറിയുന്നതോടൊപ്പം ഒന്നും എന്നെന്നേക്കുമായി ഇവിടെ അവസാനിക്കുന്നില്ല എന്ന സമരോത്സുകവുമായ പ്രത്യാശ ആവിഷ്കരിക്കപ്പെടുമ്പോഴാണ് ഗ്രാംഷി വിശദമാക്കിയ ധിഷണയുടെ അശുഭാപ്തി വിശ്വാസത്തിന് കീഴടങ്ങാത്ത, ഇച്ഛയുടെ ശുഭാപ്തി വിശ്വാസം സംഘര്‍ഷാത്മകമായ ഒരു അനുഭൂതിയാകുന്നത്. പ്രത്യയശാസ്ത്രത്തിന്‍റെ അന്ത്യം, ചരിത്രത്തിന്‍റെ അന്ത്യം, സംസ്കാരങ്ങളുടെ സംഘര്‍ഷം തുടങ്ങിയ മൂലധനാധികാരത്തിന്‍റെ പാറക്കെട്ടുകള്‍ ഇടിച്ചുപൊളിക്കാനുള്ള ഊര്‍ജ്ജം അപ്പോള്‍ മാത്രമാണ് ഉല്പാദിപ്പിക്കപ്പെടുന്നത്. അപ്പോള്‍ അധികാരം കൊയ്യാന്‍ കോമന്‍റെ വാളുയരും. ചോരതുടിക്കുന്ന ചെറുകൈയുകളില്‍ പന്തങ്ങളുയരും. പാതാളപ്പടവുകള്‍ കയറി പറയപ്പട തുള്ളിവരും. എഴുത്തുകാര്‍ സ്വര്‍ണ്ണസിംഹാസനങ്ങളില്‍ നിന്നും എടുത്തെറിയപ്പെടും. ബ്രഹ്ത് പാടിയപോലെ, അവരുടെ പുസ്തകങ്ങള്‍ വീണ്ടും വായിക്കപ്പെടും; അവയിലെ ഉദാത്തമായ വിചിന്തനങ്ങള്‍ക്കുവേണ്ടിയല്ല, നെയ്ത്തുകാരെക്കുറിച്ചുള്ള സൂചനകള്‍ക്കുവേണ്ടി മാത്രം.

2.6          ദൈവപ്രതിനിധികള്‍, മനനം ചെയ്യുന്നവര്‍, ഉല്പാദിപ്പിക്കുന്നവര്‍, പലതരം കളികളില്‍ വ്യാപരിക്കുന്നവര്‍, ഉപകരണം ഉപയോഗിക്കുന്നവര്‍, നഗ്നവാനരര്‍, ചിരിക്കുന്ന ജന്തുക്കള്‍, രാഷ്ട്രീയ ജീവികള്‍… തുടങ്ങി നിരവധി നിര്‍വ്വചനങ്ങള്‍ മനുഷ്യരെക്കുറിച്ച് നിലവിലുണ്ട്. സാമൂഹിക ബന്ധങ്ങളുടെ ആകത്തുകയാണ് മനുഷ്യന്‍ എന്ന് മാര്‍ക്സും, മനുഷ്യരെല്ലാം സാമാന്യാര്‍ത്ഥത്തില്‍ തത്ത്വചിന്തകരാണെന്ന് ഗ്രാംഷിയും, അടിസ്ഥാനപരമായി മനുഷ്യര്‍, പ്രത്യയശാസ്ത്രജീവികള്‍ ആണെന്ന് അല്‍ത്തൂസറും വിശദമാക്കുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി വര്‍ത്തമാനമാനവികത നേരിടുന്ന പ്രതിസന്ധികളെ അടയാളപ്പെടുത്താനാണ് ജോസഫ് – കിസര്‍ബോ എന്ന ആഫ്രിക്കന്‍ ചരിത്രകാരന്‍ ഹോമോ കൊക്കകോളന്‍സ് എന്ന പരികല്പന വികസിപ്പിച്ചെടുത്തത്. ഉപഭോഗപരതയില്‍ പരിമിതപ്പെട്ട്, വ്യവസ്ഥാപിത മാതൃകകളുടെ പകര്‍പ്പുകള്‍ മാത്രമായി വികൃതപ്പെട്ട്, ഹെര്‍ബര്‍ട്ട് മാര്‍ക്യൂസ് സൂചിപ്പിച്ചവിധം ബഹുമാനങ്ങള്‍ എന്നോ നഷ്ടപ്പെട്ട്, ഏകമാനമാത്ര ജീവിയായി  രൂപപ്പെട്ടുകൊണ്ടിരിക്കുന്ന പൊള്ളമനുഷ്യര്‍ക്കാണ് ജോസഫ് – കിസര്‍ബോ ഹോമോ കൊക്കകോളന്‍സ് എന്ന് ബിരുദം ല്‍കിയത്. അവര്‍ക്ക് സാമൂഹികതയും അതിന്‍റെ തുടര്‍ച്ച തന്നെയായ യഥാര്‍ത്ഥകലയും സാഹിത്യവും അസ്വീകാര്യമാവും. പുരോഗമനം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ അവര്‍ക്ക് കലികയറും.

2.7          നാളിതുവരെയുള്ള ചിന്തകര്‍ ലോകത്തെ പലതരത്തില്‍ വ്യാഖ്യാനിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. നമ്മുടെ ജോലി അതിനെ മാറ്റിമറിക്കലാണ് എന്ന മാര്‍ക്സിന്‍റെ പ്രസിദ്ധമായ പ്രയോഗം രണ്ടു കാര്യങ്ങളാണ് അസന്നിഗ്ദ്ധമായി വെളിപ്പെടുത്തുന്നത്. വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഏറ്റുമുട്ടുന്നൊരു സമൂഹത്തില്‍ ഏത് ധ്യാനാത്മക ചിന്തയ്ക്കും ഏതുതരം വ്യാഖ്യാനവിരോധങ്ങള്‍ക്കും സ്വയം നിലനില്ക്കണമെങ്കില്‍ സ്വന്തം വ്യാഖ്യാനം വികസിപ്പിക്കേണ്ടിവരും എന്നതാണ് അതിലൊന്ന്. അതിനെക്കൊളും പ്രസക്തമായ മറ്റൊരു കാര്യം ആ തത്ത്വചിന്തകരുടെ വ്യാഖ്യാനങ്ങളെ ബദല്‍വ്യാഖ്യാനങ്ങള്‍കൊണ്ട് മാറ്റിത്തീര്‍ക്കാതെ ലോകത്തെ മാറ്റിമറിക്കാനൊരിക്കലും കഴിയില്ലെന്ന കാര്യമാണ്. ശരിയായ മനസ്സിലാക്കല്‍  ഇല്ലാതെ ശരിയായ മാറ്റിത്തീര്‍ക്കല്‍ അസാദ്ധ്യമാണെന്നര്‍ത്ഥം. പഴയ സാഹിത്യ  വ്യാഖ്യാനങ്ങളോട് എതിരിട്ടും നിരന്തരം  പുതിയ വ്യാഖ്യാനങ്ങള്‍ വികസിപ്പിച്ചുമാണ് പുരോഗമന സാഹിത്യം നിലനില്ക്കുന്നത്.

2.8          പരമ്പരാഗത സൌന്ദര്യ ശാസ്ത്രത്തിന്‍റെ മറപറ്റി ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ, പുരോഗമന സാഹിത്യമാകെ പ്രചാരണപരവും അല്ലാത്ത സാഹിത്യമാകെ പ്രചാരണപരമല്ലാത്തതുമല്ല. ഇന്നത്തെ മികച്ച പ്രചാരണം നടക്കുന്നത് മൂലധന ശക്തികളുടെ നേതൃത്വത്തിലാണ്. എന്ത് അസംബന്ധവും കോടികളുണ്ടെങ്കില്‍ സംബന്ധമായിത്തീരും. ഇന്ന് മാദ്ധ്യമലോകത്ത് പ്രചാരമാര്‍ജ്ജിച്ച പെയ്ഡ് ന്യൂസും പ്രൈവറ്റ് ട്രീറ്റിയും, ഗോസ്റ് റൈറ്റിങ്ങും, എംബഡഡ് ജേര്‍ണലിസവും കലാസാഹിത്യ രംഗത്തും നിലനില്ക്കുന്നുണ്ടെന്നു വേണം കരുതാന്‍. സാമാന്യ ബോധവും മുഖ്യധാരാമാദ്ധ്യമങ്ങളും പുരസ്കാരങ്ങളും നാടുവാഴിത്ത മൂല്യങ്ങളും ജനവിരുദ്ധ ജനപ്രിയതയും ഒത്തുചേര്‍ന്നു നിര്‍വ്വഹിക്കുന്ന പ്രചാരണത്തോളം ശക്തമായ മറ്റൊരു പ്രചാരണ സാഹിത്യവും ഇന്ന് നിലവിലില്ല, ആരുടേയും സമ്മതമില്ലാതെയും അവരറിയാതെയും അതിസമര്‍ത്ഥമായി മൂലധനമൂല്യങ്ങള്‍ക്ക് മനസ്സില്‍ കയറിപ്പറ്റാന്‍ കഴിയും. വലതുപക്ഷ ശക്തികള്‍ക്ക് അനുകൂലമായ അനുഭൂതി നിക്ഷേപം വന്‍തോതില്‍തന്നെയാണ്, വ്യവസ്ഥാപിത കലാസാഹിത്യ സൃഷ്ടികള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. സമാധാനത്തിനെതിരെ യുദ്ധത്തെയും നീതിക്കെതിരെ ശക്തിയെയും ജ്വലിക്കുന്ന കാഴ്ചപ്പാടുകള്‍ക്കെതിരെ ജീര്‍ണ്ണകാഴ്ചപ്പാടുകളെയും നവോത്ഥാനത്തിനെതിരെ പുനരുത്ഥാനത്തെയും സാമൂഹികതകള്‍ക്കെതിരെ വ്യക്തിപരതയെയും സമരോത്സുകതക്കെതിരെ ആലസ്യങ്ങളെയും ബോധത്തിനെതിരെ അബോധത്തെയും അന്വേഷണങ്ങള്‍ക്കെതിരെ ആചാരങ്ങളെയും ഓര്‍മ്മകള്‍ക്കെതിരെ മറവികളെയും യുക്തിക്കെതിരെ അയുക്തികളെയും ചരിത്രങ്ങള്‍ക്കെതിരെ കിംവദന്തികളെയും സത്യങ്ങള്‍ക്കെതിരെ നിറംപിടിപ്പിച്ച നുണകളെയും മതനിരപേക്ഷതയ്ക്കെതിരെ ജാതിമത സങ്കുചിതത്വങ്ങളെയും സാര്‍വ്വദേശീയതയ്ക്കെതിരെ ആഗോളവല്ക്കരണത്തെയും മനുഷ്യപ്പറ്റിനെതിരെ മൂലധനത്തെപ്പറ്റിയും പ്രണയങ്ങള്‍ക്കു പകരം പീഡനങ്ങളെയും അദ്ധ്വാനത്തിനുപകരം തട്ടിപ്പുകളെയും പലവിധത്തില്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് വ്യവസ്ഥാപിത സാഹിത്യം ഇന്ന് സ്വന്തം ജീവിതം ഗംഭീരമായി ആഘോഷിക്കുന്നത്! വിദ്യകൊണ്ട് പ്രബുദ്ധരാകാതിരിക്കാനും സംഘടന കൊണ്ട് ശക്തരാവാതിരിക്കാനും ശ്രദ്ധിക്കുന്നതിലാണത് നിതാന്ത ജാഗ്രത പുലര്‍ത്തുന്നത്. ലോകത്ത് എന്ത് കൊള്ളരുതായ്മ നടന്നാലും അതിന്‍റെ മുഴുവന്‍ ഉത്തരവാദിത്വവും ഇടതുപക്ഷങ്ങള്‍ക്കുമേല്‍ കെട്ടിവെക്കാനുള്ള വാഗ്ജാലങ്ങളാണവര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇടതുപക്ഷം, വലതുപക്ഷം എന്ന വിഭജനം പോലും ഇപ്പോള്‍ നിലനില്ക്കുന്നില്ലെന്നാണവര്‍ ഭ്രാന്തമായി ആക്രോശിക്കുന്നത്. പ്രകൃതിയെയും സാങ്കേതിക വിദ്യയെയും മാദ്ധ്യമങ്ങളെയും കലയെയും എന്തിന് മാനവികതയെ തന്നെയും സ്വന്തം താല്പര്യങ്ങള്‍ക്കു വേണ്ടി തകര്‍ത്തു കൊണ്ടിരിക്കുന്ന സാമ്രാജ്യത്വത്തെക്കുറിച്ച് സംസാരിക്കുന്നതു തന്നെ, കാലഹരണം എന്ന കാഴ്ചപ്പാടായാണവര്‍ മുദ്ര കുത്തുന്നത്. ചിന്തിക്കല്‍ എത്ര ആഹ്ളാദകരം എന്ന ജനകീയ വിസ്മയങ്ങള്‍ക്കുപകരം, ചിന്തയെത്തന്നെ ശല്യമായിക്കാണുന്ന ഇക്കിളികള്‍ക്കിടയിലാണ് അവരിലൊരുവിഭാഗം താമസമുറപ്പിച്ചിരിക്കുന്നതെങ്കില്‍, ചിന്തയെ വ്യാജചിന്തകള്‍കൊണ്ട് നിസ്സഹായമാക്കാനുള്ള സമരങ്ങളിലാണ് മറ്റൊരു വിഭാഗം വ്യാപൃതരായിരിക്കുന്നത്. സ്വയം സംഘം ചേര്‍ന്നു കൊണ്ടുതന്നെ സംഘടനയെയും സ്വയം ജനവിരുദ്ധ ആശയ പ്രചാരണങ്ങള്‍ നിര്‍വ്വഹിച്ചുകൊണ്ടുതന്നെ ജനകീയ ആശയപ്രചാരണങ്ങളെയും സ്വതന്ത്രം എന്ന വ്യാജേ ഇടതുപക്ഷ വിരുദ്ധതയെയും ആഘോഷിക്കുകയാണ് മൂലധന ശക്തികളെ പിന്തുണയ്ക്കുന്നവര്‍ ചെയ്യുന്നത്. നിലവിലുള്ള ഇടതുപക്ഷത്തെ തകര്‍ക്കുകയെന്ന മിനിമം അജണ്ടക്കുമപ്പുറം, ഇടതുപക്ഷ മാനസികാവസ്ഥയെ അസാദ്ധ്യമാക്കുക എന്ന ദീര്‍ഘകാല ലക്ഷ്യമാണ് മൂലധനശക്തികള്‍ പലവഴിയിലൂടെ ഇന്ന് വികസിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. പൊരുതുന്ന ഇടതുപക്ഷ മനസ്സിനെ തകര്‍ക്കാനാകുമോ എന്നാണവരുടെ നോട്ടം. ഇതിനെതിരെ പെരുമ്പാവൂര്‍ രേഖയില്‍ പറയുന്ന രീതിയില്‍ അതിവിശാലമായ സാംസ്കാരിക മുന്നണി രൂപീകരിച്ചുകൊണ്ടുവേണം ചെറുത്തുനില്പുകള്‍ ശക്തമാക്കേണ്ടത്.

2.9          ജീവിതം മിഥ്യയും സാഹിത്യം കല്പനയും ആണെന്നും, മിഥ്യ പ്രത്യയശാസ്ത്രത്തിനകത്ത് കുടുങ്ങിക്കിടക്കുമ്പോള്‍ കല്പന പ്രത്യയശാസ്ത്രത്തിന്‍റെ ലക്ഷ്മണരേഖകളെ ഉല്ലംഘിക്കുമെന്നും പിയറി മഷേറെ പറയുന്നു. എന്നാലിന്ന് നമ്മുടെ കഥകളും നോവലുകളും കല്പനകളുടെ ആകാശത്തേക്ക് ഉയരാന്‍ ചിറകുകളില്ലാതെ മിഥ്യയുടെ പൊടിമണ്ണില്‍ വീണു കിടന്ന് ഇഴയുകയാണ്. മതപരമായ വര്‍ഗ്ഗീയവല്ക്കരണവും ആത്മീയതയുടെ വ്യാപാരവല്ക്കരണവും മതേതരമായ ഒരാത്മീയത പ്രദാനം ചെയ്യാന്‍ കഴിയുന്ന സാഹിത്യ കൃതികളുടെ പ്രസക്തി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ദൈവം  കൈവിട്ടലോകത്തിന്‍റെ  ഇതിഹാസമാണ് നോവല്‍- എന്ന വാക്കുകള്‍ ഈ ആശയം തന്നെയാണ് വിവക്ഷിക്കുന്നത്. എന്നാല്‍ നോവല്‍ കൈവിട്ടുകളഞ്ഞ ലോകത്തിലേക്ക് ദൈവങ്ങള്‍ തിരിച്ചു വരികയാണ്. ഒരുതരം നവ യാഥാസ്ഥിതികത്വം മലയാളിയുടെ സര്‍വ്വ ജീവിത രംഗങ്ങളിലും നിഴല്‍ വീഴ്ത്തി നില്ക്കുന്നു. വിശ്വാസത്തിന്‍റെ പേരിലുള്ള ചൂഷണത്തെയും അാചാരങ്ങളെയും എതിര്‍ക്കാന്‍ എഴുത്തുകാര്‍ തന്റേടം കാട്ടുന്നില്ല. ബാല്യവിവാഹം, വൃദ്ധഭര്‍ത്യത്വം, ബഹുഭാര്യാത്വം, സ്ത്രീപീഡനം, ദളിതമര്‍ദ്ദനം, ന്യൂനപക്ഷ വിവേചനം ഇവയെല്ലാം മലയാളിയുടെ സാമാന്യബോധത്തെയും യുക്തിബോധത്തെയും പരിഹസിച്ചു പുലരുന്നു. പൌരജീവിതത്തിന്‍റെ സൂക്ഷ്മതലങ്ങളില്‍ കാലേ തന്നെ കിനിഞ്ഞിറങ്ങി പിടിമുറുക്കിയ ഹിന്ദുത്വ ശക്തികള്‍ വര്‍ദ്ധിതവീര്യത്തോടെ ശ്രമിക്കുന്നത് ആഗോളവല്ക്കരണത്തിന്‍റെയും അത് ആക്കം കൂട്ടിയ പുനരുത്ഥാനപരതയുടെയും അന്തരീക്ഷം വ്യാപിപ്പിക്കാനാണ്.

2.10        എഴുത്തുകാരെ അപ്രധാനീകരിച്ചുകൊണ്ട് എഴുത്തിനുമാത്രം പ്രാധാന്യം നല്കി കൃതികളുടെ വായനാഭേദങ്ങളില്‍ ഊന്നുന്ന ആധുനികോത്തര നിലപാട് എഴുത്തുകാരന്‍റെ സാമൂഹ്യചിന്ത, പ്രത്യയശാസ്ത്ര നിലപാടുകള്‍, വര്‍ഗ്ഗനിലപാടുകള്‍ എന്നീ ഘടകങ്ങളെ തിരസ്കരിക്കുകയാണ്. എഴുത്തുള്‍പ്പെടെയുള്ള കലാപ്രവര്‍ത്തനങ്ങളും ബോധത്തിന്‍റെ ബഹിര്‍പ്രകടങ്ങളാകയാല്‍ കലാകാരന്‍റെ നിലപാടും ചര്‍ച്ചാവിഷയമാകുന്നു. കൃതിയെയും കൃതിയുടെ ബോധത്തെയും അതിന്‍റെ കര്‍തൃത്വത്തെയും രൂപപ്പെടുത്തിയിരിക്കുന്ന ചരിത്ര സാമൂഹ്യ ബന്ധങ്ങളെക്കൂടി അഭിദര്‍ശിക്കുന്നതാവണം നമ്മുടെ സമീപന രീതി.

2.11        തൊഴില്‍ സമരങ്ങളെയും ബഹുജസമരങ്ങളെയും രാഷ്ട്രീയവല്ക്കരണത്തിന്‍റെ പേരില്‍ എതിര്‍ക്കുന്നത് ഒരു ഫാഷനായി ഇടതുപക്ഷാഭിമുഖ്യമില്ലാത്ത എഴുത്തുകാര്‍ ചെയ്തു പോരുന്നുണ്ട്. എന്നാല്‍ ഇന്ന് ജനങ്ങളുടെ അരാഷ്ട്രീയ വല്ക്കരണത്തിന്‍റെ ഫലമായി മതമൌലികലഹളകളും ഭീകരപ്രവര്‍ത്തനങ്ങളും തെരുവു കലാപങ്ങളും അരങ്ങു തകര്‍ക്കുകയാണ്. ഇതിന്‍റെ മുമ്പില്‍ അരാഷ്ട്രീയ വാദികളായ എഴുത്തുകാര്‍ മൌനം പാലിക്കുന്നു. അക്കൂട്ടത്തില്‍പ്പെട്ട ചിലര്‍ സമകാലിക ഇന്ത്യന്‍- കേരളീയ അവസ്ഥയെക്കുറിച്ച് ഇപ്പോള്‍ ഉല്‍ക്കണ്ഠപ്പെടുന്നുണ്ട്. ഈ രംഗത്ത് വ്യക്തതയും ആശയസമരവും അനിവാര്യമാണ്. സര്‍ഗ്ഗാത്മകരംഗത്തു നില്ക്കുന്ന എഴുത്തുകാരുമായി നിരന്തരമായ ആശയ സംവാദം ഉയര്‍ന്നു വരണം. എല്ലാ കാര്യത്തിലും പൂര്‍ണ്ണമായ യോജിപ്പിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും രാജ്യം അഭിമുഖീകരിക്കുന്ന മതതീവ്രവാദം, വര്‍ഗ്ഗീയത തുടങ്ങിയ വിപത്തുകളെ എതിര്‍ക്കാന്‍ യോജിക്കാവുന്നവരുടെയെല്ലാം അതിവിപുലമായ സാംസ്കാരിക മുന്നണിക്ക് സംഘം നേതൃത്വം നല്കും.

3.            ആശയസമരങ്ങളുടെ പ്രാധാന്യം

3.1          ആശയസമരങ്ങള്‍ അനാഥമാവുകയില്ല. കഴിഞ്ഞ സമ്മേളന നയരേഖ ധീരമായി മുന്നോട്ടു വച്ച സാംസ്കാരിക പ്രശ്നങ്ങളെ ആക്രമിക്കാനും പരിഹസിക്കാനും പലരും ശ്രമിക്കുകയുണ്ടായി. അതു കാണിക്കുന്നത്, വ്യവസ്ഥാപിതവും അധികാരോന്മുഖവും ജനവിരുദ്ധവും ആയ സ്ഥിതധാരണകളെ അത് പ്രകോപിപ്പിക്കുകയും മുറിവേല്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു എന്നതു തന്നെയാണ്. മുഖ്യധാരാമാദ്ധ്യമങ്ങളും ചില സാംസ്കാരിക നേതാക്കന്മാരും രേഖയുടെ ഉള്ളടക്കത്തെ വക്രീകരിച്ചുവെങ്കിലും അവര്‍ക്കതിനെ മുച്ചൂടും കുഴിച്ചു മൂടാനായില്ല. അത് കേരളീയ ജീവിതത്തെ സൂക്ഷ്മതലത്തില്‍ അപഗ്രഥിച്ചു കൊണ്ട് സംവാദങ്ങളുടെ തുടര്‍ച്ച തന്നെ സൃഷ്ടിച്ചു.

3.2          പുരോഗമനത്തിന്‍റെ ഉള്ളടക്കത്തെ നിരന്തരം പുനര്‍നിര്‍വ്വചിച്ചുകൊണ്ടേയിരിക്കണം, ഭൂതകാല ഗൃഹാതുരത്വം കൊണ്ട് ഭാവിയെ അഭിമുഖീകരിക്കാനാവില്ല-എന്നീ ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ കഴിഞ്ഞ നയരേഖ ചൂണ്ടിക്കാണിച്ചു. പുരോഗമനത്തിലെ പ്രതിലോമപരതയും പ്രതിലോമപരതയില്‍ കടന്നു വരുന്ന പുരോഗമനത്തിന്‍റെ അംശങ്ങളും നാം വേര്‍തിരിച്ചറിയണം.

3.3          കഴിഞ്ഞ നയരേഖ അടിസ്ഥാനപരമായി ഉന്നയിച്ച ചില പ്രധാന ആഹ്വാനങ്ങളുടെ കാര്യത്തില്‍ നമുക്ക് വേണ്ടത്ര മുന്നോട്ടു പോകാനായിട്ടില്ല. എല്ലാ ജനവിഭാഗങ്ങളുടെ ഉത്സവങ്ങള്‍ക്കും ദേശീയോത്സവ പദവി നല്കണം എന്ന ആശയത്തിന് പൊതുസമ്മിതി നേടിയെടുക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അടുത്ത വര്‍ഷം മുതല്‍ തൊഴിലാളിവര്‍ഗ്ഗ സാര്‍വ്വദേശീയ ദിനമായ മെയ്ദിനം ഒരു സമ്പൂര്‍ണ്ണ സാര്‍വ്വദേശീയോത്സവമായി ആഘോഷിക്കാന്‍ പുരോഗമന കലാസാഹിത്യ സംഘം മുന്‍കൈ എടുക്കും.

4.            വിപരീത പ്രവണതകള്‍ ഏറ്റുമുട്ടുന്ന ചരിത്ര സന്ദര്‍ഭം.

4.1          നവോത്ഥാനവും പുനരുത്ഥാനവുമെന്നോ ആധുനികതയും ഉത്തരാധുനികതയുമെന്നോ, തൊഴിലാളിവര്‍ഗ്ഗ സാര്‍വ്വദേശീയതയും മുതലാളിത്ത ആഗോളവല്ക്കരണവുമെന്നോ പേരിടാവുന്ന വിപരീതപ്രവണതകള്‍ ഏറ്റുമുട്ടുന്ന ചരിത്രസന്ദര്‍ഭമെന്ന് നമ്മുടെ കാലത്തെ നിര്‍വ്വചിക്കാവുന്നതാണ്. ഈ ആഗോളവല്ക്കരണ കാലത്തെ സാംസ്കാരികാവസ്ഥയില്‍ എഴുത്തും വായനയും കാഴ്ചയും സൌഹൃദവുമെല്ലാം നിരവധി പ്രശ്നങ്ങള്‍ നേരിടുകയാണ്. ഒരു ബദല്‍ ജീവിത ചിന്തയുടെ സിദ്ധാന്തം എന്താവണം, അതിന്‍റെ പ്രയോഗം എങ്ങനെയൊകണം എന്നത് ചര്‍ച്ച ചെയ്യപ്പെടണം. പ്രത്യയശാസ്ത്ര സംഘര്‍ഷങ്ങളെ എങ്ങനെയൊക്കെയാണ് അടയാളപ്പെടുത്തുക, പ്രത്യയശാസ്ത്ര മേഖലയിലെ പ്രതിരോധം എങ്ങനെയാണ് വികസിപ്പിക്കുക, നൈതിക നിലപാടുകള്‍ എഴുത്തിലും ജീവിതത്തിലും എങ്ങനെയൊവണം എന്നതെല്ലാം വളരെ പ്രധാനമാണ്. സര്‍ഗ്ഗാത്മകത, രാഷ്ട്രീയം തുടങ്ങി നിരവധി വിഷയങ്ങളില്‍ അന്വേഷണം വികസിപ്പിക്കണം.

4.2          യൂറോപ്പിനെ കേന്ദ്രീകരിച്ചുള്ള ഒരു കൊളോണിയല്‍  കാഴ്ചപ്പാടിലാണ് നവോത്ഥാനം മുമ്പ് നിര്‍വ്വചിക്കപ്പെട്ടത്. അതുസരിച്ച് യൂറോപ്പ് മാത്രം ശരിയും മറ്റെല്ലാം തെറ്റുമായിരുന്നു. അവര്‍ മാത്രം പരിഷ്കൃതരും മറ്റെല്ലാവരും അപരിഷ്കൃതരും ആയിരുന്നു. എന്നാല്‍ ഇന്ന് ഒരു വലിയ പരിധി വരെ നവോത്ഥാനത്തിന്‍റെ യൂറോപ്പ് കേന്ദ്രീകൃതമായ പഴയ നിര്‍വ്വചനം ഭാഗികമായെങ്കിലും ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. റോമില്‍ തുടങ്ങി യൂറോപ്പ് വഴി ലോകമാകെ വ്യാപിച്ച വൈജ്ഞാനിക വികാസത്തിന്‍റെ ഇടര്‍ച്ചകളറിയാത്ത കഥയെന്ന മട്ടില്‍ ഇന്ന് നവോത്ഥാനത്തെ വിവരിക്കാന്‍ കോളനിഭക്തര്‍ക്കു പോലും കഴിയില്ല. മാര്‍ട്ടിന്‍ ബര്‍ണലിനെപ്പോലുള്ളവര്‍ നേരത്തേ വ്യക്തമാക്കിയപോലെ നവോത്ഥാനത്തെ ഒരു യൂറോപ്യന്‍ പ്രതിഭാസം എന്ന രീതിയില്‍ വെട്ടിച്ചുരുക്കുന്നതിന് പകരം യൂറോപ്യരല്ലാത്തവര്‍ക്ക് ഇതിലുള്ള  പങ്കിനെക്കുറിച്ചുള്ള ചര്‍ച്ചയാണ് ഇന്ന് ഏറെ പ്രസക്തമാകുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സാമ്രാജ്യത്വത്തെയെന്നപോലെയോ സാംസ്കാരികാര്‍ത്ഥത്തില്‍ അതിലുമധികമോ ആഭ്യന്തര കൊളോണിയലിസത്തെക്കുറിച്ചുള്ള അന്വേഷണവും അനിവാര്യമാകും.

4.3          ആഭ്യന്തര കൊളോണിയലിസത്തിനെതിരെയുള്ള ശക്തമായ പ്രതികരണം എന്ന നിലയിലാണ് 1873 ല്‍ ജ്യോതിബാ ഫൂലെയുടെ നേതൃത്വത്തില്‍ സത്യശോധക് സമാജ് നിലവില്‍ വന്നത്. ഒരു വെളുത്ത വിദ്യാദേവതയ്ക്കു പകരം ഒരു കറുത്ത വിദ്യാദേവതയെ ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയത് സത്യശോധക് സമാജമാണ്. ഞങ്ങളുടെ വിദ്യാദേവത സരസ്വതിയല്ല, സാവിത്രിയാണ് എന്ന അവരുടെ മുദ്രാവാക്യം സൂക്ഷ്മാര്‍ത്ഥത്തില്‍ സ്ഫോടാത്മകമായിരുന്നു. സവര്‍ണ്ണമിത്തിനെ ചോരയിറ്റുന്ന ചരിത്രം കൊണ്ടാണവര്‍ ചോദ്യം ചെയ്തത്. തങ്ങളെ സഹായിച്ചത്, തങ്ങള്‍ക്ക് വിദ്യ നല്കുന്നതിന് നേതൃത്വം വഹിച്ചത് സങ്കല്പ വിദ്യാദേവതയായ സരസ്വതിയല്ലെന്നും മറിച്ച്, ജ്യോതിബാ ഫൂലെയുടെ ജീവിത പങ്കാളിയായ സാവിത്രി ഫൂലെയാണെന്നും സ്വന്തം അനുഭവംകൊണ്ട് തിരിച്ചറിഞ്ഞതിന്‍റെ പശ്ചാത്തലത്തിലാണ് മിത്തിലെ സരസ്വതിയെ തള്ളി അവര്‍ ചരിത്രത്തിലെ സാവിത്രിയെ സ്വീകരിച്ചത്. ഒരു വെളുത്ത വിദ്യാദേവതയ്ക്കുപകരം ഒരു കറുത്ത വിദ്യാദേവതയെ സ്വീകരിക്കുന്നതില്‍ കുഴപ്പം കാണാത്തവര്‍പോലും, യൂറോകേന്ദ്രിത നവോത്ഥാന കാഴ്ചപ്പാടുകളെ വിമര്‍ശിക്കാന്‍ വീറുകാട്ടുന്നവര്‍ പോലും, ഇന്ത്യന്‍ പശ്ചാത്തലത്തിലെ ആഭ്യന്തര കൊളോണിയലിസത്തെയും അതിന്‍റെ സാംസ്കാരിക മേല്‍ക്കോയ്മയെയും അതേ വീറോടെ വിമര്‍ശിക്കാനുള്ള വീര്യം കാട്ടുന്നില്ല. നവോത്ഥാനം സംബന്ധിച്ച സംവാദങ്ങളില്‍ വെച്ച് സൌകര്യപൂര്‍വ്വം ഒഴിച്ചു നിര്‍ത്തുന്നത് പലപ്പോഴും കീഴാള നവോത്ഥാന ധാരകളെയാണെന്നുള്ളത് യാദൃച്ഛികമല്ല.

4.4          നമ്മുടെ നവോത്ഥാനത്തിന്‍റെ പ്രധാനപ്പെട്ട രണ്ട് ധാരയും- സവര്‍ണ്ണധാരയും അവര്‍ണ്ണധാരയും വേറിട്ടു നില്‍ക്കുകയല്ല മറിച്ച് അവ പരസ്പരം കൈ കൊടുത്തിട്ട്, പരസ്പരം ആശ്ളേഷിച്ചിട്ട്. എങ്ങനെയൊണിത് സാദ്ധ്യമായത് എന്ന ചോദ്യത്തിന് സമരത്തിലൂടെ എന്നൊരൊറ്റ ഉത്തരം മാത്രമാണുള്ളത്. കീഴാള സമൂഹങ്ങള്‍ക്ക്  അധികാരവ്യവസ്ഥക്കെതിരെയുള്ള ഒരൊറ്റ സമരത്തിലൂടെ മാറാന്‍ കഴിയുമ്പോള്‍ സവര്‍ണ്ണ സമൂഹങ്ങള്‍ക്ക് ഒരേസമയം, ഇരട്ട സമരത്തിലൂടെ കടന്നു പോകാതെ സ്വയം മാറാന്‍ കഴിയില്ല. കാരണം, സവര്‍ണ്ണത സ്വയം ഒരധികാര ശക്തിയാണ്. സവര്‍ണ്ണത നടത്തേണ്ട ഇരട്ടസമരത്തെയാണ് ഇ എം എസ് കീഴാളവല്ക്കരണം എന്ന അര്‍ത്ഥത്തില്‍ ഡീക്ളാസ് ചെയ്യുക എന്നു പറഞ്ഞത്. മേലാള സമൂഹത്തില്‍ ജീവിക്കുന്ന ഒരാള്‍ക്ക്, ക്ളേശകരമായൊരു ആന്തരിക സമരത്തിലൂടെ കടന്നു പോകാതെ കീഴാള സമൂഹങ്ങളുമായി സാംസ്കാരിക ഐക്യം സൂക്ഷ്മാര്‍ത്ഥത്തില്‍ സാദ്ധ്യമാവുകയില്ല. ഇ എം എസ് ഉപയോഗിച്ച ദത്തുപുത്രന്‍ എന്ന പ്രയോഗം ഇവിടെയാണ് പ്രസക്തമാകുന്നത്. ഒളിവുജീവിത കാലയളവിലാണ് അതുവരെ തനിക്കന്യമായിരുന്ന കീഴാള ജീവിതം  പ്രകടമാംവിധം ഇ എം എസ് അനുഭവിക്കുന്നത്. ഇ എം എസും ആ കാലഘട്ടത്തില്‍ ജീവിച്ച സവര്‍ണ്ണസമൂഹത്തിലെ ജനാധിപത്യവാദികളും അകത്തും പുറത്തും  സമരം നയിച്ചാണ്  മാറാന്‍ ശ്രമിച്ചത്.

4.5          നവോത്ഥാനത്തിന്‍റെ പശ്ചാത്തലം നാടുവാഴിത്തത്തില്‍നിന്ന് മുതലാളിത്തത്തിലേക്കുള്ള പരിവര്‍ത്തനമാണ്. ഇവിടെ സ്വതന്ത്ര മുതലാളിത്തം വളര്‍ന്നു വരുന്നത് തടയുകയാണ് കൊളോണിയല്‍ ആധിപത്യം ചെയ്തത്. സ്വതന്ത്രമുതലാളിത്ത രൂപീകരണത്തിന്‍റെ നേരിയ ചലനങ്ങള്‍ മുഗള്‍ കാലഘട്ടത്തില്‍ത്തന്നെ ഇന്ത്യയില്‍ ആരംഭിച്ചിരുന്നു. അതിന്‍റെ ഭാഗമായി ജാതിയുടെയും മതത്തിന്‍റെയും മണ്ഡലത്തില്‍ ചെറിയ ചെറിയ പ്രതിരോധങ്ങളും രൂപപ്പെട്ടു. ബ്രിട്ടീഷുകാരുടെ കാലത്തെ പ്രതികരണങ്ങള്‍ ഇവയില്‍നിന്നും വ്യത്യസ്തമായിരുന്നു. അതിന്‍റെ വൈരുദ്ധ്യാത്മകതയാണ് യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷുകാരാണ് നമുക്ക് സന്യാസം തന്നത് എന്ന ഗുരുവിന്‍റെ പ്രസ്താവനയില്‍ ഉള്ളത്. ബ്രിട്ടീഷുകാര്‍ ഇല്ലായിരുന്നുവെങ്കില്‍ അധഃസ്ഥിതന്‍റെ അവസ്ഥ എന്താകുമായിരുന്നു എന്നൊരുല്‍ക്കണ്ഠ അതിലുണ്ട്. അധഃസ്ഥിതര്‍ക്ക് അനുകൂലമായിരുന്നു ബ്രിട്ടീഷ് നിലപാടുകള്‍ എന്നോ അവര്‍ അധഃസ്ഥിതരെ വളര്‍ത്തിയെന്നോ അതിന് അര്‍ത്ഥമില്ല. മറിച്ച്, നാടുവാഴിത്തത്തിന്‍റെ കെട്ടുപാടുകള്‍ അതേപോലെ നിലനിര്‍ത്തിക്കൊണ്ട് സാമ്രാജ്യത്വത്തിനു വളരാന്‍ കഴിയുമായിരുന്നില്ല. ഉദാഹരണമായി കൃഷിയുടെ മുതലാളിത്തവല്ക്കരണം. അതിന്‍റെ ഭാഗമായാണ് തോട്ടം കൃഷിയുണ്ടായത്. തോട്ടങ്ങള്‍ ബ്രിട്ടീഷുകാരുടെ ഏറ്റവും വലിയ മൂലധന നിക്ഷേപകേന്ദ്രങ്ങളായിരുന്നു. തോട്ടങ്ങളിലേക്കുള്ള തൊഴിലാളികളുടെ ലഭ്യതയ്ക്ക് ജാതിവ്യവസ്ഥ തടസ്സമായിരുന്നു. കുലത്തൊഴിലാണ് ജാതിവ്യവസ്ഥയുടെ ഒരു പ്രത്യേകത. ജന്മിമാരുടെയും തമ്പുരാന്മാരുടെയും കീഴില്‍ അധഃസ്ഥിതരായ തൊഴിലാളികള്‍ വീതം വയ്ക്കപ്പെട്ടു കിടക്കുകയുമായിരുന്നു. വസ്തു കൈമാറുമ്പോള്‍ കുടിയാനും വില്ക്കപ്പെട്ടിരുന്നു. ഭൂമിക്കൊപ്പം കൈമാറ്റം ചെയ്യപ്പെടാനുള്ള ഒരു ചരക്കുമാത്രമായിരുന്നു കുടിയാന്‍. കാര്‍ഷികമേഖലയിലെ അടിമത്തം അവസാനിപ്പിക്കാതെ തോട്ടം മേഖലയില്‍ ആവശ്യമുള്ളത്രയും തൊഴിലാളികളെ കിട്ടുമായിരുന്നില്ല. ജാതിവ്യവസ്ഥയില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാവേണ്ടത് ബ്രിട്ടീഷുകാരുടെ ആവശ്യമായിരുന്നു. അങ്ങനെയാണ് 1847 ല്‍ ബ്രിട്ടീഷുകാര്‍ അടിമത്തം അവസാനിപ്പിച്ചത്. കൃഷി നശിക്കുമെന്നാണ് അന്ന് ജന്മിമാര്‍ പറഞ്ഞത്. നാടുവാഴിത്തത്തിന്‍റെ അവസ്ഥയില്‍ നാടുവാഴിത്ത കൃഷിയെ സംബന്ധിച്ചിടത്തോളം അതു ശരിയുമായിരുന്നു. എന്നാല്‍ നാടുവാഴിത്ത കൃഷി നിലനിര്‍ത്തുകയായിരുന്നില്ല, മുതലാളിത്ത കൃഷിയിലേക്ക് ജന്മിയുടെ കുടിയാന്മാരെ പറിച്ചെറിയുകയായിരുന്നു ബ്രിട്ടീഷുകാരുടെ ലക്ഷ്യം. ഇങ്ങനെ പരിമിതമായ രീതിയിലാണെങ്കിലും കൊളോണിയല്‍ ശക്തികള്‍ക്ക് നാടുവാഴിത്ത ഉല്പാദനബന്ധങ്ങളുമായി ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്.

5.            നവോത്ഥാനത്തിന്‍റെ വിവിധ ധാരകള്‍

5.1          ഇംഗ്ളണ്ട് ഇന്ത്യയില്‍ തുടങ്ങിവച്ച നിര്‍മ്മാണാത്മകമായ ദൌത്യം നിര്‍വിഘ്നം മുന്നോട്ടു പോകുന്നതിന് കോളിവാഴ്ച സഹായകരമാകും എന്ന രാജാ റാം മോഹന്‍ റോയിയുടെ ആശയങ്ങളും ബ്രിട്ടീഷുകാരുടെ പരിഷ്കരണ ശ്രമങ്ങളില്‍നിന്ന് ഇന്ത്യയെ പരിരക്ഷിക്കുന്നതിന് മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശ്രമങ്ങളും നമ്മുടെ ദേശീയ പ്രസ്ഥാനത്തിലെ രണ്ടു മുഖ്യധാരകളായിരുന്നു. ഏറക്കുറെ ഈ രണ്ടു ധാരകളിലും പുനരുത്ഥാന പ്രവണതകളുടെ അംശങ്ങള്‍ അടങ്ങിയിരുന്നു. കാലത്തെ പിന്നോട്ടു തിരിക്കുന്ന മതപുനരുത്ഥാനശ്രമങ്ങള്‍ വ്യാപകമായും ശക്തമായും നടന്നുകൊണ്ടിരിക്കുന്നു. മതനിരപേക്ഷ- പുരോഗമന ആശയങ്ങളില്‍നിന്നും കേരളീയ ജനത ഇന്ന് ഒരു പിന്തിരിഞ്ഞു നടത്തത്തിന്‍റെ പാതയിലാണ്. ജാതിമേന്മയും ജാതിമേധാവിത്തവും ജാതിഅടിമത്തവും പൂര്‍വ്വാധികം ശക്തിയായി തിരിച്ചു വന്നിരിക്കുകയാണ്. ജനനം, വിവാഹം, മരണം പോലുള്ള വ്യക്തി – കുടുംബജീവിത സന്ദര്‍ഭങ്ങള്‍ വേണ്ട രൂപത്തില്‍ സാമൂഹ്യവല്ക്കരിക്കാത്തതുകൊണ്ട് ജാതി എന്ന വ്യാജസമൂഹ പ്രതീതി ഇത്തരം അവസരങ്ങളില്‍ പൊടുന്നനെ പ്രത്യക്ഷപ്പെടുന്നു. ഹിന്ദുത്വഫാസിസം ഈ ജീര്‍ണ്ണതയെ സമര്‍ത്ഥമായി മുതലെടുക്കുന്നു. സവര്‍ണ്ണ പൌരോഹിത്യത്തെ പുഃനസ്ഥാപിക്കാന്‍ അവര്‍ണ്ണ സമുദായ സംഘടനകള്‍ വരെ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. കേരളീയ നവോത്ഥാന മൂല്യങ്ങളെ ജാതിമത പൌരോഹിത്യം കീഴ്പ്പെടുത്തി സ്വകാര്യവല്ക്കരിച്ചത് ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. ദേശം, സംസ്കാരം, മതനിരപേക്ഷത, വിശ്വാസം, അന്ധവിശ്വാസം, ഉദാരീകരണം, ലൈംഗികവ്യവസായം, പ്രണയം, സൌന്ദര്യം, വിവാഹം തുടങ്ങി സമൂഹത്തിന്‍റെ സമകാലിക വ്യവഹാരങ്ങളില്‍ നവോത്ഥാന മൂല്യങ്ങളുടെ തുടര്‍ച്ച എപ്രകാരം എന്നതിനെക്കുറിച്ചും പുനരുത്ഥാന ശ്രമങ്ങളെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചും ആഴത്തിലുള്ള പഠങ്ങളും സംവാദങ്ങളും ആവശ്യമാണ്.

5.2          1924 ല്‍ കോണ്‍ഗ്രസ് നയിച്ച വൈക്കം സത്യഗ്രഹം ഗാന്ധിയന്‍ പരിമിതികളില്‍ നിന്നുള്ള കേരളത്തിലെ സ്വാതന്ത്യ്ര പ്രസ്ഥാനത്തിന്‍റെ വിച്ഛേദമായിരുന്നു. അതോടെ നവോത്ഥാനവും ദേശീയ പ്രസ്ഥാനവും ഇന്ത്യയില്‍ മറ്റെവിടെയും സംഭവിക്കാത്ത വിധം സമന്വയിക്കപ്പെട്ടു. അതിനു മുന്‍പുതന്നെ വൈകുണ്ഠസ്വാമികള്‍, അയ്യങ്കാളി, കുമാരഗുരുദേവന്‍ വേലുക്കുട്ടി അരയന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അധഃസ്ഥിത ജനവിഭാഗങ്ങള്‍ നടത്തിയ സമരങ്ങള്‍ക്ക് ഇനിയും ചരിത്രത്തില്‍ വേണ്ടത്ര ഇടം കിട്ടാതെ പോവുകയും ചെയ്തു. 1822 മുതല്‍ 1859 വരെ നടന്ന ചാന്നാര്‍ സമരം ഉള്‍പ്പെടെ കീഴാള സമൂഹങ്ങള്‍ നടത്തിയ എണ്ണമറ്റ സമരങ്ങള്‍ വിശദമായ പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. വൈക്കം സത്യഗ്രഹത്തില്‍ നിന്നും ക്രിസ്ത്യാനിയായതുകൊണ്ടു മാത്രം മാറ്റിനിര്‍ത്തപ്പെട്ട ജോര്‍ജ് ജോസഫിന്‍റെ ചരിത്രവും മറക്കരുത്.

5.3          ജാതിപ്രശ്നം കേവലം സാമൂഹ്യ ബന്ധങ്ങളുടെ തലത്തില്‍ മാത്രമല്ല, അത് ജന്മി-കുടിയാന്‍ ബന്ധങ്ങളില്‍ പ്രകടമാവുന്ന യഥാര്‍ത്ഥ വൈരുദ്ധ്യത്തിലാണ് നങ്കൂരമിട്ടിട്ടുള്ളതെന്ന് തിരിച്ചറിഞ്ഞ് രാജ്യത്താദ്യമായി ജാതിവിരുദ്ധ പ്രസ്ഥാനം, ജാതി-ജന്മി-നാടുവാഴി വിരുദ്ധ ദേശീയപ്രസ്ഥാനമായി വികസിപ്പിക്കുന്നതിന് കമ്യൂണിസ്റുകാര്‍  സൈദ്ധാന്തികമായും പ്രായോഗികമായും മുന്‍കൈ എടുത്തു. ഇതിനെല്ലാം അനുകൂലമായി മലയാളിയുടെ മനസ്സ് പ്രതിസ്പന്ദിക്കുംവിധം നമ്മുടെ ജനതയുടെ ഹൃദയത്തിലും ബുദ്ധിയിലും ചലനങ്ങള്‍ സൃഷ്ടിച്ച പുരോഗമന സാഹിത്യകലാപ്രവര്‍ത്തനങ്ങളും സമാന്തരമായി വളര്‍ന്നു വന്നിരുന്നു.

6. മുതലാളിത്തത്തിന്‍റെ പ്രതിസന്ധികള്‍

6.1          മുതലാളിത്തത്തിന്‍റെ ഇന്നത്തെ  പ്രതിസന്ധി ശരിയായ രീതിയില്‍ പഠിക്കേണ്ടതുണ്ട്. പ്രതിസന്ധി എന്നല്ല മാര്‍ക്സ് പ്രതിസന്ധികള്‍ എന്ന ബഹുവചനത്തില്‍ തന്നെയാണ് പ്രയോഗിക്കുന്നത്. എപ്പോഴും മുതലാളിത്തം പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കും. ഉല്പാദന രീതികളും ബന്ധങ്ങളും തമ്മിലുള്ള സംഘര്‍ഷം പലതരത്തില്‍ മൂര്‍ച്ഛിച്ചുകൊണ്ടേയിരിക്കും. കേരളം ഒരു മുതലാളിത്ത സമൂഹം എന്ന നിലയില്‍ വളര്‍ന്നു വരുമ്പോള്‍ ശ്രദ്ധിക്കുക: ജീവിതസൂചികകള്‍ എല്ലാം നാം നിറവേറ്റിക്കഴിഞ്ഞുവെന്ന് അഭിമാനിക്കുമ്പോള്‍, 25 ലക്ഷം മറ്റു സംസ്ഥാന ക്കാര്‍ കേരളത്തില്‍ നിറയുന്നു. അവരുടെ ആരോഗ്യം, കൂലി വ്യവസ്ഥ, സംഘടന, സംസ്കാരം, ജീവിതാവസ്ഥകള്‍ ആര് വിലയിരുത്തുന്നു? ലാഭം മാത്രം ലക്ഷ്യമായ മുതലാളിത്തത്തിന് ഇതില്‍ എന്തു ഉല്‍ക്കണ്ഠ? മുതലാളിത്തത്തിന്‍റെ അത്യാര്‍ത്തി ജനങ്ങള്‍ക്കും പരിസ്ഥിതിക്കുമെതിരെ കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.

7.            നീതി ജനങ്ങളുടെ അപ്പം

7.1          വിപ്ളവത്തിന്‍റെ സത്ത അധിനിവേശവിരുദ്ധ ചിന്തകായ ഫ്രാന്‍സ് ഫാനന്‍റെ കാഴ്ചപ്പാടുസരിച്ച് അപ്പത്തിനുവേണ്ടി മാത്രമുള്ള സമരമല്ല. മറിച്ച് മനുഷ്യന്‍റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനുള്ള സമരമാണ്. തീര്‍ച്ചയായും ഇതില്‍ അപ്പവും ഉള്‍പ്പെടും എന്നദ്ദേഹം വ്യക്തമാക്കുന്നുണ്ട്. നീതിയാണ് സൂക്ഷ്മാര്‍ത്ഥത്തില്‍ വിമോചന പ്രവര്‍ത്തനത്തിന്‍റെ ന്യൂക്ളിയസ്. അതുകൊണ്ടാണ് മുതലാളി കാരുണ്യം വെച്ചുനീട്ടി തൊഴിലാളി നീതിക്കായങ്കംവെട്ടി എന്ന് മുന്നേ തന്നെ ഇടശ്ശേരി പാടിയത്. മനുഷ്യന്‍റെ വിശപ്പും ദാഹവും മുതലാളിമാരുടെ കാരുണ്യംകൊണ്ടോ കഞ്ഞിപ്പാര്‍ച്ചകൊണ്ടോ പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളല്ല. കുപ്പക്കുഴിയില്‍നിന്ന് ജന്തുക്കളെപ്പോലെ, ആരോ വലിച്ചെറിയുന്ന അവശിഷ്ടങ്ങള്‍ തിന്നേണ്ടി വരുന്ന മനുഷ്യന്‍റെ അവസ്ഥ എന്തുമാത്രം സങ്കടകരമാണ്. വിശപ്പ് ഒരു രാഷ്ട്രീയ പ്രശ്നമായി മാറുന്ന പ്രശ്നപരിസരം ഇതാണ്. അതുകൊണ്ടാണ് അപ്പമോ ആശയമോ ശിരസ്സോ വയറോ എന്ന പ്രശ്നത്തെ യാന്ത്രികമായി സമീപിക്കുന്ന കാഴ്ചപ്പാടുകളോട് ജനാധിപത്യവാദികള്‍ കലഹിക്കുന്നത്.

7.2          എന്നാല്‍ നീതി ജനങ്ങളുടെ അപ്പമാണ് എന്ന് പ്രഖ്യാപിച്ചപ്പോള്‍ ബ്രഹ്ത് ശിരസ്സ്-വയര്‍ ദ്വന്ദ്വത്തെ വൈരുദ്ധ്യാത്മകമായി മറികടക്കുകയായിരുന്നു. സത്യത്തില്‍ കേരളത്തിലെ കീഴാളര്‍ നടത്തിയ ഓരോ സമരവും അവരുടെ ആത്മാഭിമാവും അതോടൊപ്പം മനുഷ്യരാശിയുടെ അന്തസ്സും ആവിഷ്കരിക്കാനുള്ള സമരങ്ങളായിരുന്നു. കേരളീയ നവോത്ഥാനത്തിന്‍റെ അതിബൃഹത്തായ ചരിത്രം സംഗ്രഹിക്കുക പ്രയാസമാണ്. രീതിശാസ്ത്രപരമായിത്തന്നെ ഇപ്പോള്‍ നിലവിലുള്ള അവസ്ഥ, പൊളിച്ചെഴുതപ്പെടേണ്ടതുണ്ട്. ഏറ്റവും ചുരുങ്ങിയത് ആറ് സവിശേഷ സാമൂഹ്യവിഭാഗങ്ങളെങ്കിലും കേരളത്തില്‍ സജീവമാണ്. ആദിവാസികള്‍, ദളിതര്‍, ക്രിസ്ത്യന്‍, മുസ്ളീം, സവര്‍ണ്ണര്‍, മതരഹിതര്‍ എന്നിങ്ങനെ ഒരു സാമൂഹ്യ വിഭജനം നവോത്ഥാന വിശകലങ്ങളില്‍ അനിവാര്യമാണ്. എല്ലാ വിഭാഗങ്ങളെയും പൊതുവായി ബാധിക്കുന്ന പ്രശ്നങ്ങളെയും, സവിശേഷ പ്രശ്നങ്ങളെയും വേര്‍തിരിച്ച് അപഗ്രഥിക്കേണ്ടതുണ്ട്. ഒന്നിനെയും മറ്റൊന്നിലേക്ക് വെട്ടിച്ചുരുക്കാനാവാത്തവിധം ഓരോന്നും സങ്കീര്‍ണ്ണമാണ്. അതുകൊണ്ട് തന്നെ നവോത്ഥാനത്തിന് ഒരൊറ്റ മാതൃക അസാദ്ധ്യമാക്കും വിധമുള്ള മുഖ്യമാതൃകാ സങ്കല്പം തിരസ്കരിക്കപ്പെടേണ്ടതുണ്ട്.

8.            ആഗോളവല്ക്കരണം എന്ന അധിനിവേശം

8.1          കേരളം കടന്നു പോന്ന വഴികളിലേക്കുള്ള ഈ തിരിഞ്ഞു നോട്ടം, നാമിപ്പോള്‍ എത്തി നില്ക്കുന്നത് എവിടെയാണെന്ന് നിര്‍ണ്ണയിക്കാനും ഇനി സഞ്ചരിക്കേണ്ട ദിശ ഏതെന്നറിയാനും അത്യാവശ്യമാണ്. പഴയ കൊളോണിയലിസം പുതിയ ആഗോളവല്ക്കരണമായി ലോകത്തിന്‍റെ ഭരണം കൈയേറ്റിരിക്കുന്നു. ആഗോളവല്ക്കരണം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ ദ്വിഗ്വിജയമല്ലാതെ മറ്റൊന്നുമല്ല. എന്നാല്‍ ആ സത്യം മൂടിവച്ച് പ്രബുദ്ധതയുടെ കാവല്‍ക്കാരാണ് തങ്ങളെന്നും, ശാസ്ത്രം നിര്‍മ്മിച്ചുയര്‍ത്തിയ പുതിയ റോമിനെ ഉപരോധിക്കുന്ന പ്രാകൃത ശക്തികളെ പ്രതിരോധിക്കുകയാണ് തങ്ങള്‍ സ്വയം ഏറ്റെടുത്ത മഹാദൌത്യമെന്നും സാമ്രാജ്യത്വം പ്രചരിപ്പിക്കുന്നു. ആധുനികതയെയോ പ്രബുദ്ധതയെയോ അല്ല ഉത്തരാധുനികതയുടെ വിചാര പദ്ധതികളെയാണ് ആഗോളവല്ക്കരണം പ്രതിനിധീകരിക്കുന്നതും വിതച്ച് വിളയിപ്പിക്കുന്നതും. ജീവിതത്തിന്‍റെ കേന്ദ്രത്തില്‍ രാഷ്ട്രീയമല്ല, സംസ്കാരമാണ് എന്ന വിശ്വാസം ഉത്തരാധുനികതയുടെ മുഖമുദ്രയാണ്. മതവും രാഷ്ട്രീയവും പരസ്പരം തീപിടിപ്പിക്കുന്നിടത്ത് മതം സംസ്കാരത്തിന്‍റെ പര്യായമായിത്തീരുന്നു എന്ന് ഐജാസ് അഹമ്മദും ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ രാഷ്ട്രീയം സംസ്കാരമാവുകയും സംസ്കാരം മതമാവുകയും ആഗോളവല്ക്കരണത്തിനും അമേരിക്കന്‍ മേല്‍ക്കോയ്മയ്ക്കും എതിരെയുള്ള സമരങ്ങള്‍ സംസ്കാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ആയി വഴിതിരിച്ചുവിടാന്‍ അധിനിവേശ ശക്തികള്‍ക്ക് സാധിക്കുകയും ചെയ്യുന്നു.

8.2          ആഗോളവല്ക്കരണത്തെ എതിര്‍ക്കുകയാണെന്ന നാട്യത്തില്‍ ആധുനികതയെയും നവോത്ഥാന മൂല്യങ്ങളെയും ഇസ്ളാമിസ്റുകളും ഹിന്ദുത്വവാദികളും പോലുള്ളവര്‍ ആക്രമിക്കുന്നു. ആധുനികതയെ സ്വീകരിക്കുകയാണെന്ന് വിചാരിച്ചും വിശ്വസിച്ചും സ്വയം ന്യായീകരിച്ചും ആഗോളവല്ക്കരണത്തെ മറ്റുചിലര്‍ സ്വാഗതം ചെയ്യുന്നു. ഈ രണ്ടു പ്രവണതകളെയും തുറന്നു കാട്ടുകയും എതിര്‍ത്തു തോല്പിക്കുകയും ചെയ്തുകൊണ്ടല്ലാതെ ദേശീയ തലത്തിലും സാര്‍വ്വദേശീയ തലത്തിലും ആഗോളവല്ക്കരണത്തിന് ബദലുകള്‍ ഉയര്‍ത്തിക്കൊണ്ടു വരാനാവുകയില്ല.

8.3          ഇതുവരെ രാഷ്ട്രം ദേശത്തിന്‍റെ താല്പര്യങ്ങളെ സാര്‍വ്വദേശീയ രംഗത്ത് പ്രതിനിധാനം ചെയ്തു. ഇപ്പോള്‍ രാഷ്ട്രം ആഗോളസാമ്പത്തിക താല്പര്യങ്ങളെ ദേശത്തിനുള്ളില്‍ പ്രതിനിധാനം ചെയ്യുന്നു (ഐജാസ്). ദേശീയതയെയും അതിന്‍റെ ഉള്ളടക്കമാകേണ്ട സാര്‍വ്വദേശീയതയെയും ശിഥിലമാക്കാനാണ് ആഗോളവല്ക്കരണ ശക്തികള്‍ ശ്രമിക്കുന്നത്. മൂലധനത്തോടല്ലാതെ അതിന് മറ്റൊന്നിനോടും പ്രതിബദ്ധതയില്ല. മാര്‍ക്സ് വ്യക്തമാക്കിയതുപോലെ, പത്ത് ശതമാനം ലാഭത്തിന് അത് എവിടേയും വ്യാപിക്കും. ഇരുപതു ശതമാനം ലാഭം അതിന്‍റെ ആര്‍ത്തി വളര്‍ത്തും. അമ്പതു ശതമാനം ലാഭം അതിനെ എന്ത് സാഹസികതയ്ക്കും സജ്ജമാക്കും. നൂറു ശതമാനം ലാഭം കിട്ടിയാല്‍ അത് സര്‍വ്വ മാനുഷിക മൂല്യങ്ങളെയും ചവുട്ടിമെതിക്കും. മുന്നൂറ് ശതമാനം ലാഭം ലഭിച്ചാല്‍ സ്വന്തം ഉടമയെ തൂക്കിലേറ്റാനും അത് മടിക്കില്ല. സ്വന്തം വളര്‍ച്ചയ്ക്ക് ദേശീയത ആവശ്യമാകുന്നിടത്തോളം കാലം മാത്രം മൂലധനശക്തികള്‍ ദേശീയവാദികളാവും. ഒരേ ഒരിന്ത്യ ഒരൊറ്റ ജനത എന്ന് അവരും ആവേശഭരിതരാവും. അതുകഴിഞ്ഞാലവര്‍ ദേശീയതയുടേയും സാര്‍വ്വദേശീയതയുടേയും ശത്രുക്കളാവുകയും ചെയ്യും.

8.4          രാഷ്ട്രങ്ങള്‍ തമ്മിലുള്ള അസഹിഷ്ണുതയല്ല, സൌഹൃദമാണ് സാമ്രാജ്യത്വവിരുദ്ധ സമരങ്ങള്‍ ആവശ്യപ്പെടുന്നത്. സ്വന്തം ദേശത്തിന്‍റെ പതാകയ്ക്കൊപ്പം മനുഷ്യാവകാശങ്ങളുടെ പതാകയും ഉയര്‍ത്തിപ്പറത്താന്‍ ഓരോ രാഷ്ട്രവും സ്വയം സന്നദ്ധമാകണം. മനുഷ്യാവകാശങ്ങള്‍ക്ക് കീഴ്പ്പെട്ടു നില്ക്കുമ്പോഴാണ് മറ്റെന്തുമെന്നപോലെ ദേശീയതയും പ്രസക്തമാവുന്നത്. മനുഷ്യാവകാശങ്ങള്‍ക്ക് മുറിവേല്ക്കുംവിധം അത് മാറുമ്പോള്‍ ഐന്‍സ്റീന്‍ പറഞ്ഞതുപോലെ അതൊരു രോഗമാവും. നയതന്ത്ര വേദികളില്‍ വരെ അത് കിടന്ന് ജീര്‍ണ്ണിക്കും. ഏറ്റവും ചുരുങ്ങിയത് തങ്ങളില്‍നിന്ന് വ്യത്യസ്തരായവരോട് സഹിഷ്ണുത പുലര്‍ത്താനെങ്കിലും ദേശീയത സ്വയംപരിശീലിക്കണം. ഇന്ന് ദേശീയതയുടെ പേരില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും നീണ്ടുവരുന്നത് അസഹിഷ്ണുതയുടെ കൊമ്പുകളാണ്. തങ്ങളില്‍ പെടാത്തവരെ മുഴുവന്‍ എങ്ങനെയൈങ്കിലും കുത്തിമലര്‍ത്താനാണ് അത് ശ്രമിക്കുന്നത്. മഹാത്മാഗാന്ധി വിശദമാക്കിയതുപോലെ സ്വന്തം നിലപാടില്‍ വിശ്വാസം ഇല്ലാത്തതിന്‍റെ ലക്ഷണമാണ് അസഹിഷ്ണുത.

8.5          മതത്തെയും ഭരണകൂടത്തെയും രണ്ടായി കാണുന്ന മതേതരത്വത്തെ എതിര്‍ക്കുക; ഇസ്ളാമിക രാഷ്ട്രം സ്ഥാപിക്കണമെന്ന് ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുക; ഇസ്ളാമിക രാഷ്ട്രത്തിനകത്തു മാത്രമേ ഇസ്ളാം മതവിശ്വാസത്തെ മുന്നോട്ട് കൊണ്ടു പോകാനാകൂ എന്ന സമീപനമെടുക്കുക; ഇത്തരം ആശയങ്ങളുടെ പ്രചാരണത്തിനായി മിതവാദപരവും തീവ്രവാദപരവുമായ നിലപാടുകളെടുക്കുക എന്നിങ്ങനെ മുസ്ളീം സമുദായത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന വിവിധ ഭീകര/തീവ്രവാദ സംഘടനകള്‍ ഇന്ത്യന്‍/കേരള സമൂഹങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്. വര്‍ഗ്ഗീയ/സാമ്രാജ്യത്വ/ഫാസിസ്റ് ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതില്‍ പലപ്പോഴും ഭരണകൂടത്തിന് പോരായ്മ സംഭവിക്കുന്നു. ന്യൂനപക്ഷങ്ങളിലെ വളരെ ചെറിയ ഒരു വിഭാഗത്തെ ഭീകരവാദത്തിലേക്ക് നയിക്കുന്നതിന് ഇതും സാഹചര്യമൊരുക്കുന്നുണ്ട്.  ഒരിക്കലും ന്യായീകരിക്കാവുന്ന പ്രവണതയല്ല ഇത്. മതനിരപേക്ഷ സമൂഹമെന്നത് ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമാണ്. അത്തരമൊരു സമൂഹത്തെ ശക്തിപ്പെടുത്തുന്നതിനു പകരം മുസ്ളീം ജനവിഭാഗങ്ങളെ മുഖ്യധാരയില്‍നിന്ന് അകറ്റി നിര്‍ത്താനാണ് വര്‍ഗ്ഗീയ തീവ്രവാദസംഘടനകള്‍ ശ്രമിക്കുന്നത്. അവരുടെ അജണ്ടകളെ നമുക്ക് ചെറുക്കാന്‍ കഴിയണം. എല്ലാ മതമൌലിക/തീവ്രവാദ മുന്നേറ്റങ്ങളും രാഷ്ട്രത്തിന്‍റെ സ്വതന്ത്ര പരമാധികാരത്തെയും മനുഷ്യസ്നേഹപരമായ സാര്‍വ്വദേശീയതയെയുമാണ് അടിസ്ഥാനപരമായി ആക്രമിക്കുന്നത്. ആധുനിക ഇന്ത്യയെ നിര്‍വ്വചിക്കുന്ന ഉദാര-ജനാധിപത്യ കാഴ്ചപ്പാടിനെ ഇക്കൂട്ടര്‍ പിച്ചിച്ചീന്തുന്നു. ന്യൂനപക്ഷ വര്‍ഗ്ഗീയത ഇക്കാര്യത്തില്‍ ഭൂരിപക്ഷ ഫാസിസ്റ്റുകള്‍ക്ക് അടിവളമായി മാറുകയും ഏജന്റ് പ്രൊവോക്കേറ്റേഴ്സിന്‍റെ റോള്‍ നിര്‍വ്വഹിക്കുകയുമാണ് ചെയ്യുന്നത്. വര്‍ഗ്ഗീയതകള്‍ക്ക് ഏതെങ്കിലും മതത്തെയോ മതവിശ്വാസത്തെയോ മതവിശ്വാസികളെയോ സംരക്ഷിക്കാന്‍ കഴിയില്ല എന്നത് ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. നിലനില്പിനും വളര്‍ച്ചയ്ക്കും വേണ്ടി പരസ്പരം വെറുപ്പും വിദ്വേഷവും വളര്‍ത്തുകയാണ് അവര്‍ ചെയ്യുന്നത്. അവരുടെ നീക്കങ്ങളെ തുറന്നുകാട്ടി സമാധാനവും സഹവര്‍ത്തിത്വവും മതസൌഹാര്‍ദ്ദവും സഹിഷ്ണുതയും ഊട്ടിയുറപ്പിക്കാന്‍ പുരോഗമന കലാ സാഹിത്യ സംഘം എക്കാലത്തും മുന്നിട്ടിറങ്ങും.

9. ആധുനികോത്തരതയും ഭിന്നപാരായണങ്ങളും

9.1          ആധുനികോത്തരത (നുനീനാനീറലൃനിശ്യ) ആഗോളവല്ക്കരണ കാലത്ത് ഉയര്‍ന്നുവന്ന ഒരു സാംസ്കാരിക പ്രതിഭാസമാണ്. ഉയര്‍ന്ന മുതലാളിത്തം(ഒശഴവ ഇമുശമേഹശാ) എന്നും പില്ക്കാല മുതലാളിത്തം (ഘമലേ ഇമുശമേഹശാ) എന്നും സാങ്കേതിക മുതലാളിത്തം (ഠലരവിനീ ഇമുശമേഹശാ) എന്നും പാശ്ചാത്യ സാമ്പത്തിക ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്ന പുതിയ സാമ്പത്തിക ഘട്ടത്തിന്‍റെ സാംസ്കാരിക പ്രതികരണങ്ങളായാണ് ആധുനികോത്തര കലാ സാഹിത്യ പ്രവണതകളെ വിലയിരുത്തുന്നത്. ചിത്രകല, കെട്ടിടിര്‍മ്മാണ കല, സംഗീതം, കഥ, നോവല്‍, കവിത, സിനിമ മുതലായ ആവിഷ്കാരങ്ങളിലെല്ലാം രൂപപരമായും പ്രമേയപരമായും സംഭവിച്ച ഭാവപ്പകര്‍ച്ചകള്‍ അവിതര്‍ക്കിതമാണ്. ഈ മാറ്റങ്ങളെ ജ്ഞാനസമ്പാദന ഭൂപടത്തില്‍ അടയാളപ്പെടുത്തുകയാണ് ഇടതുപക്ഷ നിരൂപകര്‍ ഇന്ന് ചെയ്യുന്നത്.

9.2          തത്ത്വചിന്തയിലും സിദ്ധാന്തങ്ങളിലും ആധുനികോത്തരതയുടെ വലിയ സംഭാവനകള്‍ ഉണ്ടായിട്ടുണ്ട്. അപനിര്‍മ്മാണ തര്‍ക്ക ശാസ്ത്രത്തിന്‍റെ ആവിര്‍ഭാവവും വളര്‍ച്ചയും പാശ്ചാത്യ കേന്ദ്രിതവും, പുരുഷകേന്ദ്രിതവുമായ യുക്തിയെയും ആവിഷ്കാരങ്ങളെയും വിമര്‍ശാത്മകമായി അപഗ്രഥിക്കാനുള്ള ഉപാദാനമായി മാറിയിരിക്കുന്നു. കേള്‍ക്കാത്തതും കാണാത്തതുമായ ശബ്ദങ്ങള്‍ക്കും ചിഹ്നങ്ങള്‍ക്കും ഇടം കണ്ടെത്താനും, ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ മാറ്റിവെക്കുകയോ മറച്ചുവെക്കുകയോ ചെയ്ത സാംസ്കാരിക ചിഹ്നങ്ങള്‍ക്ക് വെളിച്ചം കാണാനും വായനയിലെ പുതിയ പ്രവണതകള്‍ അതായത് പുനര്‍വായന അവസരം സൃഷ്ടിച്ചിട്ടുണ്ട്.

9.3          ആധുനികതയുടെ കാര്യത്തിലെന്നപോലെ ആധുനികോത്തരതയുടെ കാര്യത്തിലും വിവിധങ്ങളായ ധാരകളും ആഖ്യാനങ്ങളും ഉണ്ടാവുന്നുണ്ട്. കലയിലും സാഹിത്യത്തിലും തത്ത്വചിന്തയിലും ജനാധിപത്യത്തെയും സ്വാതന്ത്യ്രത്തെയും ഭ്രാതൃത്വത്തെയും (ഉലാനീരൃമര്യ, എൃലലറീനാ, ആൃനീവേലൃവീനീറ) സഹായിക്കുന്ന വായനകളും ആവിഷ്കാരങ്ങളും തിരിച്ചറിയേണ്ടത് അനിവാര്യമാണ്. അതുകൊണ്ടു തന്നെ കീഴാള – ദളിത – സ്ത്രീപക്ഷവായനകള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്ന പുരോഗമനപരമായ ദൌത്യം സുപ്രധാനമാണ്. കോളനീകരണത്തിന്‍റെ ഭിന്നമുഖങ്ങള്‍ അനാവരണം ചെയ്യാനും ആധിപത്യത്തിന്‍റെ കാണാച്ചരടുകള്‍ കണ്ടെത്താനും പുതിയ സമീപനങ്ങള്‍ സഹായിച്ചിട്ടുണ്ട്. പൂര്‍വ്വ നിശ്ചിതമായ സാംസ്കാരിക മാതൃകകളുടെ അധികാരപ്രയോഗവും മേധാവിത്തവും ചോദ്യം ചെയ്യാനുള്ള ഊര്‍ജ്ജമാണ് മുഖ്യമായും ആധുനികോത്തര സൈദ്ധാന്തിക പരിസരം സംഭാവനചെയ്തത്.

9.4          നാടന്‍ കലകള്‍ക്കും പ്രാദേശിക സംസ്കാരങ്ങള്‍ക്കും മര്‍ദ്ദിത മുദ്രകള്‍ക്കും ഉയര്‍ന്നു വരാനുള്ള ഇടം ആധുനികോത്തരതയുടെ ഭാഗമായി വികസിച്ചിട്ടുണ്ട്. യാഥാര്‍ത്ഥ്യത്തെ ഒരൊറ്റ കുടയ്ക്കു കീഴില്‍ അമര്‍ത്തുന്ന ഏകശിലാ കേന്ദ്രിത സാംസ്കാരിക ദേശീയതകളെയാണ് ആധുനികോത്തര സമീപനങ്ങള്‍ പ്രധാനമായും ചോദ്യം ചെയ്യുന്നത്. സംസ്കാരത്തിലെ ബഹുസ്വരതയും അമര്‍ത്തപ്പെട്ടവരുടെ ശബ്ദവിന്യാസങ്ങളും മൂലധന ആഗോളവല്ക്കരണത്തിനും സാംസ്കാരിക അധിനിവേശത്തിനും എതിരായി പ്രബലപ്പെടുന്ന ആരോഗ്യകരമായ അവസ്ഥ ഒരു വശത്തും കോര്‍പ്പറേറ്റുകളുടെയും സാമ്രാജ്യത്വത്തിന്‍റെയും അധികാര ശബ്ദം മറുവശത്തും ഒരേ സമയം കാണാന്‍ കഴിയും.

10. ഇടതുപക്ഷത്തിനെതിരെ ആക്രമണം

10.1        ഇരുപതാം നൂറ്റാണ്ടിന്‍റെ കേരള ചരിത്രത്തില്‍ ഒരാരോഹണവും അവരോഹണവും സംഭവിച്ചിട്ടുണ്ട്. പരാമൃഷ്ടമായ വൈക്കം സത്യഗ്രഹം (1924) ആരോഹണത്തിന്‍റെ ആരംഭബിന്ദുവാണെങ്കില്‍ വിമോചനസമരം (1959) അവരോഹണത്തിന്‍റെ തുടക്കമായിരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വം സ്വതന്ത്രഭാരതത്തില്‍ നടത്തിയ ആദ്യത്തെ ഇടപെടലാണ് വിമോചനസമരം. കമ്യൂണിസത്തെ തകര്‍ക്കാന്‍ ആദ്യം നശിപ്പിക്കേണ്ടത് ജനാധിപത്യത്തെയും മതേതരത്വത്തെയുമാണെന്ന് കേരളത്തിലെ വലതുപക്ഷ ശക്തികള്‍ക്ക് ഓതിക്കൊടുത്തത് സി ഐ എയുടെ ബുദ്ധികേന്ദ്രങ്ങളായിരുന്നു. കഴിഞ്ഞ അന്‍പതു കൊല്ലംകൊണ്ട് കേരളീയ ജീവിതത്തിന്‍റെ സമസ്ത രംഗങ്ങളിലേക്കും വേണ്ടത്ര ആരുടേയും കണ്ണില്‍പ്പെടാതെ നിശ്ശബ്ദം ഇഴഞ്ഞെത്തിയ ഒരു പ്രതിവിപ്ളവത്തിന്‍റെ പൂര്‍വ്വരംഗമായിരുന്നു 1959 ലെ വിമോചന സമരം. കമ്യൂണിസത്തെ കൈകാര്യം ചെയ്യാന്‍ കേരളത്തിന്‍റെ നവോത്ഥാനവും പുരോഗതിയും അട്ടിമറിക്കുന്നതിലേക്കാണ് അതെത്തിച്ചേര്‍ന്നത്.

10.2        രണ്ടാം വിമോചനസമരം എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ളതും ജുഗുപ്സാവഹവും അദൃശ്യവും അത്യന്തം സങ്കീര്‍ണ്ണവുമായ ആക്രമണങ്ങളാണ് കഴിഞ്ഞ വര്‍ഷം പുരോഗമനജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കു രേെ കേരളത്തില്‍ അരങ്ങേറിയത്. സാമ്രാജ്യത്വത്തിന്‍റെയും ഹിന്ദുത്വ ഫാസിസത്തിന്‍റെയും സമ്പൂര്‍ണ്ണ പിന്തുണയോടെ, മാദ്ധ്യമങ്ങളും വലതുപക്ഷ രാഷ്ടീയ-സാമൂഹ്യ പ്രസ്ഥാനങ്ങളും ജാതിസംഘടനകളും മതമൌലികവാദികളും എല്ലാം ചേര്‍ന്ന മഴവില്‍ മഹാസഖ്യം തന്നെ കേരളത്തില്‍ നിറഞ്ഞാടി. സാമാന്യബോധത്തിന്‍റെ അതിര്‍ത്തികള്‍ പരിഹാസ്യമാം വിധം ഉല്ലംഘിക്കുന്ന പൊതുബോധ ആവിഷ്കാരങ്ങളുടെ അശ്ളീലതകൊണ്ട് കേരളം മലിമായിത്തീര്‍ന്നു. വിമോചനസമരകാലത്ത് ഏതാനും ലഘുലേഖകള്‍ ഇറങ്ങിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും അവ മിക്കവാറും പില്ക്കാലത്ത് വിസ്മൃതിയിലേക്ക് മറയുകയും ചരിത്രത്തില്‍നിന്ന് അതുകൊണ്ടു തന്നെ പിന്‍വലിക്കപ്പെടുകയും ചെയ്തു. എന്നാല്‍, ഇക്കുറി മുഖ്യധാരാ പുസ്തകപ്രസിദ്ധീകരണക്കുത്തകയുടെ ആകര്‍ഷണവലയത്തിലേക്ക് കുറെയധികം എഴുത്തുകാര്‍ വന്നു വീഴുകയും വെട്ടുവഴികവിത എന്ന ആശയം പ്രയോഗവല്ക്കരിക്കപ്പെടുകയും ചെയ്തു. പുരോഗമനസാഹിത്യത്തെ പ്രചാരണ സാഹിത്യം എന്ന് പരിഹസിച്ചവര്‍ നിര്‍ലജ്ജം വലതുപക്ഷപ്രചാരണത്തിന്‍റെ മോടിയില്‍ ആകൃഷ്ടരായി സൂകരപ്രസവം പോലെ കവിതകളുമായി ക്യൂ നിന്ന ആഭാസകരമായ കാഴ്ചയ്ക്കും നാം സാക്ഷ്യം വഹിച്ചു. ഏറ്റവും കൌതുകകരമായ കാര്യം, എല്ലുറപ്പു കുറഞ്ഞ ഏതാനും പുരോഗമനക്കാരും ഈ അഴുക്കുചാല്‍വഴിയിലെ വിമോചനസമരക്കാരന്‍റെ കുപ്പായം തയ്പ്പിച്ചു എന്നതാണ്. മൂലധനത്തിന്‍റെ സ്വര്‍ണ്ണത്തളികയിലെ പാലും പഴവും കണ്ട് പ്രലോഭിതരായിട്ടാണ് ഇക്കൂട്ടര്‍ വെട്ടുവഴിയിലേക്ക് അടിഞ്ഞു കൂടിയത് എന്ന് തിരിച്ചറിയുന്നതിനാല്‍ ഇവരോട് സംഘം നിരുപാധികം പൊറുക്കുന്നു. ഹൃദയഭേദകമായ കൊലപാതകങ്ങള്‍ പിന്നീടും നിര്‍ബ്ബാധം നടന്നപ്പോള്‍, പുതിയ പുതിയ വെട്ടുവഴികവിതകളും കഥകളും മലയാള സാഹിത്യത്തെ സമകാലികമാക്കും എന്ന് നാം പ്രതീക്ഷിച്ചുവെങ്കിലും ആ പ്രതീക്ഷ അസ്ഥാനത്തായി എന്നതാണീ കപടനാടകങ്ങളുടെയെല്ലാം ബാക്കിപത്രം.

10.3        കേരളത്തിന്‍റെ മണ്ണിലൂടെയും മലയാളിയുടെ മനസ്സിലൂടെയുമാണ് ഇടതുപക്ഷ രാഷ്ട്രീയം കടന്നു വന്നത്. മണ്ണും അതില്‍ മടയ്ക്കുന്ന കൃഷിക്കാരും തമ്മില്‍, അദ്ധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മില്‍ എല്ലാമുള്ള ബന്ധങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് ഇവിടെ പുരോഗമനപ്രസ്ഥാനം വളര്‍ന്നുവന്നത്. ഭൂപരിഷ്കരണത്തെ തുടര്‍ന്ന് കൃഷി വ്യവസായവല്ക്കരിക്കുകയോ കാര്‍ഷിക വ്യവസായങ്ങള്‍ വളര്‍ന്നു വരികയോ ചെയ്തില്ല. വിദേശ മലയാളികളുടെ പണം വിന്യസിക്കേണ്ടിയിരുന്നത് ഈ മേഖലകളിലായിരുന്നു. എന്നാല്‍ സംഭവിച്ചത് ഭൂമിയുടെ ചരക്കുവല്ക്കരണമാണ്. എല്ലാവര്‍ക്കും ഭൂമിയും വിദ്യാഭ്യാസവും ആരോഗ്യവും എന്ന സ്വപ്ന ചക്രവാളത്തിലേക്ക് എത്താന്‍ കേരളം ചില നീണ്ട ചുവടുകള്‍ വെച്ചുതുടങ്ങിയതാണ്. ആ യാത്ര, എന്നാല്‍ ഇന്ന് തടയപ്പെടുകയാണ്. ഭൂമിയെപ്പോലെ തന്നെ വിദ്യാഭ്യാസവും രോഗചികിത്സയും വന്‍ വ്യാപാരമായി മാറി. എല്ലാറ്റിനും വില കൂടി; ചെലവേറി. ഭൂവിലവീര്‍പ്പ് കൈയിലുണ്ടായിരുന്ന തുണ്ടു ഭൂമി വിറ്റ്  ചെലവേറിയ വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും വിവാഹത്തിനുമൊക്കെയായി മലയാളി പണം ചെലവിട്ടു. എന്നാല്‍ അതോടെ ഭൂരഹിതരായവര്‍ക്ക് പിന്നീടുള്ള പഠനവും ചികിത്സയും അപ്രാപ്യമായി. ചുരുക്കത്തില്‍ രക്തസ്നാതമായ സമരങ്ങളിലൂടെ നമ്മുടെ ജനത കൈവരിച്ച സാമ്പത്തിക സന്തുലനം സമ്പൂര്‍ണ്ണമായും തകര്‍ന്നുപോയി. ഒരു വ്യവസായാന്തര സമൂഹമാണ് ഉത്തരാധുനികതയുടെ പശ്ചാത്തലമെങ്കില്‍ അത്തരമൊരു ഭൌതിക ജീവിത പരിസരമാണ്  ഇവിടെയും തിടംവച്ചു വന്നിരിക്കുന്നതെന്ന് കണ്ണുള്ളവര്‍ക്കു മുഴുവന്‍ കാണാന്‍ കഴിയും.

11. കരിനിയമങ്ങള്‍

11.1        ജനാധിപത്യത്തിനും ദൈനംദിനജീവിതത്തിനും മേല്‍ സൈനികാധികാരം സൃഷ്ടിക്കുന്ന അതിഗുരുതരമായ സമ്മര്‍ദ്ദങ്ങളും തടസ്സങ്ങളും അടിച്ചമര്‍ത്തലുകളും വേണ്ടത്ര ഗൌരവത്തോടെയും സ്വാതന്ത്യ്രാവബോധത്തോടെയും തുറന്നു കാട്ടുകയും പ്രതിരോധിക്കുകയും വേണം. എ എഫ് എസ് പി എ 1958 പോലുള്ള അതിക്രൂര നിയമങ്ങള്‍ ഇന്ത്യയിലിപ്പോഴും കോട്ടം തട്ടാതെ നിലനില്ക്കുകയും  നടപ്പിലാക്കി വരികയും ചെയ്യുന്നു എന്നത് ഇന്ത്യന്‍ ജനാധിപത്യത്തിനും രാഷ്ട്രത്തിന്‍റെ പരമാധികാരത്തിനും കടുത്ത ഭീഷണിയാണ്. അതിരുകളിലും അരികുകളിലും ഉള്ള സംസ്കാരങ്ങളെയും ജനതകളെയും തകര്‍ക്കാന്‍ മുഖ്യധാരയിലേക്ക് വിലയിപ്പിക്കുന്നു എന്ന വ്യാജ പ്രതീതി ജിപ്പിച്ചുകൊണ്ട് ഈ നിയമമാണ് ഉപയോഗിച്ചു വരുന്നത്.

11.2        ഇറോം ശര്‍മ്മിളയുടെ വര്‍ഷങ്ങള്‍ നീണ്ട നിരാഹാര സത്യാഗ്രഹം ലോകമസ്സാക്ഷിക്കു മുമ്പിലെ ഞെട്ടലായിത്തീരുമ്പോഴും നാം ഏതു സുഖാലാസ്യത്തില്‍ മയങ്ങി അതി തമസ്കരിക്കുന്നു എന്ന ആത്മപരിശോധ നടത്തേണ്ടതാണ്. യുഎപിഎ, മോക്ക, ടാഡ, പോട്ട തുടങ്ങി വിവിധ പേരുകളില്‍ അവതരിപ്പിക്കപ്പെടുകയും പ്രയോഗിക്കപ്പെടുകയും ചെയ്യുന്ന അമിതാധികാര നിയമങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും അങ്ങേയറ്റം ക്ഷതം സംഭവിപ്പിക്കുന്നു. വിചാരണ കൂടാതെ വര്‍ഷങ്ങള്‍ തടവിലിടാന്‍ അധികാരം കൊടുക്കുന്ന ഇത്തരം നിയമങ്ങള്‍ അടിയന്തരമായി പിന്‍വലിക്കണം. മുസ്ളീം ന്യൂനപക്ഷത്തില്‍പ്പെട്ടവരാണ് മിക്കപ്പോഴും ഈ നിയമങ്ങള്‍ക്കിരയാകുന്നതെന്ന കാര്യം ഇന്ത്യയുടെ ബഹുസ്വരതയെയും മതനിരപേക്ഷതയെയും വല്ലാതെ ദുര്‍ബ്ബലപ്പെടുത്തുന്നുണ്ട്.

12. മനുഷ്യാവകാശ നിഷേധങ്ങള്‍ക്കെതിരെ

12.1        മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളിലും പ്രക്ഷോഭസമരങ്ങളിലും പുരോഗമന കലാസാഹിത്യ സംഘം അണിചേരും. അബ്ദുള്‍ നാസര്‍ മദനിയെ ജാമ്യം നിഷേധിച്ച് അന്യായമായി വിചാരണത്തടവിലിട്ടതും ആ കേസിന്‍റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തക കെ കെ ഷാഹിനയെ വേട്ടയാടുന്നതും ഇന്ത്യയില്‍ മനുഷ്യാവകാശങ്ങള്‍ എത്രമാത്രം ദുര്‍ബ്ബലമാണെന്നതിന്‍റെ  തെളിവാണ്. ഇത്തരം പ്രശ്നങ്ങളില്‍ ജനങ്ങളെ ബോധവല്ക്കരിക്കുന്നതിന് സംഘം മുന്നിട്ടിറങ്ങും.

13. വധശിക്ഷ നിര്‍ത്തലാക്കണം

13.1        വധശിക്ഷ എത്രയും പെട്ടെന്നു നിര്‍ത്തലാക്കേണ്ടതാണ്. ആധുനിക പരിഷ്കൃത രാഷ്ട്രങ്ങളെല്ലാം ഒന്നിനു പുറകേ ഒന്നായി നിര്‍ത്തലാക്കിക്കൊണ്ടിരിക്കുന്ന വധശിക്ഷ ഇന്ത്യയിലിപ്പോഴും പ്രാവര്‍ത്തികമാക്കുന്നത് ഒരു നിലയ്ക്കും ഭൂഷണമല്ല. മാത്രമല്ല അഫ്സല്‍ഗുരുവിനെ തൂക്കിലേറ്റിയതു പോലുള്ള സംഭവങ്ങളില്‍ വധശിക്ഷ ഒരു രാഷ്ട്രീയ ആയുധവും മുതലെടുപ്പുമായി പ്രയോജപ്പെടുത്താനുള്ള പ്രവണതയാണ് പ്രകടമാകുന്നത്. വധശിക്ഷ അവസാനിപ്പിക്കണമെന്ന് ഇടതുപക്ഷം അടക്കമുള്ള സംഘടനകളുടെയും വ്യക്തികളുടേയും അഭിപ്രായം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കണം.

14. മാതൃഭാഷ-വിദ്യാഭ്യാസം

14.1        വിദ്യാഭ്യാസം മാതൃഭാഷയില്‍ ആയിരിക്കണം: വാക്കിന് പദാര്‍ത്ഥവും ഭാവാര്‍ത്ഥവും ഉണ്ട്. ആശയങ്ങള്‍ ഭാവാര്‍ത്ഥമായി വരും. വാക്ക് ചരിത്ര ബന്ധിതമാണ്. ചരിത്രബന്ധത്തില്‍ അറിവ് ആര്‍ജ്ജിക്കണം. ആരുടേയൊ അനുഭവത്തില്‍ പഠിച്ചിട്ട് കാര്യമില്ല. മാതൃഭാഷയില്‍ പഠിക്കാന്‍ സാധ്യമാവാത്തതു കൊണ്ടാണ് മുസ്ളീങ്ങള്‍ പുറകോട്ടു പോയതെന്ന് സച്ചാര്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാതൃഭാഷയെന്നാല്‍ മലയാളം അടിച്ചേല്പിക്കലല്ല. അതിരുകളിലും അട്ടപ്പാടിയിലും വയനാട്ടിലും ഇടുക്കിയിലും കാസര്‍ഗോഡും അതാത് ഭാഷകളില്‍ പഠിപ്പിക്കണം. മലയാളം മലയാളികളല്ലാത്തവര്‍ക്കുമേല്‍ അടിച്ചേല്പിക്കേണ്ടതില്ല. കന്യാകുമാരി ജില്ലയിലും ഗൂഡല്ലൂരിലും അതേസമയം താല്പര്യമുള്ളവര്‍ക്ക് മലയാളത്തില്‍ പഠിക്കാന്‍ അവസരമുണ്ടാകുകയും വേണം. കേരളത്തില്‍ സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ മലയാളം അറിഞ്ഞിരിക്കേണ്ടത് നിര്‍ബ്ബന്ധമാണ്. മാനവ ജീവിതത്തിന്‍റെ വളര്‍ച്ചയ്ക്കിടയില്‍നിന്നും രൂപംകൊള്ളുന്ന ഭാഷയെ വര്‍ഗ്ഗീയവാദത്തിന്‍റെ പേരില്‍ ഉപയോഗിക്കുന്നവര്‍ മനുഷ്യബന്ധത്തിന്‍റെ ശത്രുക്കളാണ്. നൂറ്റാണ്ടുകളോളം വിവരണവിധേയമല്ലാത്ത വിനിമയ ദാഹത്തിന് വഴിതുറന്ന വിവിധ ഭാഷകളെ സഹജാതര്‍ എന്ന നിലയ്ക്ക് സമീപിക്കുന്നതിനു പകരം ശത്രുക്കളായി അവതരിപ്പിക്കാനുള്ള ഏതൊരു ശ്രമവും സാംസ്കാരിക വളര്‍ച്ചയെ മുരടിപ്പിക്കും. നമ്മുടെ ഭരണകൂടം തുടരുന്ന മതപ്രീണന യത്നത്തിന്‍റെയും വിശ്വാസത്തിന്‍റെ പേരില്‍ ജനങ്ങളെ വീതിച്ചെടുക്കാനുള്ള വര്‍ഗ്ഗീയ പ്രസ്ഥാനങ്ങളുടെ ശ്രമത്തിന്റേയും ഫലമായി ഭാഷ മതമുദ്ര കുത്തപ്പെട്ട് മരണത്തിനുള്ള കാരണമായിത്തീര്‍ന്നുകൊണ്ടിരിക്കുന്നു. രണ്ടു പദങ്ങള്‍ കൂടിച്ചേരുമ്പോള്‍ ഉദിക്കുന്ന നക്ഷത്രം കാണാന്‍ നോക്കി നില്ക്കുന്നവരുടെ കണ്ണുകളിലേക്ക് ചോരത്തുള്ളികള്‍ വന്നു വീഴുന്നു. പരസ്പരം പുണര്‍ന്ന് പുളകംപകര്‍ന്ന ഹിന്ദിയുടെയും ഉറുദുവിന്‍റെയും പേരില്‍ ഉത്തര്‍പ്രദേശിലെ ബദൂനില്‍ 1989 ല്‍ ചതഞ്ഞു വീണത് നിര്‍ജ്ജീവമായ അക്ഷരങ്ങളല്ല, ജീവനുള്ള മനുഷ്യരാണ്. കണ്ണീരിനും ചോരയ്ക്കുമിടയില്‍ ഒരല്പം കിവിനുവേണ്ടി കരയുന്നവര്‍ക്കിടയിലേക്ക് വിഷം പുരണ്ട വാക്കുകളാണ് വര്‍ഗ്ഗീയ വാദികള്‍ വാരി വിതറുന്നത്. മനുഷ്യര്‍ മുഴുവന്‍ മരിച്ചാലും ഭാഷ സ്വയം ജീവിച്ചുകൊള്ളും എന്ന  വിചിത്രനിലപാടാണവര്‍ക്കുള്ളത്.

14.2        മലയാളം ശ്രേഷ്ഠ മലയാളമായി മാറി എന്നതില്‍ നാം അഭിമാനിക്കുന്നു. എന്നാല്‍ ഇതിന്‍റെ പേരില്‍ പഴമാവാദത്തെ പൊലിപ്പിക്കാനുള്ള നീക്കങ്ങളോട് യോജിപ്പില്ല. ആധുനിക കാലത്തെ അഭിമുഖീകരിക്കുന്ന ഭാഷയാകുന്നതിനാലാണ് മലയാളം ശ്രേഷ്ഠമാകുന്നത്. എല്‍ ഡി എഫ് സര്‍ക്കാര്‍ കേരളമാകെ നടത്തിയ മലയാളം നമ്മുടെ അഭിമാനം എന്ന മാതൃഭാഷാ  പ്രചാരണ പരിപാടി ജനങ്ങള്‍ ഏറ്റെടുത്തു വിജയിപ്പിക്കുകയുണ്ടായി. അവിടെ നിന്നാണ് ശ്രേഷ്ഠഭാഷാ പദവി നേടിയെടുക്കാനുള്ള നീക്കങ്ങള്‍ ശക്തമായത്. മാതൃഭാഷ ഒരു സംസ്കാരവും ബോധവുമാണെന്ന് നമുക്കറിയാം. ഭാഷാഭ്രാന്തു വേണ്ട. എന്നാല്‍ ഭരണ രംഗത്തും വിദ്യാഭ്യാസ രംഗത്തും കോടതികളിലും മാതൃഭാഷയായ മലയാളം ഒന്നാം ഭാഷയായി സ്ഥാപിച്ചെടുക്കുന്നതിനുള്ള പോരാട്ടം ശക്തമായി തുടരേണ്ടതുണ്ട്. ശാസ്ത്ര പഠനങ്ങളും ഗവേഷണവും മാതൃഭാഷയില്‍ സാദ്ധ്യമല്ല എന്ന അബദ്ധ ധാരണ തിരുത്തപ്പെടണം. ജനമലയാളമാണ് നമ്മുടെ ലക്ഷ്യം.

14.3        മാനവിക വിഷയങ്ങളുടെ പഠവും പ്രവര്‍ത്തനവും കൊണ്ട് വിദ്യാഭ്യാസ മേഖല മതനിരപേക്ഷമായ എഴുത്തിയുേം സംസ്കാരത്തേയും വളര്‍ത്തുന്നതില്‍ കാര്യമായ പങ്കുവഹിച്ചിരുന്നു. എന്നാലിന്ന് മാവിക വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ നിന്നും ഒഴിവാക്കപ്പെടുന്നത് ഗൌരവത്തോടെ കാണണം. വിപണി കേന്ദ്രിത സാങ്കേതിക വിദ്യാഭ്യാസവും സൈബര്‍ വ്യവസായ ലോകവും മാത്രം മതിയെന്ന വ്യാമോഹം വളര്‍ത്തിയെടുക്കുകയാണ്. വിദ്യാഭ്യാസ രംഗമാകെ പൊതുമേഖലയില്‍ നിന്നും സ്വകാര്യമേഖലകളിലേക്ക് മാറ്റുകയാണ്. ഇതുമൂലം പുതിയ തലമുറ മാതൃഭാഷയില്‍നിന്നും വിചാര വിപ്ളവങ്ങളുടെ ലോകത്തുനിന്നും അന്യവല്ക്കരിക്കപ്പെടുന്നു. സാങ്കേതിക വിപ്ളവങ്ങള്‍ വിചാരവിപ്ളവങ്ങളുടെ സ്ഥാനം ഏറ്റെടുത്തിരിക്കുന്നു. അവയാകട്ടെ വിപണിയെ മാത്രം ലക്ഷ്യംവെച്ചാണ് വികസിക്കുന്നത്. ഇവിടെ മാതൃഭാഷാപഠനവും മാതൃഭാഷാ സാഹിത്യവുമെല്ലാം തിരസ്കരിക്കപ്പെടുകയാണ്. എഴുത്തും വായനയും എഴുത്തുകാരുടെ സംഘടനയുമെല്ലാം അവഗണിക്കപ്പെടുന്നു. സാംസ്കാരിക മണ്ഡലങ്ങളിലെ പുത്തന്‍ കൂറ്റുകാര്‍ എന്നത് ദൃശ്യമാദ്ധ്യമ വിചാരിപ്പുകാരും വാണിജ്യ സിനിമാക്കാരും, ഉപരിപ്ളവ മനസ്കരായ വിചാരലോബികളുമായി മാറിയിരിക്കുന്നു. ഇന്റര്‍നെറ്റും, ദ്യശ്യമാദ്ധ്യമങ്ങളും, പത്രമാദ്ധ്യമങ്ങളുമെല്ലാം കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്‍റെ കൈപ്പിടിയില്‍ അമര്‍ന്നിരിക്കുകയാണ്. അവരാകട്ടെ അവര്‍ക്കാവശ്യമുള്ളവരെ ഇമേജ് മേക്കിങ്ങിലൂടെ വാര്‍ത്തെടുക്കുകയാണ്. അവിടെ പുരോഗമനകലാകാരന്മാരെയും സാഹിത്യകാരന്മാരേയും പരമാവധി അകറ്റി നിര്‍ത്താനോ തമസ്കരിക്കാനോ ആണ് നീക്കങ്ങള്‍ നടക്കുന്നത്, മുതലാളിത്തം അതിന്‍റെ പ്രത്യക്ഷ രൂപത്തില്‍ ലോകത്തെ മാത്രമല്ല സാംസ്കാരിക ലോകത്തെയും മനുഷ്യമനസ്സിനെയും നിര്‍മ്മിച്ചെടുക്കുന്നതിലെ അപകടം നമ്മള്‍ തിരിച്ചറിയണം. അതുകൊണ്ട് ഇടതുപക്ഷം സ്വന്തം നിലനില്പിനു വേണ്ടിയുള്ള പോരാട്ടം കൂടി നടത്തേണ്ട കാലമാണിത്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം സാംസ്കാരിക രംഗത്തും പ്രയോഗിക്കപ്പെടുന്നു. ഭിന്നിപ്പിച്ച് സംസ്കാരവല്ക്കരിക്കുക എന്ന നയത്തിലൂടെ സാംസ്കാരിക രംഗം വിഭാഗീയത കൊണ്ട് നിറയ്ക്കുന്നു. അതുകൊണ്ട് മുതലാളിത്ത സംസ്കാരത്തിനെതിരെ വിമര്‍ശവും പ്രതിരോധവും പ്രതിരോധ സംസ്കാരവും ഉയര്‍ത്തിക്കൊണ്ടു വരിക എന്നതാണ് നമ്മുടെ പ്രധാന ചുമതല.

14.4        കേരളത്തിന്‍റെ വളര്‍ച്ചയില്‍ പൊതുവിദ്യാഭ്യാസം നല്കിയ സംഭാവനകള്‍ വളരെ വലുതാണ്. നവലിബറല്‍ നയങ്ങളുടെ വരവോടെ വിദ്യാഭ്യാസരംഗമാകെ വാണിജ്യവല്ക്കരിക്കപ്പെട്ടുകഴിഞ്ഞു. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ തലതിരിഞ്ഞ നയങ്ങള്‍ ഈ മേഖലയെ തകര്‍ത്തുകൊണ്ടിരിക്കുന്നു. വ്യത്യസ്ത ജാതി-മത ജനവിഭാഗങ്ങളിലുള്ള കുട്ടികളെ യോജിപ്പിച്ച അടിസ്ഥാഘടകമായി പൊതുവിദ്യാഭ്യാസരംഗം നിലനിന്നിരുന്നു. എന്നാല്‍ ഓരോ ജാതിക്കും മതത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചുനടത്താനുള്ള സ്വാതന്ത്യ്രം പൊതുമണ്ഡലത്തെ ദുര്‍ബ്ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. സാധാരണക്കാരന്‍റെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം അന്യമാവുകയാണ്. പൊതുവിദ്യാഭ്യാസരംഗത്തെ ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ നമുക്ക് നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാനാവൂ. ഇതിനായുള്ള പ്രക്ഷോഭപ്രവര്‍ത്തനങ്ങളില്‍ സംഘം പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങും. സരസ്വതി വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സമാന്തരവിദ്യാഭ്യാസസ്ഥാപനങ്ങളിലെ പാഠപുസ്തകങ്ങളെ പൊതുസമൂഹത്തില്‍ വിശദമായ ചര്‍ച്ചയ്ക്ക് കൊണ്ടുവരേണ്ടതുണ്ട്. നിലവാരത്തകര്‍ച്ച നേരിടുന്ന ഉന്നതവിദ്യാഭ്യാസരംഗവും ആരിലും ഉല്‍ക്കണ്ഠ ഉളവാക്കുന്നതാണ്. ലോകത്തെ ഉന്നതനിലവാരം പുലര്‍ത്തുന്ന ആദ്യത്തെ 200 സര്‍വ്വകലാശാലകളില്‍ ഇന്ത്യയിലെ ഒരു സര്‍വ്വകലാശാല പോലും വരുന്നില്ല. ഭരണകര്‍ത്താക്കളെ ചോദ്യംചെയ്യാതെ അവരുടെ വിധേയരെ ഉല്പാദിപ്പിക്കുന്ന, കൊളോണിയല്‍ മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ട, നമ്മുടെ ഉന്നതവിദ്യാഭ്യാസ സമ്പ്രദായം നാടിനെ വന്‍തകര്‍ച്ചയിലേക്കാണ് നയിക്കുന്നത്.

14.5        സ്വാതന്ത്യ്രസമരകാലത്തുതന്നെ കേരളത്തില്‍ ഗ്രാമീണ ഗ്രന്ഥശാല പ്രസ്ഥാനം ആരംഭിച്ചുകഴിഞ്ഞിരുന്നു. ഗ്രാമഗ്രാമാന്തരങ്ങളില്‍ നൂറുകണക്കായ ഗ്രന്ഥശാലകള്‍ അനൌപചാരിക വിദ്യാഭ്യാസ കേന്ദ്രങ്ങളും അനൌപചാരിക സര്‍വ്വകലാശാലകളുമായി പ്രവര്‍ത്തിച്ചുകൊണ്ട് കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തിന് മഹത്തായ സംഭാവനകള്‍ നല്കി. സമൂഹത്തില്‍ പൊതു ഇടങ്ങള്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് അല്പമെങ്കിലും ആശ്വാസത്തിന്‍റെ തിരിവെളിച്ചവുമായി നമ്മുടെ ഗ്രന്ഥശാലകള്‍ നിലനില്ക്കുകയാണ്. സാമൂഹ്യ സാംസ്കാരിക – സാഹിത്യ നായകരെ വാര്‍ത്തെടുത്തതിലും ഗ്രന്ഥശാലകള്‍ വഹിച്ച പങ്ക് നിസീമമാണ്. ജനാധിപത്യരീതിയില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചുവരുന്ന ഗ്രന്ഥശാലാ പ്രസ്ഥാനം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികള്‍ ആശങ്കയോടെയാണ് കാണേണ്ടത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സംഘം സജീവമായി ഇടപെടും.

15. സ്ത്രീകള്‍

15.1        സ്ത്രീകളെ ഏറ്റവും തരംതാണ മനുഷ്യരായി അടക്കിയൊതുക്കുന്ന നാടുവാഴിത്തത്തിന്‍റെയും മുതലാളിത്തത്തിന്‍റെയും സൈനികാധികാരത്തിന്‍റെയും പുരുഷാധികാരത്തിന്‍റെയും പദ്ധതികളാണ് നമ്മുടെ പൊതുബോധത്തെ നിര്‍മ്മിച്ചെടുക്കുന്നത്. പാര്‍ലമെന്റിലെ സ്ത്രീസംവരണ ബില്‍ അനാഥമായിപ്പോകുന്നത് വെറുതേയല്ല. പരസ്യങ്ങളിലും സീരിയലുകളിലും റിയാലിറ്റിഷോകളിലും സിനിമകളിലും സ്ത്രീ ചരക്കുവല്ക്കരിക്കപ്പെടുകയും പുരുഷന്‍റെ കാമപൂര്‍ത്തിക്കുള്ള ലൈംഗിക ഉപകരണം മാത്രമാക്കി വെട്ടിച്ചുരുക്കപ്പെടുകയും ചെയ്യുന്നു. ആണ്‍നോട്ടങ്ങള്‍ക്ക് വിധേയമാകുന്ന സ്ത്രീ ശരീര ചിത്രീകരണം മാത്രമല്ല, ഇതിവ്യത്തങ്ങള്‍ക്കും ആഖ്യാനങ്ങള്‍ക്കുമകത്തുള്ള സ്ത്രീ കഥാപാത്ര വ്യാഖ്യാനങ്ങളും എപ്പോഴും അങ്ങേയറ്റം സ്ത്രീ വിരുദ്ധവും അതുകൊണ്ടു തന്നെ മനുഷ്യവിരുദ്ധവുമാണ്. സ്ത്രീകള്‍ക്കെതിരായ പ്രത്യക്ഷവും പരോക്ഷവും ആയ കടന്നാക്രമണങ്ങളെ തിരിച്ചറിയുന്നതുതന്നെ, ലോകത്തെ മാറ്റിയെഴുതുന്നതിനുള്ള പ്രക്രിയയ്ക്ക്  തുടക്കമിടുന്നു.

15.2        നൈസര്‍ഗ്ഗികവും പ്രകൃതിസഹജവുമായ ലൈംഗികത എന്ന പ്രതിഭാസത്തെ യാഥാര്‍ത്ഥ്യബോധത്തോടെ അഭിമുഖീകരിക്കാന്‍ നാം തയ്യാറാകണം. നഴ്സറി ക്ളാസുമുതല്‍ പെണ്‍കുട്ടി വിപരീതം ആണ്‍കുട്ടി എന്ന നിലയ്ക്കുള്ള പിളര്‍പ്പാണ് സ്ഥാപനവല്ക്കരിക്കുന്നത്. ലൈംഗികത എന്നത് കുറ്റകൃത്യം എന്ന നിലയ്ക്കുള്ള അഭ്യനസമാണ് പരിശീലിപ്പിച്ചുവരുന്നത്. ഇത് സമൂഹത്തെ മുഴുവനും മനോരോഗത്തിലേക്കും കാമഭ്രാന്തിലേക്കും അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയിലേക്കും നയിക്കുന്നു. ഇതിന് പ്രതിവിധിയായി നിര്‍ദ്ദേശിക്കപ്പെടുന്നത് ശാരീരിക പ്രക്രിയകള്‍ വിവരിക്കുന്ന ലൈംഗിക വിദ്യാഭ്യാസം എന്ന അസംബന്ധമാണ്. വിക്ടോറിയന്‍ സദാചാരാധികാര വാഴ്ചയ്ക്ക് കീഴ്പ്പെട്ട കേവല യുക്തികളും ഭാരതീയതയെ സംബന്ധിച്ച മഹത്വവല്ക്കരണങ്ങളും മുതലാളിത്തത്തിന്‍റെ ലൈംഗിക ചരക്കുവല്ക്കരണങ്ങളും ചേര്‍ന്ന് സങ്കീര്‍ണ്ണമാക്കിത്തീര്‍ത്ത ലൈംഗികതയുടെ വര്‍ത്തമാനകാല പരിസരത്തെ ജൈവികവും മനുഷ്യാനുകൂലവും പ്രകൃത്യനുസാരിയുമായ സമീപനത്തോടെ പുതുക്കി ആവിഷ്കരിക്കണം.

15.3        കുടുംബത്തെ സമൂഹത്തിന്‍റെ ഏറ്റവും ചെറിയ ജനാധിപത്യ യൂണിറ്റാക്കി പരിവര്‍ത്തിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും അടഞ്ഞിരിക്കുന്നു. വലതുപക്ഷം, സാമ്രാജ്യത്വം, കോര്‍പ്പറേറ്റ് മുതലാളിത്തം, ഹിന്ദുത്വ ഫാസിസം, മതമൌലിക വാദം, അന്ധവിശ്വാസം എന്നിവയുടെ അഭ്യസനസ്ഥലവും അടിമ റിക്രൂട്ടിങ് സെന്ററുകളുമായി മദ്ധ്യവര്‍ഗ്ഗകുടുംബം പരിമിതപ്പെട്ടിരിക്കുന്നു. മദ്ധ്യവര്‍ഗ്ഗകുടുംബമാണ് ആദര്‍ശ  ലക്ഷ്യം എന്നതിനാല്‍, സമൂഹത്തെ ചലനാത്മകവും പുരോഗമനോന്മുഖവുമാക്കി മാറ്റുന്നതിനുള്ള എല്ലാ ശ്രമങ്ങള്‍ക്കും തടസ്സം സൃഷ്ടിക്കുന്ന ഗുരുതരമായ മനുഷ്യത്വ വിരുദ്ധ ആവാസ വ്യവസ്ഥയായി ഇന്നത്തെ കുടുംബ വ്യവസ്ഥ ജീര്‍ണ്ണിച്ചിരിക്കുന്നു.

15.4        ഇന്ത്യയിലെ ബഹുഭൂരിപക്ഷം വീടുകളും മര്‍ദ്ദനവാഴ്ച നടമാടുന്ന പൊലീസ് ലോക്കപ്പിന്‍റെ സ്ഥിതിയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നത് തെളിയിക്കുന്ന കാര്യം ഇന്ത്യന്‍ പാര്‍ലമെന്റ് തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. വീടുകളിലെ കായിക മാനസിക ലൈംഗിക സാമ്പത്തിക സാമൂഹ്യ ആക്രമണങ്ങളെ പുറത്തു കൊണ്ടുവന്ന് നിയമപരമായ ശിക്ഷകള്‍ക്ക് വിധേയമാക്കാനുതകുന്ന ഡൊമസ്റിക് വയലന്‍സ് ആക്ട് പാസ്സാക്കിയത് ഈ പശ്ചാത്തലത്തിലാണ്. ജനാധിപത്യവും സ്നേഹവും കരുണയും സാഹോദര്യവും സൌഭ്രാത്രവും സഹവര്‍ത്തിത്വ മനോഭാവവും നഷ്ടമായ കല്ലറകളായി വീട് മാറിക്കൂട. വീടുകളുടെ വാതില്‍ അടച്ചിടാനുള്ളതല്ലെന്നും അവ ഗുരുതരമായ രാഷ്ട്രീയ മാനുഷിക ചരിത്ര പ്രശ്നങ്ങളാണെന്നും തുറന്നു പറഞ്ഞുകൊണ്ട് അവയിലിടപ്പെടാന്‍ പൊതു സമൂഹത്തെ പ്രാപ്തമാക്കിയെടുക്കേണ്ടതുണ്ട്. വക്കീലന്മാര്‍ക്കും റിയാലിറ്റി ഷോകള്‍ക്കും പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല വീടുകള്‍ക്കകത്തുള്ളതെന്ന് ഉച്ചത്തില്‍ വിളിച്ചു പറയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

15.5        ഉഭയ ലൈംഗിക സ്വഭാവമുള്ളവരും ഇരട്ട ലൈംഗികത്വമുള്ളവരുമായ (എല്‍ ജി ബി ടി) മനുഷ്യരെ അടിച്ചമര്‍ത്തുകയും പരിഹസിക്കുകയും പൊലീസിനാലും സൈനികാധികാരത്താലും വേട്ടയാടുകയും ചെയ്യുക എന്നത് അങ്ങേയറ്റം അധിക്ഷേപാര്‍ഹമാണ്. എന്നാല്‍ ഈ അധിക്ഷേപാര്‍ഹമായ കുറ്റകൃത്യം നിര്‍ബ്ബാധം നടന്നു വരുന്നു എന്നത് ലജ്ജാവഹമാണ്. മൂന്നാം ലിംഗത്തില്‍പ്പെട്ടവര്‍ നേരത്തെ എന്തുകൊണ്ട് ഒളിവില്‍ പോയി എന്നും ഇപ്പോള്‍ അവര്‍ അഭിമാനജാഥ നടത്തുന്നു എന്നതും നാം അഭിമുഖീകരിക്കുകയും പ്രശ്നവല്ക്കരിക്കുകയും ചെയ്യേണ്ട കാര്യങ്ങളാണ്. ശാരീരികവും മാനസികവും സാംസ്കാരികവും ലിംഗപരവുമായ സവിശേഷതകളുള്ളവര്‍ക്കു നേരേ ഉയരുന്ന വംശഹത്യാ മനോഭാവം ചെറുത്തു തോല്പിക്കണം.

16. മാദ്ധ്യമം

16.1        പട്ടാളം, പൊലീസ്, ജയില്‍ തുടങ്ങിയ ഭരണകൂട മര്‍ദ്ദനോപകരണങ്ങള്‍ പ്രത്യക്ഷ മര്‍ദ്ദനം നടത്തുമ്പോള്‍ അതേ ഭരണകൂടത്തിന്‍റെ പ്രത്യയശാസ്ത്ര മര്‍ദ്ദനോപകരണങ്ങളായ കലാസാഹിത്യ മാദ്ധ്യമലോകം പരോക്ഷ മര്‍ദ്ദനമാണ് നിര്‍വ്വഹിച്ചു പോരുന്നത്. നാം അറിയാതെ തന്നെ  ഭരണകൂടത്തിനനുകൂലമായി നമ്മുടെ സമ്മതികള്‍ നിര്‍മ്മിച്ചെടുക്കുന്ന മാദ്ധ്യമങ്ങള്‍ ഒരു പ്രത്യയശാസ്ത്ര ഭരണകൂട ഉപകരണമായി മാറുന്നു. സാമ്രാജ്യത്വത്തിന്‍റെ യുദ്ധതന്ത്രങ്ങള്‍ക്ക് സമ്മതികള്‍ നിര്‍മ്മിച്ചെടുക്കുന്നതും ഈ യുദ്ധത്തിന്‍റെ മുന്‍നിരയില്‍ നില്ക്കുന്ന മൂലധനനാധിപത്യമുള്ള മാദ്ധ്യമങ്ങളാണ്. പൊതുബോധത്തെ ശക്തമായി പ്രതിഫലിപ്പിക്കുമ്പോള്‍ പോലും മാദ്ധ്യമങ്ങളെ സമരവേദികളായാണ് അന്റോണിയോ ഗ്രാംഷി വീക്ഷിച്ചത്. എന്നാലിന്ന് മാദ്ധ്യമങ്ങള്‍ ജനാധിപത്യത്തിന്‍റെ നാലാം തൂണ് എന്നതിക്കോള്‍ കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്‍റെ കരാറുകാരായി മാറിക്കഴിഞ്ഞിരിക്കുന്നു. ഫൈനാന്‍സ് മൂലധനത്തിന്‍റെ വിധേയത്വത്തില്‍ അമര്‍ന്നുകഴിഞ്ഞ അവ ജനാധിപത്യത്തിനു തന്നെ അപകടമായി മാറിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളെ സൃഷ്ടിക്കാനും, സംരക്ഷിക്കാനും സംഹരിക്കാനും തങ്ങള്‍ക്ക് കഴിയും എന്ന് അവര്‍ അഹങ്കരിക്കുന്നു. ക്രോസ്മീഡിയ ഓണര്‍ഷിപ്പുകളും പ്രൈവറ്റ് ട്രീറ്റികളും പെയിഡ് ന്യൂസ് സമ്പ്രദായങ്ങളും മാദ്ധ്യമങ്ങളുടെ വിശ്വാസ്യതയെയും ധാര്‍മ്മികതയെയുമാണ് തകര്‍ത്തുകളഞ്ഞത്.

16.2        വന്‍കിട പത്രങ്ങള്‍ പ്രതിലോമ രാഷ്ട്രീയത്തിന്‍റെ നാണംകെട്ട പ്രചാരകരായി മാറിയതിന്‍റെ കേരളീയ അനുഭവം എത്രയെങ്കിലുമുണ്ട്. ഇടതുപക്ഷത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന മാദ്ധ്യമ വേട്ട സഭ്യതയുടെ എല്ലാ അതിരുകളെയും ലംഘിക്കുന്നു. അതേസമയം ജനങ്ങളെ കൊള്ളയടിക്കുന്ന  ഭരണവര്‍ഗ്ഗത്തിനുവേണ്ടി ദാസ്യവേല നടത്താനും അവര്‍ക്ക് യാതൊരു മടിയുമില്ല. മാദ്ധ്യമപാഠങ്ങളെ വിശകലം ചെയ്യാനും ഈ പാഠങ്ങള്‍  ആരുല്പാദിപ്പിച്ചു, എങ്ങനെ, എന്തിന്,  ആര്‍ക്കുവേണ്ടി ഉല്പാദിപ്പിച്ചു? എന്തെല്ലാം തത്ത്വങ്ങളാണ് പിന്തുടര്‍ന്നത് എന്നെല്ലാമുള്ള കാര്യങ്ങള്‍ അറിയുന്നതിനും മാദ്ധ്യമ സാക്ഷരത വളരെ പ്രധാനനമാണ്. മാദ്ധ്യമങ്ങളുടെ ആക്രമണ രീതികള്‍ ജനങ്ങളോടു വിളിച്ചു പറയാന്‍ ഇതാവശ്യമാണ്. ചാല്‍ വാര്‍ത്തകളും പത്രവാര്‍ത്തകളും അവരുടെ നിലപാടുകളും നിശിതമായ പരിശോധകള്‍ക്ക് വിധേയമാക്കണം.

17. നവമാദ്ധ്യമങ്ങള്‍

17.1        അച്ചടി മാദ്ധ്യമങ്ങള്‍, ടെലിവിഷന്‍, സിനിമ, റേഡിയോ എന്നിവയ്ക്കു ശേഷം രൂപപ്പെട്ട മാദ്ധ്യമങ്ങളെയാണ് നവമാദ്ധ്യമങ്ങള്‍ എന്നു വിളിക്കുന്നത്. ഇന്‍റര്‍നെറ്റ്, സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ പ്രത്യേകിച്ച് ഫേസ്ബുക്കും ട്വിറ്ററും, ബ്ളോഗുകള്‍, മൊബൈല്‍ ഫോണ്‍ ഇവയൊക്കെയാണ് പ്രധാന നവമാദ്ധ്യമങ്ങള്‍. ഇവയെ നവമാദ്ധ്യമങ്ങള്‍ എന്നു വിളിക്കുന്നതിനുള്ള പ്രധാന കാരണം ഇവയിലൂടെ ആശയങ്ങള്‍ വിനിമയം ചെയ്യുന്നതിനുമേല്‍ മുതലാളിത്ത – കോര്‍പ്പറേറ്റ് ഭരണകൂട ശക്തികള്‍ക്ക് നേരിട്ടുള്ള നിയന്ത്രണം ഇല്ല എന്ന പ്രതീതിയാണ്. ഈ നിയന്ത്രണമില്ലായ്മ ചിലപ്പോള്‍ യാഥാര്‍ത്ഥ്യവും ചിലപ്പോള്‍ തോന്നലുമാണ്. കാരണം നിയന്ത്രണങ്ങള്‍ക്കായി ഭരണകൂടം മിക്കപ്പോഴും ശ്രമിക്കുകയും പലപ്പോഴും അതില്‍ വിജയിക്കുകയും ചെയ്യുന്നുണ്ട്. നിയന്ത്രിക്കാനാവാത്തപ്പോള്‍, അവരിതൊക്കെയും മോണിറ്റര്‍ ചെയ്യുന്നുണ്ട് എന്നതും പ്രധാനമാണ്. ഡിജിറ്റല്‍ കണ്‍വര്‍ജന്‍സ് അഥവാ സംലയം ആണ് നവമാദ്ധ്യമങ്ങളുടെ സാങ്കേതികവും ചരിത്രപരവുമായ വികസന ത്തെ സുപ്രധാനമാക്കുന്നത്. നവമാദ്ധ്യമങ്ങള്‍ക്കു മുമ്പുള്ള എല്ലാ ആശയവിനിമയ സാങ്കേതിക സംവിധാങ്ങളെയും അവ തങ്ങളിലേക്ക് ലയിപ്പിച്ചു. പത്രത്തെയും പുസ്തകത്തെയും സിനിമയെയും റേഡിയോയെയും ടി വിയെയും അത് സൈബര്‍ ലോകത്തേക്ക് ലയിപ്പിച്ചു. പിന്നെ യുടൂബ് ഫേസ്ബുക്കിലേക്കും മറ്റും മറ്റുമായി ഓരോന്ന് മറ്റൊന്നി വിഴുങ്ങിക്കൊണ്ടേയിരുന്നു. കമ്പ്യൂട്ടര്‍ ചെറുതായിക്കൊണ്ടേ ഇരുന്നു. മൊബൈല്‍ ഫോണ്‍ വലുതായിക്കൊണ്ടേയിരുന്നു. രണ്ടും ഒന്നായി ലയിക്കുകയാണ്. ടാബ് കമ്പ്യൂട്ടറിലുമുണ്ട്, ഫോണിലുമുണ്ട്. ഓരോ പുതിയ മാദ്ധ്യമം വരുമ്പോഴും വിവരങ്ങളുടെയും അറിവുകളുടെയും സ്വഭാവത്തെ അത് വ്യാഖ്യാനിക്കും. ആദ്യമായിട്ടാണ് നാം സത്യവും യാഥാര്‍ത്ഥ്യവും മനസ്സിലാക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ഇത് അവതരിപ്പിക്കപ്പെടുക. പത്രം വന്ന കാലത്ത്, പത്രത്തില്‍ അച്ചടിച്ചതൊക്കെ സത്യമാണെന്നായിരുന്നു ധാരണ. പിന്നെ ടി വി വന്നപ്പോള്‍ പത്രം പിറകോട്ട്  തള്ളപ്പെട്ടു. ടി വിയില്‍ കണ്ടാല്‍ വിശ്വസിക്കാം എന്നായി സ്ഥിതി. നേരിട്ട് കാണുകയല്ലേ. അതും കാണിക്കലും മറയ്ക്കലുമുണ്ടെന്ന് പിന്നീട് മനസ്സിലായി. ഇതുരണ്ടും തീരുമാനിക്കുന്നത് അധികാരം തന്നെയാണെന്ന് നമ്മള്‍ തിരിച്ചറിയണം. ഇന്‍റര്‍നെറ്റും പലതരം നിയന്ത്രണങ്ങള്‍ക്കും കുത്തകാധികാരങ്ങള്‍ക്കും വിധേയമായാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് സത്യം.

പക്ഷേ, അധികാര പ്രയോഗരീതികളില്‍ വ്യത്യാസമുണ്ട്. ഭാവിപ്രവചനപരവും ഊഹാപോഹപരവും വിപ്ളവപരവും ആഘോഷപരവുമായ മാനങ്ങള്‍ ഇവയ്ക്ക് എല്ലായ്പ്പോഴും ഉണ്ടെന്ന് കാണാം. ഇവ പരസ്പരം ഇടകലരുകയും ചെയ്യുന്നുണ്ട്. ലോകം കീഴ്മേല്‍ മറിക്കുന്ന തരത്തിലുള്ള പ്രചാരണവും അതിശയോക്തിവല്ക്കരണവും ആണ് കുത്തകകള്‍ ടി വിയിലൂടെ ബന്ദികളാക്കപ്പെട്ട പൊതുസമൂഹത്തിനു മേല്‍ നടത്തുന്നത്. ബഹുജനങ്ങള്‍ മറ്റു ബഹുജനങ്ങളായി മാറിയിരിക്കുന്നു. ഇവരുടെ വ്യാജ വിമോചനമാണ് ന്യൂമീഡിയയിലൂടെ നടക്കുന്നത്.

18. ഇന്ത്യന്‍ സിനിമ

18.1        ഇന്ത്യന്‍ സിനിമ എന്തുകൊണ്ടാണ് നൂറാം വാര്‍ഷികം ആഘോഷിക്കുന്നത്? തദ്ദേശീയമായ സംസ്കാരവും സംരംഭകത്വവും വികസിപ്പിക്കുക എന്ന രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയുടെ ഭാഗമായിട്ടാണ് ഇന്ത്യന്‍ സിനിമ എന്ന ആശയവും ഭാവന ചെയ്യപ്പെട്ടത്. ഫാല്‍കെ ഇന്ത്യന്‍  സിനിമയുടെ പിതാവാകുന്നത് ആദ്യത്തെ ഇന്ത്യന്‍ സിനിമ അദ്ദേഹം നിര്‍മ്മിച്ചു എന്നതു കൊണ്ടു മാത്രമല്ലെന്നും ദേശീയം അഥവാ സ്പഷ്ടമായിപ്പറഞ്ഞാല്‍ സ്വദേശീയമായ ഒരു സംരംഭമായി അദ്ദേഹം ചലച്ചിത്ര നിര്‍മ്മാണത്തെ സങ്കല്പിച്ചെടുത്തുവെന്നതു കൊണ്ടും ഇന്ത്യന്‍ എന്നു കരുതപ്പെടുന്ന ഇമേജുകള്‍ക്കൊണ്ട് തിരശ്ശീല നിറച്ചുവെന്നതു കൊണ്ടുമാണെന്ന് രാജാദ്ധ്യക്ഷ നിരീക്ഷിക്കുന്നു. ഓരോ സിനിമയുടെയും ആഖ്യാനം തന്നെയാണ് അതിന്‍റെ പ്രാഥമിക വ്യാഖ്യാനവും സാധൂകരണവുമെന്ന് രാജാദ്ധ്യക്ഷ പറയുന്നുണ്ട്. (നിമൃൃമശീനിേ ശ വേല യമശെര ലുഃഹമിമശീനിേ മിറ മൃഴൌനാലി) വിജ്ഞാനം, ആസക്തി, ആഹ്ളാദം തുല്യതാസൂചനകള്‍ എന്നിവയുടെ സാമൂഹിക നിര്‍മ്മാണത്തിന്‍റെ സ്വാധീന ക്ഷമമായ സംയുക്തബിന്ദു (നിനീറലഹ നുനീശി) ആണ് സിനിമ. അതായത് ആധുനിക സാമൂഹ്യ നിര്‍മ്മാണം എന്ന രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയില്‍ സിനിമയുടെ പങ്ക് ഏറെ ഗതി നിര്‍ണ്ണായകമാണ്. ചലച്ചിത്ര സാങ്കേതിക വിദ്യ ശൂന്യതയില്‍ നിന്നല്ല ഉണ്ടാകുന്നത്. അത് സാംസ്കാരികവും രാഷ്ട്രീയവും സാമൂഹികവുമായ മേഖലകളിലെ ചലനങ്ങള്‍ക്ക് അനുസരിച്ച് അതിന്‍റെ ഊര്‍ജ്ജം ആവാഹിച്ച ചില പ്രതിനിധാനത്തിന്‍റെ ഒരു പുതിയ സാങ്കേതിക വിദ്യയെ അഭിമുഖീകരിക്കുകയായിരുന്നു. തയ്യാര്‍ ചെയ്യപ്പെട്ട സാംസ്കാരിക സാദ്ധ്യതകളുമായിട്ടായിരുന്നില്ല ആ സാങ്കേതിക വിദ്യ മറ്റ് ദേശരാഷ്ട്രങ്ങളിലെന്നതുപോലെ ഇന്ത്യയിലും പ്രയോഗവല്ക്കരിക്കപ്പെട്ടത്. എന്നാല്‍ എന്തും ഉള്‍പ്പെടുത്താവുന്ന വിധത്തില്‍ നിഷ്പക്ഷമായ ഒരു ഉപകരണം മാത്രമാണ് സിനിമ എന്നും കരുതേണ്ടതില്ല. അതിന് അതിന്റേതായ വ്യവസ്ഥകളും അവ്യവ്യവസ്ഥകളും നിശ്ചയങ്ങളും അനിശ്ചിതത്ത്വങ്ങളും ക്രമങ്ങളും ക്രമരാഹിത്യങ്ങളും ഉണ്ട്. ഇന്ത്യന്‍ സിനിമയുടെ പ്രത്യയശാസ്ത്രപ്രവര്‍ത്തനം രാഷ്ട്രത്തെ ആധുനികവല്ക്കരിക്കുന്ന രാഷ്ട്രീയാധികാരത്തിന്‍റെ സ്വഭാവത്താല്‍ നിര്‍ണ്ണീതമാണെന്ന് മാധവപ്രസാദും നിരീക്ഷിക്കുന്നു. രണ്ട് തലങ്ങളിലാണ് ഇന്ത്യന്‍ സിനിമ എന്ന വ്യവസ്ഥയെ സ്ഥാനപ്പെടുത്തേണ്ടത് എന്നാണ് മാധവ്പ്രസാദ് അഭിപ്രായപ്പെടുന്നത്:

ഒന്ന്, ഇന്ത്യ എന്ന ആധുനിക രാഷ്ട്രത്തിന്‍റെ സാമൂഹ്യ രാഷ്ട്രീയ രൂപീകരണവും അതിന് അകത്ത് നിര്‍ണ്ണായകമാകുന്ന സാംസ്കാരിക നിര്‍മ്മാണ ഘടകവും.

രണ്ട്, ഈ ആധുനിക രാഷ്ട്രവും സിനിമയും പ്രവര്‍ത്തനക്ഷമമാകുന്ന ആഗോള മുതലാളിത്ത ഘടനയും അതിന്‍റെ പാരസ്പര്യങ്ങളും. ആധുനിക രാഷ്ട്ര നിര്‍മ്മാണത്തെ സാദ്ധ്യമാക്കുന്നതും പ്രശ്നഭരിതമാക്കുന്നതുമായ പാരമ്പര്യവും ആധുനികത എന്ന ദ്വന്ദ്വത്തെ വ്യാഖ്യാനിക്കുന്നതിനാണ് ഇന്ത്യന്‍ സിനിമ എപ്പോഴും പരിശ്രമിക്കുന്നത് എന്ന് കാണാം. നിര്‍മ്മാണത്തിന്‍റെയും വിതരണത്തിന്‍റെയും രീതികള്‍, ബൂര്‍ഷ്വാസിയും ഗ്രാമീണസമ്പന്നരും (ജന്മിത്തം) വരേണ്യ ഉദ്യോഗസ്ഥവൃന്ദവും ചേര്‍ന്ന് പങ്കിട്ട്  രൂപീകരിക്കുന്ന രാഷ്ട്രീയാധികാരത്തിന് കീഴ്പ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഈ രാഷ്ട്രീയാധികാരമാണ് പൌരനുമുമ്പില്‍ ദേശരാഷ്ട്രം മുന്നോട്ട് വയ്ക്കുന്ന  ഉറപ്പ് അഥവാ സുരക്ഷ. അതിന്‍റെ പ്രത്യയശാസ്ത്രബോധമാണ് ദേശീയസ്വത്വമായി സംസ്കാരം എന്ന നിലയില്‍ തിരിച്ചറിയപ്പെടുന്നത്. ഇന്ത്യന്‍ സിനിമയുടെ ജനപ്രിയത എപ്രകാരമാണ് രൂപപ്പെട്ടത്, രൂപീകരിക്കപ്പെട്ടത് എന്ന പ്രശ്നം സൂക്ഷ്മമായും വിപുലമായും അന്വേഷിക്കുകയും അപഗ്രഥിക്കുകയും ചെയ്യുക എന്ന കടമ നിര്‍വ്വഹിക്കാന്‍ പു ക സ മുന്നിട്ട് ഇറങ്ങും.

19. നാടകം തെരുവുനാടകം കഥാപ്രസംഗം മറ്റു കലാരൂപങ്ങള്‍

പുരോഗമന കേരളത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ നാടകപ്രസ്ഥാനവും കഥാപ്രസംഗകലയും വഹിച്ച പങ്ക് വളരെ വലുതാണ്. എന്നാല്‍ ഇന്ന് നാടകത്തിനും കഥാപ്രസംഗത്തിനും വേണ്ടത്ര മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നില്ല. നാടകപ്രസ്ഥാനത്തിന്‍റെ പഴയ കരുത്ത് വീണ്ടെടുക്കേണ്ടതുണ്ട്.  സാമൂഹ്യ- സാംസ്കാരിക പ്രശ്നങ്ങളുമായി ജനങ്ങളുടെ അടുത്ത് ഇറങ്ങിച്ചെല്ലാന്‍ കഴിയുന്ന തെരുവുനാടകങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ആ മേഖല ശക്തിപ്പെടുത്തണം. മനുഷ്യന്‍ അവന്‍റെ പ്രതിരോധത്തിന്‍റെ ഭാഗമായി വികസിപ്പിച്ചെടുത്ത വിവിധ കലാരൂപങ്ങളെ വേണ്ടവിധത്തില്‍ പ്രയോജപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംഘം നേതൃത്വം നല്കും. കലയുടെ വിമോചന ദൌത്യം തിരിച്ചറിഞ്ഞ് സംഗീതംപോലുള്ള കലാരൂപങ്ങളില്‍ ഇടപെടാന്‍ സംഘം ശ്രദ്ധിക്കും. ജില്ലാടിസ്ഥാനത്തില്‍ തെരുവുനാടക സംഘങ്ങളും നാടന്‍പാട്ട് സംഘങ്ങളും രൂപീകരിക്കും. നാടന്‍കലകളെയും പ്രാദേശിക തനത് കലാരൂപങ്ങളെയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള പരിപാടികളില്‍ സംഘം പ്രത്യേകം ശ്രദ്ധിക്കും.

20. പരിസ്ഥിതി

20.1        മുതലാളിത്തത്തിന്‍റെ വികസന മാതൃകയുടെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് പരിസ്ഥിതിയുടേതു തന്നെയാണ്. മുമ്പ് പരിസ്ഥിതിയെക്കുറിച്ചു സംസാരിച്ചിരുന്നവരെല്ലാം വികസന വിരോധികളായി ചിത്രീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് അവരായിരുന്നു സ്ഥലകാല ബോധമുള്ളവരും ചരിത്രബോധമുള്ളവരും എന്ന് നാം തിരിച്ചറിയുന്നു. പ്രകൃതിയിലെ വെള്ളവും എണ്ണയും വായുവും വരെ കോര്‍പ്പറേറ്റുകള്‍ കൈയടക്കിക്കഴിഞ്ഞു. പ്രകൃതിയുടെയും സംസ്കൃതിയുടെയും മനുഷ്യപ്രകൃതിയുടെയും അതിജീവനം തന്നെയാണ് പ്രതിസന്ധി നേരിടുന്നത്. ഒരു ആഗോള പാരിസ്ഥിതിക പൌരത്വം എന്ന ആശയം സംഗതമായിരിക്കുന്നു. മുതലാളിത്തത്തിന്‍റെ അധികാര ബന്ധങ്ങളെയും സാമ്പത്തിക നിയമങ്ങളെയും മാത്രമല്ല വികസന  മാതൃകകളെയും നാം രൂക്ഷമായി വിമര്‍ശിക്കേണ്ടതുണ്ട്. ഈ വിമര്‍ശനത്തിന്‍റെ ഏറ്റവും വലിയ മേഖല പരിസ്ഥിതി സംബന്ധിച്ച നിലപാടിലൂടെ ചരിത്രവല്ക്കരിക്കപ്പെടും.

20.2        കേരളത്തിന്‍റെ മണ്ണും വെള്ളവും വായുവും ഊര്‍ജ്ജവും അന്തരീക്ഷവുമെല്ലാം പലതരം കൊള്ളയ്ക്ക് വിധേയമാവുന്നു. കാര്‍ഷിക സംസ്കാരം തകര്‍ന്നടിയുന്നതും, കായികാദ്ധ്വാനത്തോടു മലയാളിക്കുള്ള വെറുപ്പും, ആര്‍ഭാട ജീവിതത്തിനായുള്ള വെമ്പലും എല്ലാം മലയാളിയുടെ സ്വത്വത്തെ ആകെ മാറ്റിമറിക്കുകയാണ്. കേരളത്തിലെ മദ്ധ്യവര്‍ഗ്ഗവല്ക്കരണം അലസതയുടെ പര്യായമായി മാറുന്നു എന്ന അപകടം നമ്മള്‍ കാണണം. യുവാക്കളില്‍ സാമൂഹ്യബോധവും രാഷ്ട്രീയബോധവും കുറഞ്ഞു വരുന്നതും പൊതു രംഗത്തുനിന്നും അവര്‍ അപ്രത്യക്ഷരാകുന്നതും കേരളത്തിന്‍റെ ഭാവി കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നതിന്‍റെ ലക്ഷണങ്ങളാണ്.

21. ശാസ്ത്രസാങ്കേതിക വികാസം

21.1 പുതിയ പുതിയ ശാസ്ത്രസാങ്കേതിക വികാസങ്ങള്‍ മനുഷ്യ പുരോഗതിക്ക് പ്രയോജനപ്പെടും; പ്രയോജനപ്പെടണം എന്നുവാദിക്കുന്നവരും അതല്ല ഇവ മനുഷ്യരെ തന്നെ ഇല്ലാതാക്കലിലേക്കാണ് നയിക്കുക എന്നഭിപ്രായപ്പെടുന്നവരും ഉണ്ട്. ശാസ്ത്ര സാങ്കേതിക വികാസങ്ങള്‍ അതത് കാലത്ത് ക്യത്യമായും വിവേചനങ്ങളില്ലാതെയും മുഴുവന്‍ ജനങ്ങള്‍ക്കും ഗുണകരമായ രീതിയില്‍  വിതരണം ചെയ്യപ്പെടാത്തതാണ് പ്രശ്നം എന്നു കരുതുന്നവരുണ്ട്. അതോടൊപ്പം ശാസ്ത്ര സാങ്കേതിക വികാസങ്ങള്‍ ആത്യന്തികമായി ദാരിദ്യ്രം, ദുരന്തങ്ങള്‍ എന്നിവ ഇല്ലാതാക്കുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്.

21.2        അത് ഇന്നുനിലനില്ക്കുന്ന പല തൊഴിലിനെയും അപ്രസക്തമാക്കും. പുതിയ പുതിയ തൊഴിലിനെ അത് ഉണ്ടാക്കിക്കൊണ്ടിരിക്കുകയും ചെയ്യും. ഈ അവസ്ഥയോട് വളരെ സൂക്ഷ്മവും ശ്രദ്ധയോടെയും പ്രതികരിക്കേണ്ട ബാദ്ധ്യതയാണ് തൊഴിലാളി വര്‍ഗ്ഗത്തിനുള്ളത്. താല്ക്കാലികവും ദീര്‍ഘകാലത്തേക്കുമുള്ളതുമായ അഭിവൃദ്ധിക്കുസരിച്ചുള്ള രീതിയില്‍ പുഃക്രമീകരിക്കപ്പെടണമെന്ന നിലപാട് നാം ഉയര്‍ത്തിപ്പിടിക്കണം. തൊഴിലാളി സംഘടനകളുടെയും മറ്റ് ജനകീയ സംഘടനകളുടെയും റോള്‍ നിര്‍ണ്ണായകമാണെന്ന് ചുരുക്കം. എന്താണ് നടന്നുകൊണ്ടിരിക്കുന്നത് എന്നത് വിശദമായും സൂക്ഷ്മമായും പഠിച്ചുകൊണ്ടിരിക്കുകയും കൃത്യമായും ശാസ്ത്രീയമായും തൊഴിലാളിക്കനുകൂലവും ജനങ്ങള്‍ക്കാകെ അനുകൂലവുമായ അഭിപ്രായത്തില്‍ നാം എപ്പോഴുമെത്തിച്ചേരുകയും വേണം.

22. അന്ധവിശ്വാസങ്ങള്‍ക്കെതിരെ

22.1        യുക്തിയുടെ നിരാസം, ഭ്രാന്താവസ്ഥയിലെത്തുന്ന വിശ്വാസത്തിന്‍റെയും മതഭ്രാന്തിന്‍റെയും താത്ത്വിക നിലപാടുകളാണ് കൊണ്ടുവരുന്നത്. വിശ്വാസി അവിശ്വാസി എന്ന ദ്വന്ദ്വത്തെ സാമ്പത്തിക വര്‍ഗ്ഗസിദ്ധാന്തത്തിനു പകരം വച്ചുകൊണ്ടാണ് മതമൌലികവാദികള്‍ ഭീകരരാഷ്ട്രീയ വധങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ശക്തമായി എതിര്‍ക്കപ്പെടണം. മിസ്റ്റിസിസം, അന്ധവിശ്വാസം, യുക്തിവിരോധം, അമാനവിക പ്രവണതകള്‍ ഇവ പാശ്ചാത്യ നാടുകളില്‍ ഉയര്‍ന്നു വരുന്നുണ്ടെങ്കിലും അവ സാമൂഹ്യരാഷ്ട്രീയ രൂപങ്ങളായി ജനതയെ കീഴടക്കുന്നത് ഏഷ്യന്‍ രാജ്യങ്ങളിലാണ്. ഇവിടെ പൂര്‍ത്തിയാകാതെ പോയ നവോത്ഥാന പ്രക്രിയയും, നാടുവാഴിത്തത്തെ ഉന്മൂലം ചെയ്യാത്ത ആധുനികവല്ക്കരണവും ശോഷിച്ചുപോയ ജനാധിപത്യ പ്രക്രിയയും ജാതിമത വൈരാഗ്യചിന്തകള്‍ക്കും  പ്രതിലോമ രാഷ്ട്രീയത്തിനും അടിത്തട്ടുവരെ വേരോടാനുള്ള മണ്ണൊരുക്കിക്കൊടുക്കുകയാണ്. നവോത്ഥാനമെന്നത് അടിത്തട്ടു മുതല്‍ മേല്‍ത്തട്ടു വരെ വ്യാപിച്ച ഉണര്‍വ്വും മാറ്റവുമാണ്. അതി ചരിത്രപരമായി സാകല്യാവസ്ഥയില്‍ കാണുകയാണ് നനമ്മള്‍ ചെയ്യേണ്ടത്. ജാതിമത കള്ളികളില്‍ തളച്ചിട്ടിരിക്കുന്ന ഇന്ത്യന്‍ ജനതയെയും അവരുടെ സംസ്കാരത്തെയും അതത് കള്ളികളില്‍ വീണ്ടും ഉറപ്പിച്ചു നിര്‍ത്തുന്ന  പ്രത്യയശാസ്ത്രിലപാടുകളെ നിരസിച്ച് ജനതയെ മതനിരപേക്ഷകരാക്കി, സംസ്കാരത്തെ മാനവീകരിച്ച് ഒരു പൊതു ഇടം ഉണ്ടാക്കുക എന്നതാണ് സംഘത്തിന്‍റെ പ്രഖ്യാപിത നിലപാട്. ജാതിമതപരമായ അസഹിഷ്ണുതയ്ക്കു പകരം സഹിഷ്ണുതയും വിദ്വേഷത്തിനു പകരം സ്നേഹവും പകയ്ക്കു പകരം സഹകരണവും ഊട്ടി ഉറപ്പിക്കുന്നതായിരിക്കണം പുരോഗമനസാഹിത്യം. മതവും  ജാതിയും ആത്മീയതയും വ്യക്തിപരമായ കാര്യമല്ല. അവ സാമൂഹികമായ ഉല്പന്നമാണെന്നും സാമൂഹിക ശക്തിയാണെന്നും അതുകൊണ്ടു തന്നെ രാഷ്ട്രീയ രൂപങ്ങളുമാണെന്നുള്ള നിലപാടാണ്  ശരിയായിട്ടുള്ളത്.

22.2        1970 കളില്‍ മയക്കുമരുന്നും ലഹരിയും അരാജകത്വവുമാണ് യുവത്വത്തെ കീഴ്പ്പെടുത്തിയതെങ്കില്‍ ഇന്ന് മദ്യപാനവും മതമൌലികവാദവും, ആത്മഹത്യകളും മന്ത്രച്ചരടുകളും ലൈംഗികപീഡനരതിയുമാണ് സമൂഹത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നത്. ഇതിന്‍റെയെല്ലാം ഫലമായി അസഹിഷ്ണുതയും പകയും മുന്‍വിധിയും ശക്തിപ്രാപിച്ചിരിക്കുകയാണ്.

23. ആദിവാസി ജീവിതം

23.1        കേരളത്തിലെ ആദിവാസികളുടെ ദുരിതം നാള്‍തോറും വര്‍ദ്ധിച്ചു വരികയാണ്. അട്ടപ്പാടിയില്‍ അടുത്ത കാലത്തായി ശിശുമരണമടക്കമുള്ള ദുരന്തങ്ങള്‍ നിത്യവാര്‍ത്തയായിരിക്കുന്നു. കുറെനാള്‍ മാദ്ധ്യമങ്ങള്‍ക്കാഘോഷിക്കാനും വി ഐ പികള്‍ക്ക് സന്ദര്‍ശിച്ച് ആവേശം കൊള്ളാനുമുതകുന്ന ഡിസാസ്റ്റര്‍ ടൂറിസമല്ല ആദിവാസിജീവിതം. അവരുടെ ഭൂമി മുഴുവായി കവര്‍ന്നെടുക്കപ്പെട്ടിരിക്കുന്നു. കാടുകള്‍ വെട്ടിത്തെളിക്കുകയും ആദിവാസികളെ കൂലി അടിമകളും മദ്യപാനികളും അവിവാഹിത അമ്മമാരുമാക്കി മാറ്റിയിരിക്കുകയുമാണ് അധീശത്വ സമൂഹം. ആദിവാസികള്‍ക്ക് അവരുടെ ഭൂമി തിരിച്ചു കൊടുക്കുകയും അവരുടെ ഭാഷയില്‍ വിദ്യാഭ്യാസം നല്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയും വേണം. ആദിവാസി ഗോത്ര സംരക്ഷണംപോലെ പ്രധാനമാണ് വൈവിദ്ധ്യമാര്‍ന്ന അവരുടെ ഭാഷാ സംരക്ഷണവും. നശിച്ചുകൊണ്ടിരിക്കുന്ന ഭാഷാ സമൂഹങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്.

24. പ്രവാസവും അഭയാര്‍ത്ഥിത്വവും

24.1        കേരളം എന്നത് പുറത്തേക്കും അകത്തേക്കും പ്രവാസവും അഭയാര്‍ത്ഥിത്വവും തുടരുന്ന ഒരു വിപുലീകൃത സാംസ്കാരിക/ചരിത്ര ഭൂപ്രദേശമായി പരിണമിച്ചിട്ടുണ്ട്. ഇന്ത്യക്കകത്തും പുറത്തുമായുള്ള കേരള ഡയസ്പോറയെ വിശകലനം ചെയ്യാനും വിശദീകരിക്കാനും ഉതകുന്ന സാംസ്കാരികാന്വേഷണങ്ങള്‍ വിപുലീകരിക്കണം. കേരളത്തിനകത്ത് വ്യാപകമാകുന്ന ഇതര സംസ്ഥാന  - ഇന്ത്യക്കാരോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന കേരളീയരുടെ മനസ്ഥിതി മാറ്റുന്നതിനുതകുന്ന പരിപാടികള്‍ ആവിഷ്കരിക്കണം. നിസ്സഹായരായ ഇവരുമായി സാംസ്കാരിക കൊടുക്കല്‍വാങ്ങലുകള്‍ ത്വരിതപ്പെടുത്തണം.

25. കീഴാളഭാവുകത്വം

25.1        സംസ്കാരത്തിന്‍റെ പാരഡൈംഷിഫ്റ്റ് രാമന്‍/സീത എന്നതില്‍ സ്തംഭിച്ചു നില്ക്കുന്നതിനെ മാറ്റി കീഴാള ഭാവുകത്വം – ഇസ്ളാമിക, ക്രിസ്തീയ, ദളിത്, ആദിവാസി ഘടകങ്ങള്‍ ഉല്പ്രേക്ഷകളിലും രൂപകങ്ങളിലും ഉപമകളിലും ഉയര്‍ന്നുവരണം. മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്‍ മുഖം എന്ന് ഇന്നാരും പറയുകയില്ല. ചരിത്രത്തിന്‍റെ ചവറ്റുകുട്ടയില്‍നിന്നും പലതിനെയും ഉയിര്‍ത്തെഴുന്നേല്പിക്കാനുള്ള നീക്കങ്ങളെ ചെറുക്കണം.

26. വികസന ത്തിന്‍റെ സമവാക്യങ്ങള്‍

26.1        ഇന്ത്യയില്‍ വികസനമെന്നത് വംശഹത്യയുടെ മറ്റൊരു മാറ്റപ്പേരു മാത്രമായി പരിണമിച്ചു കൊണ്ടിരിക്കുകയാണ്. വനപ്രദേശങ്ങളില്‍നിന്നും നെല്പാടങ്ങളില്‍നിന്നും പുഴയോരങ്ങളില്‍നിന്നും അടിച്ചോടിക്കപ്പെടുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ നിത്യാഭയാര്‍ത്ഥികളായി ഇന്ത്യയിലെമ്പാടും അലഞ്ഞു തിരിയുന്നു. ഇവരുടെ പൌരാവകാശങ്ങള്‍ കാലാകാലത്തേക്ക് അടിച്ചമര്‍ത്തപ്പെടുന്നു. ഇവരുടെ സ്വത്തും ജീവനോപാധികളും തട്ടിപ്പറിക്കപ്പെടുന്നു. ഈ തട്ടിപ്പില്‍ വിജയം കാണുന്നവരെ വികസന  നായകര്‍ എന്നാണ് പൊതുബോധം കൊണ്ടാടുന്നത്. വികസനത്തിന്‍റെ സമവാക്യങ്ങള്‍ അടിയന്തരമായി ചോദ്യം ചെയ്യപ്പെടണം.

27. സര്‍ഗ്ഗാത്മകതയ്ക്കെതിരായ നീക്കം ചെറുക്കുക

27.1        സര്‍ഗ്ഗാത്മകതയ്ക്കെതിരായ നീക്കങ്ങള്‍ പ്രതിരോധിക്കണം. സര്‍ഗ്ഗാത്മകത ഒരു ചലനാത്മക സമൂഹത്തിന്‍റെ ചൈതന്യം മാത്രമല്ല, അത് രാഷ്ട്ര നിര്‍മ്മാണത്തിന്‍റെ അനിവാര്യ ഘടകം കൂടിയാണ്. പഴയതും പുതിയതുമായ അധികാരബോധങ്ങള്‍ സര്‍ഗ്ഗാത്മകതയ്ക്കും ആവിഷ്കാര സ്വാതന്ത്യ്രത്തിനുമെതിരെ നടത്തുന്ന നീക്കങ്ങളെ എല്ലാ അര്‍ത്ഥത്തിലും എതിര്‍ത്തു തോല്പിക്കേണ്ടതുണ്ട്.

28. കുട്ടികള്‍

28.1        വിദ്യാഭ്യാസത്തിനും വിശ്രമത്തിനും സംസ്കാരത്തിനും കലയ്ക്കുമുള്ള അവകാശമെന്നതുപോലെ കളിക്കാനുള്ള അവകാശവും കുട്ടികള്‍ക്കുണ്ടെന്നത് ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട വസ്തുതയാണ്. കളിക്കാനുള്ള കുട്ടിയുടെ അവകാശത്തെ സാമൂഹിക ജീവിതത്തിന്‍റെ ആദ്യപടിയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ജീവിതത്തിനുള്ള പ്രകൃതിയുടെ പരിശീലനം കൂടിയാണ് കളികള്‍. കുട്ടികളുടെ കളികള്‍ വെറും ‘കുട്ടിക്കളി’കളല്ലെന്നും ഗൌരവമുള്ള കാര്യങ്ങളാണെന്നും നാം വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും അധീശ ശക്തികള്‍ക്ക് മനസ്സിലായിട്ടുണ്ട്. കുട്ടികള്‍ക്ക് അവരുടെ പ്രായത്തിനുസരിച്ചുള്ളതോ സാംസ്കാരികവും രാഷ്ട്രീയവുമായി ശരിയായതും ശാരീരിക-മാനസിക നിലപാടുകളെ സാധൂകരിക്കുന്നതുമായ കളികളോ കളിക്കോപ്പുകളോ ഗെയിമുകളോ കാര്‍ട്ടൂണുകളോ അല്ല ലഭ്യമാവുന്നത് എന്നതാണ് സത്യം. അവരെ, മുതിര്‍ന്നവരുടെ കുഞ്ഞന്മാരാക്കാനാണ് കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്‍റെ അടിമകള്‍ പ്രേരിപ്പിക്കുന്നത്. കേവല ലാഭത്തിലധിഷ്ഠിതമായ സങ്കുചിത പ്രത്യയശാസ്ത്രവും നിര്‍മ്മിക്കപ്പെട്ട ഫാസ്റ്റ് ഫുഡുമാണ് അതിന്‍റെ അടിസ്ഥാനമന്ത്രങ്ങള്‍. ദേശീയ-ഉപദേശീയ-പ്രാദേശിക സവിശേഷതകള്‍ തുടച്ചു നീക്കിക്കൊണ്ട്, ലോകത്തെ ആഗോളീയതയ്ക്ക് വിഴുങ്ങാന്‍ തക്കവണ്ണമുള്ള കളികളിലേക്ക് കുട്ടികളെയൊന്നാകെ റിക്രൂട്ട് ചെയ്യാനായി നഴ്സറി റൈമുകളും കാര്‍ട്ടൂണ്‍ ചാനലുകളും ആന്‍ഡ്രോയിഡ് ഗെയിമുകളും മറ്റും മറ്റും തയ്യാര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകളെ ചരക്കുവല്ക്കരിക്കുകയും അവരെ അടുക്കള അടിമകളാക്കി നിലനിര്‍ത്തുകയും ചെയ്യുന്ന പുരുഷാധിപത്യ പ്രത്യയശാസ്ത്രം തന്നെയാണ് ഈ കളികളുടെയും അടിസ്ഥാനം എന്നു കാണാം. അക്രമവും തോക്ക് വാഴ്ചയും വെറുപ്പും വിദ്വേഷവും സവര്‍ണ്ണ-വരേണ്യ വംശീയതയോട് ആഭിമുഖ്യവും വിധേയത്വവും പ്രോത്സാഹിപ്പിക്കുന്ന ആശയലോകത്തെയാണ് ഇവ പ്രതിനിധാനം ചെയ്യുന്നത്. ആഫ്രിക്കന്‍ അമേരിക്കക്കാരെയും ലോകത്തെമ്പാടുമുള്ള ആദിമനിവാസികളെയും (അബൊറിജില്‍സ്) ആഫ്രിക്കക്കാരെയും കറുത്ത വര്‍ഗ്ഗക്കാരെയും മുസ്ളിങ്ങളെയും അറബികളെയും സ്ത്രീകളെയും തമിഴന്മാരെയും മംഗോളിയന്മാരെയും അങ്ങിനെയങ്ങിനെ ഇത്തരം കളികളില്‍ പരിഹസിക്കപ്പെടുന്നവര്‍ നിരവധിയാണ്. ഒരു ബഹുസംസ്കാര ലോകത്ത് ജീവിക്കുന്നതിനാവശ്യമായ വിധത്തില്‍ പരിശീലനവും പക്വതയും ആര്‍ജ്ജിക്കുന്നതിനു പകരം, സ്നേഹരാഹിത്യവും ഒറ്റപ്പെടലുമാണ് ഈ കളികള്‍ കുട്ടികള്‍ക്ക് നല്കുന്നത്.

29. മുന്‍ഗണയുടെ പ്രശ്നങ്ങള്‍

29.1        ഒരു ശക്തി അഥവാ ചില ശക്തികള്‍ മനുഷ്യസമൂഹത്തെ മുന്നോട്ടു നയിക്കുന്നവരാണോ പിന്നോട്ടു വലിക്കുന്നവരാണോ എന്നാണ് പുരോഗമനകലാസാഹിത്യ പ്രസ്ഥാനത്തിന്‍റെ അന്വേഷണം; കഴിഞ്ഞ കാലങ്ങളില്‍ അന്വേഷിച്ചു പോന്നത്. യുദ്ധങ്ങളും മനുഷ്യമനസ്സുകളും തമ്മിലുള്ള ഒരു വൈരുദ്ധ്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ അന്വേഷണത്തിന്‍റെ സംസ്കാരിക ഭൂമിക തെളിയിച്ചെടുക്കുന്നത്. രണ്ടു ലക്ഷത്തി ഇരുപത്തി രണ്ടായിരം കോടി രൂപ പ്രതിരോധത്തിനും നാല്പത്തി അയ്യായിരം കോടി കൃഷിക്കും വകയിരുത്തുന്ന തരത്തിലുള്ള ബഡ്ജറ്റുകള്‍ അതുകൊണ്ടുതന്നെ മാനവസുരക്ഷയ്ക്ക് ഉതകുന്നതല്ല എന്ന തീരുമാനത്തിലെത്താന്‍ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന് യാതൊരു താമസവും ഉണ്ടാകുന്നില്ല.

30. ആധാര്‍

30.1        ആധാര്‍ പോലുള്ള നിര്‍ബ്ബന്ധിത എന്‍റോളിങ്ങിലൂടെ രാഷ്ട്രത്തിലെ പൌരന്മാരെ ജൈവചാപ്പണം (ബയോ പൊളിറ്റിക്കല്‍ ടാറ്റൂയിങ്) ചെയ്യുകയാണ് ഭരണകൂടം. മനുഷ്യ കര്‍തൃത്വത്തിന്‍റെ ഏറ്റവും വിനിമയക്ഷമമല്ലാത്തതും സ്വകാര്യവുമായ ഘടകത്തെ എന്‍റോള്‍ ചെയ്യുകയും ഫയല്‍ ചെയ്യുകയുമാണ് ഈ പ്രവൃത്തിയിലൂടെ. ശരീരത്തിന്‍റെ ജീവശാസ്ത്രപരമായ അസ്തിത്വത്തെയാണ് ഇത് കീഴ്പ്പെടുത്തുന്നത്. വിദേശ അക്രമികള്‍ക്കെതിരെ എന്ന നിലയില്‍ ആരംഭിക്കുന്ന സംശയങ്ങളും കുറ്റവിചാരണകളും സ്വന്തം പൌരന്മാര്‍ക്കു നേരെയും തിരിക്കും എന്ന ജ്യോര്‍ജ്യോ അഗമ്പന്‍റെ നിരീക്ഷണം സാധൂകരിക്കുന്ന നീക്കങ്ങളാണ് സമഗ്രാധിപത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഭരണകൂടം ചെയ്യുന്നത്. സര്‍വ്വൈലന്‍സ് ക്യാമറകളും ജൈവചാപ്പണങ്ങളും മൊബൈല്‍ സിമ്മുകളെ പിന്തുടരുന്ന ടവറുകളും, ഐ പി നമ്പര്‍ വേട്ടകളും നവസാങ്കേതികതയാല്‍ വലയം ചെയ്യപ്പെട്ട വെര്‍ച്വല്‍ തടവറയായി മനുഷ്യ ലോകത്തെ മാറ്റിത്തീര്‍ത്തിരിക്കുന്നു. നവസാങ്കേതികതയുടെ പ്രയോഗത്തെ ജാനാനുകൂലവും സ്വതന്ത്ര ജീവിതം ഉറപ്പു വരുത്തുന്നതുമാക്കി മാറ്റാനുതകുന്ന പരിശ്രമങ്ങള്‍ക്ക് ആക്കം കൂട്ടണം.

31.          ഫ്ളക്സ് ബോര്‍ഡ് ജനപ്രിയത

31.1        മൃദുഹിന്ദുത്വവും ഫ്ളക്സ് ബോര്‍ഡ് ജനപ്രിയതയും വ്യക്തികേന്ദ്രിത ആഘോഷങ്ങളും സ്പോണ്‍സേര്‍ഡ് വാഴ്ത്തലുകളും നമ്മുടെ പൊതു-ദ്യശ്യലോകത്തെ അങ്ങേയറ്റം ആഭാസഭരിതവും നിരുന്മേഷവുമാക്കിയിരിക്കുന്നു. പു ക സ ഇതൊന്നും പ്രോത്സാഹിപ്പിക്കുന്നതല്ല. ജീവിച്ചിരിക്കുന്ന ആരുടേയും പടങ്ങള്‍ ഈ രീതിയില്‍ വെക്കേണ്ടതുമില്ല. വ്യക്തികളുടെ ബ്യൂട്ടിപാര്‍ലര്‍ മുഖമല്ല, സമൂഹത്തില്‍ സ്ഫോടനം സൃഷ്ടിക്കുന്ന ആശയങ്ങളെയാണ് നോട്ടീസിലും പോസ്റ്ററിലും അടയാളപ്പെടുത്തേണ്ടത്. അത് സാധാരണക്കാരെ കൊന്നൊടുക്കുന്ന ഭരണകൂട, ഭരണകൂടേതര ഭീകരസ്ഫോടനങ്ങള്‍ക്കുള്ള സര്‍ഗ്ഗാത്മക മറുപടിയുമായിരിക്കും.

32. ആവിഷ്കാര ധ്വംസങ്ങള്‍ക്കെതിരെ

32.1        സ്വതന്ത്രവും പുരോഗമനപരവുമായ ചിന്തയ്ക്കും ആവിഷ്കാരത്തിനും പ്രവര്‍ത്തനത്തിനുമെതിരെ അസഹിഷ്ണുതയും ആക്രമണവും ലോകവ്യാപകമായി വര്‍ദ്ധിച്ചു വരുന്നത് ഉല്‍ക്കണ്ഠപ്പെടുത്തുന്ന യാഥാര്‍ത്ഥ്യമാണ്. അഫ്ഗാനിസ്ഥാനില്‍  ജീവിച്ചിരുന്ന ബംഗാളി എഴുത്തുകാരി സുഷ്മിതാ ബാനര്‍ജി 2013 സെപ്തംബര്‍ 5 ന് താലിബാന്‍ ഭീകരരാല്‍ കൊല്ലപ്പെട്ടു. ദുര്‍മന്ത്രവാദങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ആള്‍ദൈവങ്ങള്‍ക്കുമെതിരെ ജീവിതം മുഴുവന്‍ പോരടിച്ച മഹാരാഷ്ട്രയിലെ യുക്തിവാദപ്രസ്ഥാന പ്രചാരകന്‍ ഡോ. നരേന്ദ്ര ദാബോല്‍ക്കര്‍ 2013 ആഗസ്ത് 20 ന് സവര്‍ണ്ണഭീകരരുടെ വെടിയുണ്ടയേറ്റ് കൊല്ലപ്പെട്ടു. അന്താരാഷ്ട്ര സോളിഡാരിറ്റി മൂവ്മെന്റ് പ്രവര്‍ത്തകയായിരുന്ന കാലിഫോര്‍ണിയയിലെ സര്‍വ്വകലാശാല വിദ്യാര്‍ത്ഥി റേച്ചല്‍ കോറി, ഗാസ ചീന്തില്‍ ഇസ്രയേലി-സയണിസ്റ് ഭീകരഭരണകൂടാക്രമണത്തിനെതിരെ സമാധാനപരമായ പോരാട്ടം നടത്തി വരവെ, ഇസ്രയേലി പട്ടാളം ബുള്‍ഡോസര്‍ കയറ്റിക്കൊന്നു. ഇന്ത്യന്‍ സിനിമയുടെ നവീകരണത്തില്‍ മുഖ്യ പങ്കു വഹിച്ച പൂനെയിലെ വിശ്വപ്രസിദ്ധ സ്ഥാപനമായ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ സംഘപരിവാര്‍ സംഘടനയായ എ ബി വി പി കടന്നുകയറ്റങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. വിഖ്യാത ചലച്ചിത്രകാരായ ആനന്ദ് പട്വര്‍ദ്ധന്‍റെ ജയ് ഭീം കോമ്രേഡ് എന്ന മറാഠ ദളിത് കവിയെക്കുറിച്ചുള്ള ഡോക്കുമെന്ററി പ്രദര്‍ശിപ്പിച്ചതിന്‍റെയും കബീര്‍ കലാമഞ്ഛിന്‍റെ സംഗീതപരിപാടി നടത്തിയതിന്‍റെയും പേരില്‍ അഞ്ചു വിദ്യാര്‍ത്ഥികളെ എ ബി വി പി ഗുണ്ടകള്‍ മര്‍ദ്ദിച്ചു പരിക്കേല്പിച്ചു. ശിവസോ തലവന്‍ ബാല്‍ താക്കറെയുടെ മരണത്തെത്തുടര്‍ന്നുള്ള ബന്ദിനെതിരെ ഫേസ്ബുക്കില്‍ പിന്തുണച്ച ഷഹീന്‍ ദാദ എന്ന ഇരുപത്തൊന്നുകാരിയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. അമേരിക്കന്‍ ഭരണകൂടം ലോകവ്യാപകമായി നടത്തുന്ന സര്‍വൈലന്‍സ്, സ്വന്തം ജീവന്‍പോലും അപകടത്തിലാക്കിക്കൊണ്ട് വെളിപ്പെടുത്തിയ എഡ്വേര്‍ഡ് സ്നോഡന്‍ ലോക രാഷ്ട്രങ്ങളില്‍ നിന്നുതന്നെ ബഹിഷ്കൃതാകുന്ന സന്ദര്‍ഭം ഉരുത്തിരിഞ്ഞിരിക്കുകയാണ്. ലോകത്തെ രക്ഷിക്കുന്നതിനായി ഇറങ്ങിപ്പുറപ്പെട്ട ഒരു സ്വാതന്ത്യ്രവാദിയെ ലോകം തള്ളിപ്പുറത്താക്കുന്നതിന് തുല്യമാണിത്. അമേരിക്കന്‍ സൈനിക രഹസ്യങ്ങള്‍ വെളിപ്പെടുത്തിയ ജൂലിയസ് അസാഞ്ചെയുടെ സ്ഥിതിയും സമമാണ്. മുസ്ളീം പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരം വേണമെന്ന് ആവശ്യപ്പെട്ട് താലിബാനെതിരെ സധൈര്യം മലാല യൂസഫ്സായ് നടത്തുന്ന പോരാട്ടങ്ങള്‍ ആവേശകരമാണ്. ദുണ്‍ഡി എന്ന കന്നഡ നോവല്‍ എഴുതിയതിന്‍റെ പേരില്‍ ശ്രീരാമസേന അടക്കമുള്ള ഫാസിസ്റ് സംഘടനകളാലും ആള്‍ക്കൂട്ടങ്ങളാലും വേട്ടയാടപ്പെടുകയും ഈ ജനവിരുദ്ധ ശക്തികളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത കര്‍ണ്ണാടകയിലെ യോഗേഷ് മാസ്റ്റര്‍ എന്ന നോവലിസ്റ്റിന്‍റെ അനുഭവവും പ്രതിഷേധാര്‍ഹമാണ്. വിഖ്യാത ചിത്രകാരായിരുന്ന എം എഫ് ഹുസൈനെ ഇന്ത്യയില്‍നിന്നു തന്നെ പുറത്താക്കാനും മരണം വരെയും തിരിച്ചു വരാതാക്കാനും സംഘപരിവാറിന് സാധിക്കുകയുണ്ടായി. ഇത്തരം ആവിഷ്കാര ധ്വംസനങ്ങള്‍ക്കെതിരെയും സര്‍ഗ്ഗാത്മക നിഷേധങ്ങള്‍ക്കെതിരെയും സ്വതന്ത്ര-മനുഷ്യാനുകൂല നിലപാടുകള്‍ക്കനുകൂലമായും ലോകവ്യാപകമായി ഉയര്‍ന്നുവരുന്ന ജനകീയ മുന്നേറ്റങ്ങള്‍ക്കൊപ്പം പുരോഗമന കലാസാഹിത്യസംഘം പൂര്‍വ്വാധികം ശക്തിയായി അണിചേരുന്നതാണ്.

Comments

Popular posts from this blog

കദളീ വനഹൃദയ നീഡത്തിൽ

  കദളീ വനഹൃദയ നീഡത്തിൽ   ജനുവരി 13, 14, -2024  ഡോ . എന്‍ പി വിജയന്‍               സംസ്കൃത പഠനം പൂർത്തിയാക്കാൻ കൽക്കത്തയിൽ പോയ കുമാരനാശാൻ തിരിച്ച് മലയാളക്കരയിൽ എത്തിയപ്പോൾ " സഹോദരൻ " എന്ന പത്രത്തിനു വേണ്ടി "പരിവർത്തനം "എന്ന ഒരു കവിതയെഴുതി ..... സമത്വ മേകലക്ഷ്യമേവരും സ്വതന്ത്രരെന്നു മേ സമക്ഷമീ ത്തമസ്സകറ്റി യോതി ലോകമാകവേ ക്രമപ്പെടുത്തിടുന്ന നിന്റെ ഘോരമാം കൃപയ്ക്കുഞ്ഞാൻ നമസ്ക്കരിപ്പു ദേവ പോക പോക നിൻ വഴിക്കു നീ.      ഈ കവിതയിലെ സൂര്യൻ സഹോദര പ്രസ്ഥാനമാണ്. അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ കേരളം നടത്തിയ പോരാട്ടത്തിന്റെ കാലം ഒരു നൂററാണ്ട് പിന്നിടുകയാണ്. സംസ്കൃതം പഠിക്കാൻ ഗുരുദേവൻ ഡോ: പൽപ്പുവിന്റെ അടുത്ത് പറഞ്ഞയച്ച യുവാവായിരുന്നു കുമാരനാശൻ , മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമിതുകളി നിങ്ങളെത്താൻ. എന്ന ആചാര കേരളം സൈബർ കാലത്തേക്ക് മാറിയെങ്കിലും മത പുനരുജ്ജീവനവും അന്ധവിശ്വാസങ്ങളും പാടെ തുടച്ചുനീക്കാനായില്ല. അതേസമയം പുരാവൃത്തങ്ങളെയും മതബോധത്തേയും പുത്തൻ സാങ്കേതിക ജ്ഞാനമണ്ഡലത്തോട് സംയോജിപ്പിച്ചു കൊണ്ടുള്ള മത വർഗ്ഗീയ ഭരണം മതത്തേയും രാഷ്ട്രീയത്തെയു

"വായനക്കാരൻ എം ടി” വായിക്കുമ്പോൾ

" വായനക്കാരൻ എം ടി” വായിക്കുമ്പോൾ   ഡോ.കെ.വി.സജീവൻ                                           സാഹിത്യ നിരൂപണത്തിൽ വേറിട്ട വഴികളിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന എഴുത്തുകാരനാണ് ഇ.പി.രാജഗോപാലൻ. സാംസ്കാരിക വിമർശനത്തിൻ്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുമ്പോഴും വ്യത്യസ്തമായ നോട്ടങ്ങളിലൂടെ വായനയുടെ ഫലങ്ങൾ ആവിഷ്കരിക്കാനാണ് അദ്ദേഹത്തിൻ്റെ ശ്രമം. സൈദ്ധാന്തികമായ പിടിവാശികളിലല്ല , എഴുത്തിൻ്റെ സാമൂഹിക പ്രത്യാഘാതങ്ങളിലാണ് ശ്രദ്ധ. ചരിത്രം , സംസ്‌കാരം , നാടോടി വിജ്ഞാനീയം ഇങ്ങനെ പലമാതിരി വ്യവഹാര രൂപങ്ങളിലൂടെയുള്ള വായനക്കാരൻ്റെ നോട്ടങ്ങളാണ് ഇ പി നിരൂപണങ്ങളിൽ പൊതുവെ തെളിഞ്ഞു കാണുന്നത്.      ഇ.പിയുടെ പുതിയ പുസ്തകം" വായനക്കാരൻ എം ടി " സവിശേഷമായ മറ്റൊരു നോട്ടമാണ്.ഈ മട്ടിലൊരു ശ്രമം ഇന്ത്യൻ ഭാഷകളിൽ തന്നെ ആദ്യമായാണ്‌. ഒരെഴുത്തുകാരൻ്റെ വായനാ ജീവിതത്തെയാണ് ഈ പുസ്തകത്തിൽ അപഗ്രഥിക്കാൻ ശ്രമിക്കുന്നത്. മലയാളത്തിലെ വലിയ വായനക്കാരനെന്ന്പുകൾപെറ്റ എം.ടിയുടെ വായന ജീവിതമാണ് ഇവിടെ പ്രമേയം. വായനയെ ജീവശ്വാസം പോലെ കൊണ്ടു നടക്കുന്ന മനുഷ്യർക്കെല്ലാം എം.ടിയുടെ വായനജീവിതം ഒരൽഭുതമാണ്. ലോകത്തെവിടെ പുതിയ പുസ്തകങ്ങളിറങ

തസ്റാക്കിലെ ആവിഷ്ക്കാര ശിൽപ്പശാല

  തസ്റാക്കിലെ ആവിഷ്ക്കാര ശിൽപ്പശാല                                              ഡോ എന്‍ പി വിജയന്‍            ഒത്തുചേരലിൻ്റെ അഗാധതയിൽ രാഗാർദ്രമാകുന്ന അക്ഷരമുത്തുകൾ കൊണ്ട് താളനിബദ്ധമായ ദിനരാത്രങ്ങൾ സമ്മാനിച്ചതായിരുന്നു ഒ.വി.വിജയൻ സ്മാരകത്തിലെ ഒത്തുചേരൽ. പ്രകൃതിയുടെ ചാരുതയിൽ , നഗരവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന വർത്തമാനകാലതസ്റാക്കിൽ ഔപചാരികതയുടെ പരിവേഷങ്ങളൊന്നുമില്ല. സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ , വർക്കിംഗ് സെക്രട്ടറി എം.കെ. മനോഹരൻ ഗോകുലേന്ദ്രൻ , സ്മാരക മന്ദിരത്തിൻ്റെ ഊടും പാവുമായ ടി. ആർ അജയൻ , ക്യാമ്പ് ഡയരക്ടർ കരിവെള്ളൂർ മുരളി ഒപ്പം സംഘാടക സമിതിയും സംസ്ഥാന നേതാക്കളും 14 ജില്ലകളിൽ നിന്ന് സംഗമിച്ച വിവിധ തുറകളിൽ പ്രാവീണ്യം തെളിയിച്ചവരുമായിരുന്നു ക്യാമ്പിലെ   അന്തേവാസികൾ        സാഹിത്യകൃതികൾ ആത്മാവിഷ്ക്കാരം തന്നെ. എന്നാൽ ആത്മീയാവിഷ്ക്കാരത്തിൻ്റെ നൂതനത്വം കൊണ്ടും സമന്വയ രീതികൊണ്ടും മലയാളത്തിന് അസാധാരണമായ സൗന്ദര്യം പകർന്നു തന്ന മനുഷ്യനാണദ്ദേഹം ' . ഖസാക്കിൻ്റെ ഇതിഹാസം പതിപ്പുകളുടെ ഇതിഹാസമാകുന്നതങ്ങനെയാണ്. എന്നാൽ ഗുരുസാഗരമാണ് സംവാദമണ്ഡലത്തിൽ   വരേണ്ടത്      സൗന്ദര്യശാസ്ത്രത്തെ