"വായനക്കാരൻ എം ടി” വായിക്കുമ്പോൾ
സാഹിത്യ
നിരൂപണത്തിൽ വേറിട്ട വഴികളിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന എഴുത്തുകാരനാണ്
ഇ.പി.രാജഗോപാലൻ. സാംസ്കാരിക വിമർശനത്തിൻ്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുമ്പോഴും
വ്യത്യസ്തമായ നോട്ടങ്ങളിലൂടെ വായനയുടെ ഫലങ്ങൾ ആവിഷ്കരിക്കാനാണ് അദ്ദേഹത്തിൻ്റെ
ശ്രമം. സൈദ്ധാന്തികമായ പിടിവാശികളിലല്ല,
എഴുത്തിൻ്റെ സാമൂഹിക പ്രത്യാഘാതങ്ങളിലാണ് ശ്രദ്ധ. ചരിത്രം, സംസ്‌കാരം, നാടോടി വിജ്ഞാനീയം ഇങ്ങനെ പലമാതിരി
വ്യവഹാര രൂപങ്ങളിലൂടെയുള്ള വായനക്കാരൻ്റെ നോട്ടങ്ങളാണ് ഇ പി നിരൂപണങ്ങളിൽ പൊതുവെ
തെളിഞ്ഞു കാണുന്നത്.
ഇ.പിയുടെ
പുതിയ പുസ്തകം" വായനക്കാരൻ എം ടി " സവിശേഷമായ മറ്റൊരു നോട്ടമാണ്.ഈ
മട്ടിലൊരു ശ്രമം ഇന്ത്യൻ ഭാഷകളിൽ തന്നെ ആദ്യമായാണ്. ഒരെഴുത്തുകാരൻ്റെ വായനാ
ജീവിതത്തെയാണ് ഈ പുസ്തകത്തിൽ അപഗ്രഥിക്കാൻ ശ്രമിക്കുന്നത്. മലയാളത്തിലെ വലിയ
വായനക്കാരനെന്ന്പുകൾപെറ്റ എം.ടിയുടെ വായന ജീവിതമാണ് ഇവിടെ പ്രമേയം. വായനയെ ജീവശ്വാസം
പോലെ കൊണ്ടു നടക്കുന്ന മനുഷ്യർക്കെല്ലാം എം.ടിയുടെ വായനജീവിതം ഒരൽഭുതമാണ്.
ലോകത്തെവിടെ പുതിയ പുസ്തകങ്ങളിറങ്ങിയാലും അത് വായിക്കാനും അതിനെക്കുറിച്ച് ഉചിത
സന്ദർഭങ്ങളിൽ പരാമർശിക്കാനും എം.ടി. കാണിക്കുന്ന ഔൽസുക്യം പ്രസിദ്ധമാണ്.
എം.ടി.യുടെ വായനയുടെ വ്യത്യസ്തമാനങ്ങൾ അദ്ദേഹത്തിൻ്റെ രചനാ ജീവിതത്തെ ഏത്
മട്ടിലാണ് സ്വാധീനിച്ചിരിക്കുന്നതെന്നാണ് ഇ പി അന്വേഷിക്കുന്നത്. എഴുത്തുകാരനായ
വായനക്കാരൻ്റെ വായനകളെ മറ്റൊരു എഴുത്തുകാരൻ വായിക്കുന്നു. എഴുത്തുകാരനെ മറികടന്ന്
വായനക്കാരൻ കേന്ദ്രസ്ഥാനത്ത് എത്തുന്നു.
വായന
എന്നത് സങ്കീർണ്ണമായ ഒരേർപ്പാടാണ്,
അങ്ങിനെ നാം കരുതാറില്ലെങ്കിലും. വായനയെക്കുറിച്ചുള്ള മൗലികമായ ചില
നിരീക്ഷണങ്ങൾ ഈ പുസ്തകത്തിൽ നമുക്ക് വായിക്കാം. ഇന്ദ്രിയങ്ങളുടെ പ്രവർത്തനങ്ങൾ
കേവലം ജൈവികമായ ഒന്നല്ല. അത് സാംസ്കാരികവും കൂടിയാണ്. ഒരാൾ എന്താണ്
വായിക്കുന്നതെന്ന കാര്യം പൂർണ്ണമായും രഹസ്യമാണ്. രതി സമാനമായ രഹസ്യം തന്നെ അത്.
ഓരോ പുസ്തകത്തിൽ നിന്നും ഓരോ ആളും ഓരോന്നാണ് വായിക്കുന്നത്- വ്യത്യസ്തമായ
അർത്ഥങ്ങളിലൂടെയാണ് വായനക്കാരൻ സഞ്ചരിക്കുന്നത്. "വായന ഇമാജിനേറ്റീവായ
ഒരേർപ്പാടാണ്. പുസ്തകം വ്യക്തിപരമായ ഒന്നാണ്. ഒരർത്ഥത്തിൽ വായനക്കാരൻ ശരിക്കും
കൺസ്യൂമറല്ല, പ്രൊഡ്യൂസറാണെന്ന് "എം.ടി ,ഗ്രന്ഥകാരന് നല്കിയ അഭിമുഖത്തിൽ പറയുന്നുണ്ട് .' കിട്ടിയ
പുസ്തകത്തിൽ നിന്ന് തൻ്റേതായ ഒരു പുസ്തകം ഉണ്ടാക്കാനാണ് എഴുത്തുകാരനായ വായനക്കാരൻ
ശ്രമിക്കുന്നതെന്ന് ഈ പുസ്തകത്തിൻ്റെ പ്രഥമാധ്യായത്തിൽ സൂചിപ്പിക്കപ്പെടുന്നു. എം.ടി
എന്ന വിഖ്യാത വായനക്കാരൻ്റെ എഴുത്തു ജീവിതത്തെ ഇത്രമാത്രം സർഗ്ഗാത്മകമാക്കിയതിൽ
വായനക്കുള്ള പങ്ക് പ്രധാനമാണ് .
മൂന്ന്
ഭാഗങ്ങളായി പകുത്ത ഈ ചെറു പുസ്തകത്തിൽ എം.ടി.യുടെ വായന ജീവിതത്തെ സൂക്ഷ്മമായി
നിരീക്ഷിക്കുന്ന കുറിപ്പുകൾ ഒന്നാം ഭാഗത്തുo
എം.ടി.യുമായി നടത്തിയിട്ടുള്ള അഭിമുഖം രണ്ടാം ഭാഗത്തും എം.ടിയുടെ
ജീവിത രേഖ മൂന്നാം ഭാഗത്തുമായി വിന്യസിച്ചിരിക്കുന്നു. കഥാകൃത്ത്, നോവലിസ്റ്റ് 'ചലച്ചിത്രകാരൻ എന്നീ നിലകളിലെല്ലാം
പ്രസിദ്ധനായ എം ടി വിഖ്യാതനായ വായനക്കാരൻ കൂടിയാണെന്ന് മലയാളികൾ
മനസ്സിലാക്കിയിട്ടുണ്ട്. സർഗ്ഗാത്മക മേഖലകളിൽ വായന എം ടി യെ
സ്വാധീനിച്ചതെങ്ങനെയായിരിക്കുമെന്ന അന്വേഷണമാണ് ഇ.പി. പുസ്തകത്തിൽ
നിർവ്വഹിക്കുന്നത്. എം ടിയുടെ ധൈഷണിക വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ വായന വലിയ
പങ്കുവഹിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതൽ തുടങ്ങുന്ന വായനയുടെ ഫലമാണത്.
അക്കിത്തത്തിൻ്റെ വീട്ടിലേക്കുള്ള പുസ്തകാന്വേഷണ യാത്രകൾ ഇതിൽ
പ്രധാനം.ഗൃഹാന്തരീക്ഷം വായനയെ വളർത്താനുതകുന്ന തരത്തിലുള്ളതായിരുന്നു. പാശ്ചാത്യ
കൃതികളുമായുള്ള പരിചയം കോളേജു പoന കാലത്താണ് സംഭവിക്കുന്നത്.
ആരേയും അനുകരിക്കാൻ ശ്രമിക്കരുതെന്നും എഴുത്തിൽ സ്വയം ഒരു സ്റ്റാൻ്റേർഡ്
ഉണ്ടാക്കണമെന്നുമുള്ള വിചാരത്തിലേക്കെത്താൻ വായനയാണ് വഴികാട്ടിയാവുന്നത്. ഹെൻ്ററി
ജെയിംസ് മുതൽ വോൾ സോയിങ്ക വരെയുള്ള എഴുത്തുകാരെ വായിച്ചതിൻ്റെ രീതികളും ഫലങ്ങളും
വ്യക്തമാക്കാനാണ് ഇ പി ആദ്യഭാഗത്ത് പ്രാഥമികമായി ശ്രമിക്കുന്നത്.
എഴുത്തുകാരെയും
സാഹിത്യത്തെയും വിലയിരുത്താൻ അവരുടെ പ്രസിദ്ധി മാനദണ്ഡമാക്കരുത് എന്ന് എംടിക്ക്
നിർബന്ധമുണ്ട്. നോബൽ സമ്മാനിതനായ സോൾ ബെല്ലോയുടെ "ഹംബോൾട്ട് "എന്ന
നോവലും(1971) ബർണാഡ് മാലെമുഡ് എന്ന താരതമ്യേന അപ്രശസ്തനായ നോവലെഴുത്തുകാരൻ്റെ
"ദടെനൻസ് " എന്ന പുസ്തകവും താരതമ്യം ചെയ്തു കൊണ്ട് "എഴുത്തുകാരനായ
വായനക്കാരനെ "അസ്വസ്ഥനാക്കുന്നത് ടെനൻസിലെ കഥാപാത്രമാണെന്ന് എം.ടി.
എഴുതുന്നുണ്ട്. എം ടിയുടെ വായനയുടെ ഫലങ്ങളെ ഇ.പി. ഇങ്ങനെ നിരീക്ഷിക്കുന്നു:
"വായനയിൽ നിന്ന് തനിക്ക് കിട്ടിയ പ്രതീതിയോടാണ് എംടിക്ക്
സത്യസന്ധത.രാഷ്ട്രാന്തരീയ പ്രശസ്തി എന്ന സ്ഥാപനവൽകൃത ആശയത്തോടല്ല. വായനക്കാരൻ്റെ
വ്യക്തിത്വം എന്ന പുതിയ തത്വത്തിൻ്റെ വിളംബരമാണിത്. "
എം.ടി.ഒരെഴുത്തുകാരനെക്കുറിച്ച്
മാത്രമേ പുസ്തകമെഴുതിയിട്ടുള്ളൂ. "ഹെമിങ്വേ ഒരു മുഖവുര " എന്ന പുസ്തകം
വളരെ ചെറുതാണെങ്കിലും എഴുത്തുകാരൻ്റെ വിപുലവും സൂക്ഷ്മവുമായ വായനയ്ക്കും
ജീവിതത്തിനും വൈകാരിക ഭാവം കൂടി നിലനിർത്തുന്ന വിലയിരുത്തൽ ശേഷിക്കും തെളിവു
തരുന്ന ഒന്നാണ് എന്ന് ഇ പി നിരീക്ഷിക്കുന്നുണ്ട്. സ്വന്തം താല്പര്യങ്ങളുടെയും
സാധ്യതകളുടെയും സ്വതന്ത്രാവിഷ്കാരമായി ജീവിതത്തെ സമീപിച്ച എഴുത്തുകാരനെന്ന നിലയിൽ
ഹെമിങ് വേയെ എം ടി കാണുന്നു '.മലയാളത്തിൽ ഏറെ ജനപ്രീതി നേടിയ "രമണ നെ" മുൻനിർത്തി
ചങ്ങമ്പുഴക്കവിതയെ സമീപിക്കുന്ന എം ടി ലേഖനമാണല്ലോ "രമണീയം ഒരു കാലം."
വായനക്കാരനാണ് ആ കാവ്യത്തെ നിലനിർത്തിയതെന്ന് എം.ടി. എഴുതുന്നുണ്ട്.
രമണതരംഗത്തിൻ്റെ ആ കാലത്തിൻ്റെ സംഭാവനയെന്നോണം മലയാളി ജീവിതത്തിൽ രൂപപ്പെട്ട ഒരു സമുദായത്തെക്കുറിച്ച്
ഇ പി സൂചിപ്പിക്കുന്നുണ്ട്: "പല കാലങ്ങളിലായി ചങ്ങമ്പുഴയുടെ വായനക്കാർ എന്ന
ഒരു സമുദായം രൂപപ്പെട്ടിട്ടുണ്ട്. അതൊരു മതേതര സർഗ്ഗാത്മക സമൂഹമാണ് "
എം.ടി.യുടെ ചങ്ങമ്പുഴ വായനയെ മുൻനിർത്തി മലയാള വായനാ ജീവിതത്തെ നിർണ്ണായകമായി
സ്വാധീനിച്ച ഒരു കാലത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുകയാണിവിടെ.
അനേകം
പുസ്തകങ്ങളുടെ പാരായണം സാധ്യമാക്കിയ കൃതിയാണല്ലോ രണ്ടാമൂഴം. അതൊരു ഗ്രന്ഥ
പ്പുരയാണെങ്കിലും രണ്ടാമൂഴം വായിക്കുന്നവർക്ക് അങ്ങനെ തോന്നണമെന്നില്ലെന്ന് ഇ.പി.
പറയുന്നുണ്ട്. "അറിവിനെ കലയാക്കി മാറ്റുന്ന പ്രക്രിയയ്ക്ക് മലയാളത്തിൽ
നിന്നുള്ള ആകർഷകമായ തെളിവാണ് രണ്ടാമൂഴം " എന്നാണ് ഇ.പി.യുടെ വായന.
"വായനയും കാഴ്ചയും " എന്ന അധ്യായം എം ടി സിനിമകളിൽ പുസ്തകവായന
പ്രവർത്തിച്ചതെങ്ങനെ എന്ന അന്വേഷണമാണ്'. അഞ്ച് നിലയിലാണ് ഇത്
തെളിയുന്നതെന്ന് ഇ പി നിരീക്ഷിക്കുന്നു '. പുസ്തകങ്ങൾ
അർത്ഥദ്യോതകമായ ദ്യശ്യ സാമഗ്രികളായി നിർദ്ദേശിക്കുന്നതാണ് ഒന്നാമത്തേത്.
വായനയെക്കുറിച്ചുള്ള ചർച്ചകളിൽ ഏർപ്പെടുന്ന കഥാപാത്രങ്ങളെ സങ്കല്പിക്കലാണ്
രണ്ടാമത്തേത്.വായിച്ച ചരിത്രഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ തിരക്കഥ രചിക്കൽ, വായിച്ച സർഗാത്മക സാഹിത്യകൃതികളെ ആധാരമാക്കി തിരക്കഥ രചിക്കൽ, ചലച്ചിത്രത്തെക്കുറിച്ചെഴുതിയ ലേഖനങ്ങളിലെ വായനാനുഭവങ്ങളുടെ ആവിഷ്കാരം ഇവ
മൂന്നു oനാലും അഞ്ചും ആയി പരിഗണിക്കാം. ഇവയോരോന്നും ഉദാഹരണ
സഹിതം ഇ.പി വിശകലനം
ചെയ്യുന്നുണ്ട്.-(എംടിയുടെ ഇതര കൃതികളുടെ വായന കൂടി ഈ മട്ടിൽ സാധിക്കണമെന്ന്
വായനക്കാർ ആഗ്രഹിക്കുമെന്ന് തീർച്ചയാണ്. മഞ്ഞ്', അസുരവിത്ത്',
കാലം, എന്നീ നോവലുകളെക്കുറിച്ചുള്ള
നിരീക്ഷണങ്ങൾ കൂടി ഈ രീതി ശാസ്ത്രത്തിൻ്റെ വെളിച്ചത്തിൽ സാധ്യമാകേണ്ടതുണ്ട്.)
ഒരെഴുത്തുകാരൻ
എന്ന നിലയിൽ മാത്രമല്ല മലയാളി സമൂഹം എം ടി യെ അറിയുന്നത്.പ്രഭാഷകൻ, സംഘാടകൻ,
പത്രാധിപർ എന്നീ നിലകളിലെല്ലാം അദ്ദേഹം ശോഭിച്ചിട്ടുണ്ട്. ഈ
പ്രവർത്തന മണ്ഡലങ്ങളിലെല്ലാം വായനയെങ്ങനെയാണ് എം ടി യെ
സ്വാധീനിച്ചിരിക്കുന്നതെന്ന് ഇ പി 'രാജഗോപാലൻ സൂക്ഷ്മമായി
അവലോകനം ചെയ്യാൻ ശ്രമിക്കുന്നുണ്ട് ''പ്രസംഗത്തിലെ
പുസ്തകങ്ങൾ' പ്രശ്നങ്ങൾ നിലപാടുകൾ ,പുസ്തക
തത്വത്തിൻ്റെ സ്ഥാപനം എന്നീ അധ്യായങ്ങളിൽ നമുക്കിത് വായിക്കാം.
1992 ന് ശേഷമുള്ള തുഞ്ചൻ പറമ്പിനെ പഠിച്ചാൽ അതിൻ്റെ നേതൃപദവിയിലുണ്ടായിരുന്ന
എം.ടി.യുടെ വായന ജീവിതം ആ സ്ഥാപനത്തെ എങ്ങനെയാണ് മാറ്റിമറിക്കാൻ
പ്രയോജനപ്പെട്ടതെന്ന് ബോധ്യമാകും. "എഴുത്തച്ഛൻ ഒരു ആൾരൂപമല്ലെന്നും ഒരു
ഗ്രന്ഥാലയം തന്നെയാണെന്നും എം ടി മനസ്സിലാക്കിയതായി ഇ പി നിരീക്ഷിക്കുന്നു'.
ഭാഷ' ,സംസ്കാരം' അധിനിവേശമടക്കമുള്ള
ദേശചരിത്രം, വിവർത്തനം, വിദ്യാഭ്യാസം,
പ്രതികരണം, ഏകാന്തത', പലായനം
തുടങ്ങിയവയുടെ വ്യവഹാര രൂപം തന്നെയാണ് എഴുത്തച്ഛൻ ." ഇന്ത്യൻ സാഹിത്യത്തിൻ്റെ
ശ്രദ്ധാകേന്ദ്രമായി തുഞ്ചൻ പറമ്പ് പരിണമിച്ചതിന് എഴുത്തുകാരനായ വായനക്കാരൻ്റെ
സംഘാടന മികവ് തന്നെ കാരണം.പ്രഭാഷകനായ എം ടി ഏതെങ്കിലും പുസ്തകങ്ങളെക്കുറിച്ച്
പരാമർശിക്കാതെ ഒരു പ്രസംഗവും അവസാനിപ്പിക്കാറില്ല. തൊണ്ണൂറുകൾക്ക് ശേഷമുള്ള
ലോകാവസ്ഥയെ ആശങ്കയോടെ സമീപിക്കുന്ന പുസ്തകങ്ങൾ പ്രസംഗ മധ്യേ കടന്നു വരുന്നു'
അധിനിവേശ വിരുദ്ധത ഒരു പ്രമേയമായി അവയിൽ നിറയുന്നതായി ഇ പി
എഴുതുന്നുണ്ട്. " പുസ്തക സ്നേഹത്തിൻ്റെ സാംസ്കാരികവും സൗന്ദര്യാത്മകവുമായ
ആവിഷ്കാരങ്ങളുടെ ജൈവ സാന്നിധ്യമാണ് എം ടിയുടെ പ്രസംഗങ്ങൾ " എന്ന് അദ്ദേഹം
ഉപസംഹരിക്കുന്നു.
എഴുത്തുകാരനും
വായനക്കാരനും തമ്മിൽ ജൻമി - കുടിയാൻ ബന്ധം പോലൊരു ബന്ധമാണ് കാലങ്ങളായി നമ്മുടെ
സാംസ്കാരിക ജീവിതത്തിൽ നിലനിൽക്കുന്നത്. എഴുത്തുകാരന് മേൽ വായനക്കാരനെ
പ്രതിഷ്ഠിച്ചു കൊണ്ട് ജനാധിപത്യത്തിൻ്റെ പുതിയ തുറവികളിലേക്ക്
സാഹിത്യത്തെപ്രത്യാനയിക്കുകയാണ് "വായനക്കാരൻ എം ടി "എന്ന പുസ്തകം. നമ്മുടെ
വായനാ പരിസരത്തൊന്നും ഈ മട്ടിലൊരു ഗ്രന്ഥം ഇതേവരെ പ്രസിദ്ധീകരിച്ചു വന്നതായി
അറിവില്ല. വായനയെ സർഗ്ഗാത്മകതയോളം പോന്ന പ്രവർത്തനമായി പരിഗണിച്ചുകൊണ്ടുള്ള
വിചിന്തനങ്ങളാണ് ഈ പുസ്തകത്തിൻ്റെ മൗലീകതയെ ഊട്ടിയുറപ്പിക്കുന്നത്. ഇ പി.യുടെ
നോട്ടത്തിൻ്റെ മൗലികതക്ക് മികച്ച ദൃഷ്ടാന്തം കൂടിയാണ് ഈ ഗ്രന്ഥം.
Comments
Post a Comment